റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ടാറ്റ അള്‍ട്രോസ്
1 min read24 മണിക്കൂറിനുള്ളില്‍ 1,603 കിമീ താണ്ടിയാണ് 24 മണിക്കൂറില്‍ ഏറ്റവുമധികം ദൂരം പിന്നിടുകയെന്ന പുതിയ ഇന്ത്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്
മുംബൈ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അള്‍ട്രോസ് ഹാച്ച്ബാക്ക് ഇടം നേടിയതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 1,603 കിലോമീറ്റര്‍ താണ്ടിയാണ് 24 മണിക്കൂറില്‍ ഏറ്റവുമധികം ദൂരം പിന്നിടുകയെന്ന പുതിയ ഇന്ത്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. പുണെയിലെ വാഹന പ്രേമിയായ ദേവജീത് സാഹയാണ് സവാരി ഗിരിഗിരി പോയത്. 2020 ഡിസംബര്‍ 15,16 തീയതികളില്‍ സത്താറയില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്ന് പുണെയിലേക്കുമാണ് 24 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്തത്.
മികച്ച പെര്‍ഫോമന്‍സ്, ഈ വിഭാഗം കാറുകളിലെ ഒന്നാന്തരം സുഖസൗകര്യം, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളില്‍, എന്നിവയ്ക്കുള്ള തെളിവാണ് ഈ നേട്ടമെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു. തന്റെ യാത്ര ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചതില്‍ സന്തോഷമുണ്ടെന്ന് ദേവ്ജീത് സാഹ പറഞ്ഞു. ടാറ്റ അള്‍ട്രോസ് എന്ന വാഹനമില്ലാതെയും ടാറ്റ മോട്ടോഴ്‌സ് ടീമിന്റെ സഹായമില്ലാതെയും ഈ നേട്ടം കൈവരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ടാറ്റ അള്‍ട്രോസ് ഈയിടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടനുബന്ധിച്ച് കഴിഞ്ഞ മാസം അള്‍ട്രോസ് ഐടര്‍ബോ വിപണിയിലെത്തിച്ചു. ടാറ്റ നെക്സോണ്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് അള്‍ട്രോസ് ഐടര്‍ബോ വകഭേദത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 110 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 11.9 സെക്കന്‍ഡ് മതി. 18.13 കിലോമീറ്ററാണ് ഇന്ധനക്ഷമത. തല്‍ക്കാലം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഓപ്ഷന്‍.