1 വര്‍ഷത്തേക്ക് ഭവന വില സുസ്ഥിരമാകുമെന്ന് ഉപഭോക്താക്കള്‍
1 min readന്യൂഡെല്‍ഹി: കോവിഡ് 19ന്‍റെ ഫലമായി റിയല്‍ എസ്റ്റേറ്റ് വിലകള്‍ കുറഞ്ഞതിനാല്‍, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി വിലയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് രാജ്യത്തെ ഭൂരിഭാഗം ഭവന ഉപഭോക്താക്കളും കരുതുന്നില്ലെന്ന് അനറോക്കും സിഐഐയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട്.
ഘടനാപരമായ പരിഷ്കാരങ്ങളുടെയും നയപരമായ മാറ്റങ്ങളുടെയും ഫലമായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി രാജ്യത്തെ ഏഴ് മുന്‍നിര നഗരങ്ങളിലെ പ്രോപ്പര്‍ട്ടി വിലകള്‍ വലിയ ചാഞ്ചാട്ടം പ്രകടമാക്കിയിരുന്നില്ല. എന്നാല്‍, 2020 ല്‍ ശരാശരി പ്രോപ്പര്‍ട്ടി വിലകള്‍ വര്‍ദ്ധിക്കുമെന്നാണ് കൊറോണ വ്യാപിക്കുന്നതിനു മുമ്പ് വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.
ഒരു വര്‍ഷത്തേക്ക് വില സ്ഥിരമായി തുടരുമെന്ന് സര്‍വെയില്‍ പങ്കെടുത്ത 67 ശതമാനം പേര്‍ കരുതുന്നു. 18 ശതമാനം പേര്‍ മാത്രമാണ് ഒരു വര്‍ഷത്തിനുള്ളില്‍ വില വര്‍ധന പ്രതീക്ഷിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ വില വര്‍ദ്ധിക്കുമെന്നാണ് 83 ശതമാനം പേര്‍ കരുതുന്നത്.
‘സിഐഐ-അനറോക്ക് കോവിഡ് -19 സെന്‍റിമെന്‍റ് സര്‍വേ’യില്‍ പങ്കെടുത്ത 62 ശതമാനം ആളുകളും ഉടന്‍ തന്നെ വീടുകള്‍ വാങ്ങുന്നത് ഉചിതമാണെന്ന് കരുതുന്നു, കൂടാതെ 24 ശതമാനം പേര്‍ ഇതിനകം തന്നെ പ്രോപ്പര്‍ട്ടി ബുക്ക് ചെയ്തിട്ടുണ്ട്. 38 ശതമാനം പേര്‍ പുതുതായി ആരംഭിച്ച പ്രോജക്ടുകള്‍ തെരഞ്ഞെടുത്തു.