ക്ലബ്ബുകളും അംഗങ്ങളും വ്യത്യസ്ത എന്‍റിറ്റികള്‍, ഇടപാടുകള്‍ക്ക് ജിഎസ്ടി ബാധകം
കൊല്‍ക്കത്ത സ്പോര്‍ട്സ് ക്ലബിന്‍റെ കാര്യത്തില്‍ മുമ്പ് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി അസാധുവാക്കുന്നതാണ് 2021 ലെ ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാറ്റങ്ങള്‍
ന്യൂഡെല്‍ഹി: സ്പോര്‍ട്ടിംഗ് ബോഡികളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ക്ലബ്ബുകളിലെ അംഗങ്ങള്‍ ഇനിമുതല്‍അംഗങ്ങളോ ഘടകങ്ങളോ ആയ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏതൊരു ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കണം. 2021 ലെ ധനകാര്യ ബില്ലിലൂടെ കേന്ദ്ര ജിഎസ്ടി നിയമത്തില്‍ ധനകാര്യ മന്ത്രാലയം വരുത്തിയ ഭേദഗതികളിലൂടെയാണ് ഈ മാറ്റം വരുന്നത്.
ഒരു വ്യക്തി അല്ലാത്ത ഏതൊരു എന്‍റിറ്റിയും അതിന്‍റെ അംഗങ്ങള്‍ക്കോ ഘടകങ്ങള്‍ക്കോ നല്‍കുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി പണം, മാറ്റിവച്ച പേയ്മെന്‍റ് അല്ലെങ്കില്‍ മറ്റ് മൂല്യവത്തായ പരിഗണന എന്നിവയിലൂടെ നടക്കുന്ന ഇടപാടുകള്‍ക്ക് നികുതി ബാധകമാണ്. അംഗങ്ങള്‍ എന്‍റിറ്റിക്ക് ചരക്കുകളോ സേവനങ്ങളോ വിതരണം ചെയ്യുമ്പോഴും നികുതി നല്‍കണം. ക്ലബ്ബുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും അംഗങ്ങള്‍ ഇതുവരെ ആസ്വദിച്ചിരുന്ന നികുതി രഹിത സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഇനിയുണ്ടാകില്ല.
ധനകാര്യ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഈ മാറ്റം നടപ്പിലാക്കപ്പെടും. ഭൂരിഭാഗം വിതരണവും 18 ശതമാനം ജിഎസ്ടിയെ ആകര്‍ഷിച്ചേക്കാം.രാജ്യത്ത് ജിഎസ്ടി ആരംഭിച്ച തീയതിയായ 2017 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ മാറ്റങ്ങള്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
കൊല്‍ക്കത്ത സ്പോര്‍ട്സ് ക്ലബിന്‍റെ കാര്യത്തില്‍ മുമ്പ് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി അസാധുവാക്കുന്നതാണ് 2021 ലെ ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാറ്റങ്ങള്‍. അംഗങ്ങള്‍ ചേര്‍ന്നാണ് ക്ലബ് ഉണ്ടാകുന്നതെന്നും അതിനാല്‍ അവയ്ക്കിടയില്‍ നടക്കുന്ന ഇടപാടുകള്‍ക്ക് നികുതി ചുമത്താനാകില്ലാ എന്നുമാണ് സേവന നികുതി കാലഘട്ടത്തില്‍ പുറത്തുവന്ന വിധിയില്‍ പറഞ്ഞിരുന്നത്. റാഞ്ചി ക്ലബുമായി ബന്ധപ്പെട്ട കേസില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചു.