ഫാസ്ടാഗിലൂടെയുള്ള ടോള്‍ കളക്ഷന്‍ 90%, മാര്‍ച്ച് വരെ ‘ഫ്രീ ഫാസ്റ്റാഗ്’ കാംപെയ്ന്‍
1 min readമാര്‍ച്ച് പകുതിയോടു കൂടി ടോള്‍ കളക്ഷന്‍ ഏറക്കുറേ പൂര്‍ണമായും ഫാസ്ടാഗിലൂടെ ആക്കാമെന്നാണ് ഹൈവേ അതോറിറ്റി കണക്കാക്കുന്നത്
ന്യൂഡെല്‍ഹി: രാജ്യത്തുടനീളമുള്ള ദേശീയപാതകളില്‍ ഫാസ്റ്റ് ടാഗുകളിലൂടെയുള്ള ടോള്‍ പിരിവ് 90 ശതമാനത്തോട് അടുക്കുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തിങ്കളാഴ്ച മുതലാണ് ദേശീയപാതകളിലെ ടോള്‍ പ്ലാസകളിലെല്ലാം ഫാസ്റ്റ് ടാഗ് നിര്‍ബന്ധികമാക്കിയത്. 100 ശതമാനം നോട്ട്രഹിതമായ ടോള്‍പ്ലാസകള്‍ സൃഷ്ടിക്കുന്നതിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഹൈവേ അതോറിറ്റി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ട് ദിവസങ്ങളില്‍ രണ്ടര ലക്ഷത്തിലധികം ടാഗുകളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 17 ന് 60 ലക്ഷത്തോളം ഇടപാടുകളിലൂടെ, ഫാസ്റ്റ് ടാഗിലൂടെയുള്ള പ്രതിദിന ടോള്‍ പിരിവ് എക്കാലത്തെയും ഉയര്‍ന്ന തലമായ 95 കോടിയിലെത്തി. ടോള്‍ പ്ലാസകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളില്‍ 90 ശതമാനത്തിലും ഫാസ്ടാഗ് എത്തിയിട്ടുണ്ട്. വെറും രണ്ട് ദിവസത്തിനുള്ളില്‍ 7 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നും അതോറിറ്റിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.
ഹൈവേ ഉപയോക്താക്കളെ ഫാസ്ടാഗ് സ്വീകരിക്കുന്നതില്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി, ഹൈവേ അതോറിറ്റി മാര്‍ച്ച് 1 വരെ ഒരു ‘ഫ്രീ ഫാസ്റ്റാഗ്’ കാംപെയ്നും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 770 ടോള്‍ പ്ലാസകളില്‍ ടാഗിന്‍റെ നിരക്കായ 100 രൂപ ഈടാക്കില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ആഴ്ച മുതല്‍ 100% ഇലക്ട്രോണിക് ടോള്‍ ശേഖരണത്തിലേക്കുള്ള പരിവര്‍ത്തനം പ്രഖ്യാപിച്ചതിന്‍റെ ഫലമായി സാധുവായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ നിരക്കിന്‍റെ ഇരട്ടി നിരക്ക് ഈടാക്കുകയാണ്.
വാഹനത്തിന്‍റെ വിന്‍ഡ്സ്ക്രീനുകളില്‍ ഘടിപ്പിക്കാവുന്ന, ആര്‍എഫ്ഐഡി അധിഷ്ഠിത ഫാസ്ടാഗുകള്‍
2014-ലാണ് അവതരിപ്പിക്കപ്പെട്ടത്. ഇടപാടുകള്‍ക്കായി വാഹനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെടാതെ തന്നെ ഒരു ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ ഇതിലൂടെ സാധിക്കും. എന്നിരുന്നാലും, 2019 ജൂലൈയിലാണ് രാജ്യത്തെ ദേശീയപാതകളിലുടനീളമുള്ള എല്ലാ ടോള്‍ പാതകളിലും ഇലക്ട്രോണിക് ടോള്‍ കളക്ഷന് (ഇടിസി) പശ്ചാത്തലം ഒരുക്കണമെന്ന് ഗതാഗത മന്ത്രാലയം നിഷ്കര്‍ഷിച്ചത്.
മാര്‍ച്ച് പകുതിയോടു കൂടി ടോള്‍ കളക്ഷന്‍ ഏറക്കുറേ പൂര്‍ണമായും ഫാസ്ടാഗിലൂടെ ആക്കാമെന്നാണ് ഹൈവേ അതോറിറ്റി കണക്കാക്കുന്നത്.