മെഴ്‌സേഡസ് ബെന്‍സ് നിര്‍മിച്ചത് അഞ്ച് കോടി വാഹനങ്ങള്‍
മെഴ്‌സേഡസ് ബെന്‍സ്, സ്മാര്‍ട്ട് എന്നീ ബ്രാന്‍ഡുകളിലാണ് ഇത്രയും വാഹനങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചത്
സ്റ്റുട്ട്ഗാര്‍ട്ട്: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് ആഗോളതലത്തില്‍ ഇതുവരെ നിര്‍മിച്ചത് 50 മില്യണ്‍ വാഹനങ്ങള്‍. മെഴ്‌സേഡസ് ബെന്‍സ്, സ്മാര്‍ട്ട് എന്നീ ബ്രാന്‍ഡുകളിലാണ് ഇത്രയും വാഹനങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചത്. ആദ്യ പുതിയ മെഴ്‌സേഡസ് മേബാക്ക് എസ് ക്ലാസ് ഈയിടെ ‘ഫാക്റ്ററി 56’ലെ അസംബ്ലി ലൈനില്‍നിന്ന് പുറത്തുവന്നത് 50 മില്യണ്‍ എണ്ണം തികച്ച വാഹനമെന്ന പെരുമയിലാണ്.
മെഴ്‌സേഡസ് ബെന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് താണ്ടിയതെന്ന് മെഴ്‌സേഡസ് ബെന്‍സ് മാനേജ്‌മെന്റ് ബോര്‍ഡ് അംഗം (പ്രൊഡക്ഷന്‍ ആന്‍ഡ് സപ്ലൈ ചെയിന്‍) യോര്‍ഗ് ബുര്‍സര്‍ പറഞ്ഞു. ജോലിക്കും അര്‍പ്പണബോധത്തിനും ലോകമെങ്ങുമുള്ള പ്ലാന്റുകളിലെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ ‘നക്ഷത്രങ്ങള്‍’ നിര്‍മിക്കുന്നതില്‍ അവരുടെ വൈദഗ്ധ്യവും അഭിനിവേശവും എടുത്തുപറയേണ്ടതാണ്. മെഴ്‌സേഡസ് ബെന്‍സിന്റെ പുതിയ നേട്ടത്തില്‍ വളരെയധികം അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള വിവിധ പ്ലാന്റുകളിലെ ജീവനക്കാര്‍ തമ്മിലുള്ള സഹകരണത്തിന് ഡിജിറ്റല്‍ പിന്തുണ കൂടി ഉണ്ടായിരുന്നു.
ബ്ലാക്ക്, സില്‍വര്‍ ഡുവല്‍ ടോണ്‍ നിറങ്ങളിലാണ് 50 മില്യണ്‍ എണ്ണം തികഞ്ഞ മെഴ്‌സേഡസ് മേബാക്ക് എസ് 580 പുറത്തുവന്നത്. 4.0 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് ഈ ആഡംബര ലിമോസിന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 496 കുതിരശക്തി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം കൂടെ നല്‍കി. ഈ വര്‍ഷം പകുതിയോടെ പുതിയ മേബാക്ക് എസ് ക്ലാസിന്റെ വില്‍പ്പന ആരംഭിക്കും.
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട 2016 ല്‍ നൂറ് മില്യണ്‍ കാറുല്‍പ്പാദനമെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. തൊട്ടടുത്ത വര്‍ഷം 150 മില്യണ്‍ വാഹനങ്ങളെന്ന നേട്ടം ഫോക്‌സ്‌വാഗണ്‍ കൈവരിച്ചു. ടൊയോട്ടയുടെ കാര്യമെടുത്താല്‍, 200 മില്യണ്‍ വാഹനങ്ങള്‍ നിര്‍മിക്കുകയെന്ന നാഴികക്കല്ല് 2012 ല്‍ താണ്ടിയിരുന്നു.