ബിറ്റ്കോയിന്‍ ഉടന്‍ 1 ലക്ഷം ഡോളറില്‍ എത്തും
1 min readസര്‍ക്കാരിന്‍റെ വെര്‍ച്വല്‍ കറന്‍സികളൊഴികെ ഇന്ത്യയില്‍ മറ്റെല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളും നിരോധിക്കാന്‍ മന്ത്രിതല സമിതി നിര്‍ദ്ദേശിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു
ന്യൂഡെല്‍ഹി: ബിറ്റ്കോയിന്‍ വളര്‍ച്ചയുടെ പാതയില്‍ കുതിക്കുകയാണ്. ക്രിപ്രോകറന്‍സി ആദ്യമായി 51,500 ഡോളര്‍ മൂല്യത്തിലേക്കെത്തി. ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ നിക്ഷേപകരുടെ താല്‍പ്പര്യവും പങ്കാളിത്തവും കാരണം ബിറ്റ്കോയിന്‍ ചൊവ്വാഴ്ച ആദ്യമായി 50,000 ഡോളര്‍ മൂല്യം മറികടന്നിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനിടെ ആണ് അത് പുതിയ മൂല്യങ്ങള്‍ കൈയടക്കിയത്.
‘വിശ്വസനീയവും പ്രമുഖവുമായ ടെസ്ല, മാസ്റ്റര്‍കാര്‍ഡ്, പേപാല്‍, മൈക്രോസ്ട്രാറ്റജി എന്നിവ അവരുടെ ആവാസവ്യവസ്ഥയിലേക്ക് സ്വീകരിക്കുന്നതിലൂടെ, ബിറ്റ്കോയിന്‍റെ ആവശ്യകത തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാണ് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്, അങ്ങനെ മൂല്യനിര്‍ണയം ഉയര്‍ത്തുന്നു. കൂടാതെ, ഗൂഗിള്‍ പേ, സാംസങ് പേ തുടങ്ങിയ കമ്പനികളും ഇപ്പോള്‍ ബിറ്റ്പേ വഴി ക്രിപ്റ്റോകറന്‍സിയിലേക്ക് കടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു, “ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ഡിസിഎക്സിന്‍റെ സിഇഒയും സഹസ്ഥാപകനുമായ സുമിത് ഗുപ്ത പറയുന്നു.
2020ല്‍ ബിറ്റ്കോയിന്‍ 313% വളര്‍ച്ച നേടി. ബിറ്റ്കോയിന് ഒപ്പമുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഈ വളര്‍ച്ചാ പ്രവണത തുടരുമെന്ന് ക്രിപ്റ്റോ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍, റീട്ടെയില്‍ നിക്ഷേപകരുടെ ഉയര്‍ന്ന പങ്കാളിത്തത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഹ്രസ്വകാല ചാഞ്ചാട്ടം പ്രകടമാകാം എങ്കിലും ബിറ്റ്കോയിന്‍റെ മൂല്യം ഇതിലും ഉയര്‍ന്നതും, നിലവിലെ വില നിലവാരത്തിന്‍റെ ഇരട്ടിയും ആകുന്നതിലേക്കാണ് മുന്നേറുന്നതെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
‘ഇത് കേവലം ഊഹക്കച്ചവടമല്ല. ഇത് ഒരു സുപ്രധാന സാങ്കേതികവിദ്യയില്‍ സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാരുകള്‍ പോലും നടത്തുന്ന സ്മാര്‍ട്ട് വാല്യൂ നിക്ഷേപമാണ്. കൂടുതല്‍ വിശ്വസനീയവും സുതാര്യവുമായ എക്കൗണ്ടിംഗിന്‍റെ പിന്തുണയുള്ള പണപ്പെരുപ്പ പരിചയാണ് ബിറ്റ്കോയിന്‍. സമീപഭാവിയില്‍, നമ്മള്‍ 1 ലക്ഷം വരെയുള്ള പുതിയ മൂല്യങ്ങള്‍ കാണും. ബിറ്റ്കോയിന്‍ ഒരു കുമിളയല്ല. ഇത് ഇപ്പോള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്, ‘ സെബ്പേയിലെ സിഎംഒ വിക്രം രംഗല പറയുന്നു.
ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സിയുടെ ഭാവി ആശയക്കുഴപ്പത്തിലാണ്. സര്‍ക്കാരിന്‍റെ വെര്‍ച്വല്‍ കറന്‍സികളൊഴികെ ഇന്ത്യയില്‍ മറ്റെല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളും നിരോധിക്കാന്‍ മന്ത്രിതല സമിതി നിര്‍ദ്ദേശിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിജിറ്റല്‍ ആസ്തികളുടെ കുതിച്ചുയരുന്ന വിപണിയില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ നിക്ഷേപകരുടെ അവസരം നഷ്ടമാകരുതെന്ന് വ്യവസായ വിദഗ്ധര്‍ കരുതുന്നു.
‘ഡിജിറ്റല്‍ ആസ്തികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ലോകം തയ്യാറാണ് എന്നതിന് ബിറ്റ്കോയിന് ചുറ്റുമുള്ള സമീപകാല സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ ഈ ട്രില്യണ്‍ ഡോളര്‍ അവസരം പ്രയോജനപ്പെടുത്തുകയും ഡിജിറ്റല്‍ ആസ്തികള്‍ വാഗ്ദാനം ചെയ്യുന്ന ഗണ്യമായ വളര്‍ച്ചയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ അതിന്‍റെ പൗരന്മാരെ അനുവദിക്കുകയും വേണം. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ അവരുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നതിലേക്ക് നീങ്ങുന്നത് പോസിറ്റീവും സുതാര്യവുമായ ഡിജിറ്റല്‍ അസറ്റ് ഇക്കോസിസ്റ്റം സൃഷ്ടിക്കും, ‘ബയ് യു കോയിന്‍ സിഇഒ ശിവം തക്രാല്‍ പറയുന്നു.