Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌കോഡ കുശാക്ക് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു  

മാര്‍ച്ച് 18 ന് ആഗോള അരങ്ങേറ്റം നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്

പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി വികസിപ്പിച്ച സ്‌കോഡ കുശാക്ക് മാര്‍ച്ച് 18 ന് ആഗോളതലത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. ഉല്‍പ്പാദനത്തിന് തയ്യാറായ (പ്രൊഡക്ഷന്‍ റെഡി) മോഡലാണ് അനാവരണം ചെയ്യുന്നത്. തൊട്ടടുത്ത ദിവസം എസ്‌യുവിയുടെ ഡിസൈന്‍ വ്യക്തമാക്കുന്ന രേഖാചിത്രങ്ങള്‍ സ്‌കോഡ ഓട്ടോ ഇന്ത്യ പുറത്തുവിട്ടു.

2020 ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌കോഡ വിഷന്‍ ഐഎന്‍ കണ്‍സെപ്റ്റാണ് സ്‌കോഡ കുശാക്ക് കോംപാക്റ്റ് എസ്‌യുവിയായി വിപണിയിലെത്തുന്നത്. അന്നത്തെ വാഹന ആശയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ നിര്‍മിക്കുന്നത്. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമാണ് സ്‌കോഡ കുശാക്ക്.

രണ്ട് കരടുചിത്രങ്ങളാണ് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുതിയ എസ്‌യുവിയുടെ മുന്‍വശം വ്യക്തമാക്കുന്നതാണ് ആദ്യ രേഖാരൂപം. മുന്‍വശത്ത് വളരെയധികം ഷാര്‍പ്പ് ലുക്ക് ലഭിച്ചു. വീതിയേറിയ ഗ്രില്ലിലേക്ക് നീളുന്നതാണ് രണ്ട് ഭാഗങ്ങളായി ഡിസൈന്‍ ചെയ്ത ഹെഡ്‌ലൈറ്റുകള്‍. ഇതോടെ സവിശേഷ ലുക്ക് കാണാന്‍ കഴിയും. മുന്നിലെ ബംപറിന് താഴെ സുരക്ഷാ കവചമൊരുക്കി. ബോണറ്റില്‍ ചില മസ്‌കുലര്‍ വരകള്‍ കാണാം. ഇതോടെ എസ്‌യുവി കൂടുതല്‍ അഗ്രസീവായി. സ്‌കോഡയുടെ കറോക്ക്, കോഡിയാക്ക് എന്നീ മറ്റ് എസ്‌യുവികളുടെ വശങ്ങള്‍ക്ക് സമാനമാണ് കുശാക്കിന്റെ പ്രൊഫൈല്‍.

എസ്‌യുവിയുടെ പിന്‍ഭാഗം സംബന്ധിച്ച വിവരങ്ങള്‍ തരുന്നതാണ് രണ്ടാമത്തെ രേഖാചിത്രം. നീളമേറിയ റൂഫ് സ്‌പോയ്‌ലര്‍ കാണാം. പിറകിലെ ബംപറില്‍ റഗഡ് ഡിഫ്യൂസര്‍ ലഭിച്ചു. ക്രിസ്റ്റലിന്‍ ടെയ്ല്‍ ലൈറ്റുകള്‍ നല്‍കി. ടെയ്ല്‍ ഗേറ്റില്‍ സ്‌കോഡ എന്ന് എഴുതിയിരിക്കുന്നു.

പ്രധാനമായും ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ട് വികസിപ്പിച്ച എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ കുശാക്ക് നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ സ്‌കോഡ ഉല്‍പ്പന്നമാണ് കുശാക്ക്. വരാനിരിക്കുന്ന ഫോക്സ്വാഗണ്‍ ടൈഗുന്‍ ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. സ്‌കോഡ കുശാക്ക് എസ്‌യുവി നിര്‍മിക്കുന്നതിനുവേണ്ട 95 ശതമാനം വരെ ഉള്ളടക്കം ഇന്ത്യയില്‍നിന്നുതന്നെ കണ്ടെത്തും. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ എതിരാളികളേക്കാള്‍ മല്‍സരാധിഷ്ഠിതമായി വില നിശ്ചയിക്കാന്‍ കഴിയും. സ്‌കോഡ കുശാക്ക് ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ കാബിനില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ഇഎസ്‌സി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടിപിഎംഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളായിരിക്കും. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റര്‍ ടിഎസ്ഐ എന്നീ രണ്ട് ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Maintained By : Studio3