ട്വിറ്റര്‍ ഇന്ത്യയില്‍ വോയ്‌സ് ഡിഎം പരീക്ഷിച്ചുതുടങ്ങി
1 min readവോയ്‌സ് ട്വീറ്റുകള്‍ പോലെ പരമാവധി 140 സെക്കന്‍ഡ് നീളമുള്ളതായിരിക്കണം വോയ്‌സ് ഡിഎം
ന്യൂഡെല്‍ഹി: ഡയറക്റ്റ് മെസേജുകള്‍ (ഡിഎം) അയയ്ക്കുന്നതിന് ട്വിറ്റര്‍ പുതിയ വോയ്‌സ് മെസേജിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. ഇന്ത്യ, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ വോയ്‌സ് ഡിഎം എന്ന പുതിയ ഫീച്ചര്‍ കഴിഞ്ഞ ദിവസം പരീക്ഷണാര്‍ത്ഥമാണ് പുറത്തിറക്കിയത്. ഘട്ടം ഘട്ടമായി പുതിയ ഫീച്ചര്‍ ലഭിക്കും.
ഡയറക്റ്റ് മെസേജുകളായി വോയ്‌സ് നോട്ടുകള്‍ അയയ്ക്കുന്നതിനും വോയ്‌സ് ട്വീറ്റുകള്‍ ഡയറക്റ്റ് മെസേജുകളായി അയയ്ക്കുന്നതിനും കഴിഞ്ഞ വര്‍ഷം മുതല്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വോയ്‌സ് ട്വീറ്റുകള്‍ ആദ്യമായി അവതരിപ്പിച്ചത്. കൂടെ ടെക്സ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വോയ്‌സ് നോട്ടുകള്‍ ട്വീറ്റുകളായി അയയ്ക്കാനുള്ള സൗകര്യമാണ് അന്ന് ലഭ്യമാക്കിയത്. വോയ്‌സ് ട്വീറ്റുകള്‍ പോലെ പരമാവധി 140 സെക്കന്‍ഡ് നീളമുള്ളതായിരിക്കണം പുതിയ ഫീച്ചറായ വോയ്‌സ് ഡിഎം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം ലഭിക്കും.
നിങ്ങളുടെ ഡിഎമ്മിലെ നിലവിലെ സംഭാഷണങ്ങളില്‍നിന്നോ പുതിയതായോ ഒരു വോയ്‌സ് ഡിഎം അയയ്ക്കാന്‍ കഴിയും. ‘വോയ്‌സ് റെക്കോര്‍ഡിംഗ്’ ഐക്കണ്‍ ടാപ്പ് ചെയ്ത് ഓരോരുത്തര്‍ക്കും മെസേജ് റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിക്കാം. റെക്കോര്‍ഡിംഗ് അവസാനിപ്പിക്കുന്നതിന് വീണ്ടും ടാപ്പ് ചെയ്താല്‍ മതി. അയയ്ക്കുന്നതിന് മുമ്പ് സ്വന്തം മെസേജ് കേള്‍ക്കാനും കഴിയും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വോയ്‌സ് റെക്കോര്‍ഡിംഗ് ഐക്കണില്‍ ‘പ്രസ് ആന്‍ഡ് ഹോള്‍ഡ്’ ഓപ്ഷന്‍ ഉണ്ടായിരിക്കും. അയയ്ക്കുന്നതിന് ‘സൈ്വപ്പ് അപ്പ് ആന്‍ഡ് റിലീസ്’ ഐക്കണ്‍ കാണും.
വോയ്‌സ് ഡിഎം അയയ്ക്കുന്നതിന് തല്‍ക്കാലം ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് അവസരമുള്ളത്. വെബ് ബ്രൗസറില്‍ ഇങ്ങനെ ലഭിക്കുന്ന മെസേജുകള്‍ കേള്‍ക്കാന്‍ മാത്രം കഴിയും. സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് കൂടുതല്‍ വഴികളാണ് പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക്് നല്‍കുന്നതെന്ന് ട്വിറ്റര്‍ പ്രസ്താവിച്ചു. ട്വിറ്ററിന് ഇന്ത്യ മുന്‍ഗണനാ വിപണിയാണെന്നും അതുകൊണ്ടാണ് നിരന്തരം പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നതെന്നും ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മനീഷ് മഹേശ്വരി പറഞ്ഞു.