മന്ത്രിക്കുനേരെ ബോംബാക്രമണം; ഗൂഢാലോചനയെന്ന് മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നടന്ന ബോംബ് ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ആക്രമണത്തില്‍ തൊഴില്‍ മന്ത്രി ജാക്കിര്‍ ഹുസൈന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ പേരുകള്‍ പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ ആരോപണം. തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ചിലര്‍ ഹുസൈനെ ചിലര്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി ദീദി പറഞ്ഞു.ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് (സിഐഡി) കൈമാറി.
കൊല്‍ക്കത്തയിലേക്ക് ട്രെയിന്‍ കയറാന്‍ ബുധനാഴ്ച രാത്രി മുര്‍ഷിദാബാദിലെ നിംതിറ്റ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ ഹുസൈനുനേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നു. അദ്ദേഹത്തെ വധിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് അവിടെ നടന്നതെന്ന് ദീദി പറഞ്ഞു. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ആശുപത്രിയില്‍ പരിക്കേറ്റ മന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഹുസൈനെ വ്യാഴാഴ്ച രാവിലെ എസ്എസ്കെഎം ആശുപത്രിയിലേക്ക് മാറ്റി ട്രോമാ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ വിദഗ്ധസംഘം രൂപീകരിച്ചു. ഹുസൈന് ഒരു കൈയ്ക്കും കാലിനും പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്‍റെ നില ഗുരുതരമല്ലെന്നാണ് പറയുന്നത്. രാത്രി പത്ത് മണിയോടെയായിരുന്നു ആക്രമണം നടന്നത്. അപ്പോള്‍ കൊല്‍ക്കത്തയിലേക്കുള്ള ട്രെയിന്‍ പിടിക്കാന്‍ മന്ത്രി സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമില്‍ കാത്തിരിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു.