ആര്‍ബിഐ പുതുക്കിയ നിയന്ത്രണങ്ങള്‍ സ്വാഗതം ചെയ്ത് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്
കൊച്ചി : രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കായി (എന്‍ബിഎഫ്സി) റിസര്‍വ്വ് ബാങ്ക് നടപ്പിലാക്കുന്ന പുതിയ നിയന്ത്രണ ചട്ടങ്ങളെ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു. ഇതിനായി രൂപീകരിച്ച സമിതി മുമ്പാകെ ചേംബറിന്‍റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ചേംബര്‍ പ്രസിഡന്‍റ് കെ. ഹരികുമാര്‍ പറഞ്ഞു.
30 ലക്ഷത്തില്‍ പരം കോടി രൂപയുടെ ഇടപാടാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പതിനായിരത്തോളം എന്‍ബിഎഫ്സികള്‍ വഴി നടക്കുന്നത്. ഇവയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും പ്രാധാന്യവും വലുതാണ്. കോവിഡ് വരുത്തി വച്ച പ്രതിസന്ധിയും ബിസിനസ് മാന്ദ്യവും ബാങ്കുകളെ പോലും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ നിയന്ത്രണങ്ങള്‍ വരുത്തുന്നതിനായി ക്രിയാത്മകമായ ചര്‍ച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ചിട്ടികമ്പനികള്‍ ഉള്‍പ്പെടെയുള്ള ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കായി രൂപവല്‍ക്കരിക്കുന്ന ചട്ടങ്ങളിലേയ്ക്ക് നാലിന നിര്‍ദ്ദേശങ്ങള്‍ ചേംബര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യ വിഭാഗക്കാരായ അടിസ്ഥാന നില കമ്പനികളുടെ കിട്ടാക്കടം തരംതിരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 180 ദിവസം എന്നത് 90 ദിവസമാക്കി കുറയ്ക്കണം. ഒന്ന് രണ്ട് വര്‍ഷത്തിനകം ഈ പ്രക്രിയ പൂര്‍ത്തീകരിക്കണം.
500 കോടിയ്ക്ക് മുകളിലും 1000 കോടിയില്‍ താഴെയും വിറ്റുവരവുള്ള 76 സ്ഥാപനങ്ങള്‍ ഉണ്ട്. ഇവയെ അടിസ്ഥാന നിലയില്‍ നിന്ന് മാറ്റി ഇവയ്ക്കായി പ്രത്യേക വിഭാഗം രൂപീകരിക്കണം.
താരതമ്യേന തകര്‍ച്ചാസാധ്യത കുറഞ്ഞ അടിസ്ഥാന നിലയിലുള്ള കമ്പനികളില്‍ പൊതുതാല്‍പര്യം മുന്‍നിറുത്തി നിരീക്ഷണവും, മേല്‍നോട്ടവും, ശ്രദ്ധയും വര്‍ദ്ധിപ്പിക്കണം. മേല്‍ നിലയിലുളള എന്‍ബിഎഫ്സികള്‍ക്ക് ബാങ്കുകള്‍ക്ക് സമാനമായ നിയന്ത്രണങ്ങളുള്ള സാഹചര്യത്തില്‍ ഇവയ്ക്കും സര്‍ഫാസി ആക്ട് 2002 പ്രകാരം തങ്ങളുടെ കിട്ടാക്കടം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അധികാരം നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെടുന്നു.