അര്‍ബുദത്തെ പ്രതിരോധിക്കുന്ന ചില പഴങ്ങള്‍
അര്‍ബുദ വളര്‍ച്ച മന്ദഗതിയിലാക്കാനും ചികിത്സ മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ചില പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും
ഏതെങ്കിലും ഒരു രോഗം അലട്ടുമ്പോഴോ അല്ലെങ്കില്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും ശരീര ബലവും മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുമ്പോഴോ നാം സ്ഥിരമായി കേള്‍ക്കുന്ന ഉപദേശമാണ് ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. അര്‍ബുദം അടക്കം പല രോഗങ്ങളും വരാനുള്ള സാധ്യത കുറയ്ക്കുന്നതില്‍ ഒരു വ്യക്തിയുടെ ഭക്ഷണക്രമം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അര്‍ബുദ സാധ്യത കുറയ്ക്കാനും അര്‍ബുദത്തിന് ചികിത്സ നടത്തുന്നവര്‍ക്ക് അതുമൂലമുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും അര്‍ബുദ വളര്‍ച്ച കുറച്ച് രോഗമുക്തി എളുപ്പത്തിലാക്കാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ആപ്പിള്‍: ക്യുയര്‍സെറ്റിന്‍, കാറ്റെകിന്‍, പ്ലോറിഡൈസിന്‍ തുടങ്ങി നിരവധി ഫൈറ്റോകെമിക്കലുകളും ക്ലോറോജെനിക് ആസിഡ് പോലുള്ള സുപ്രധാന ആന്റി ഓക്‌സിഡന്റുകളും അപ്പിളില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനായി കുടലിനുള്ളിലെ സൂക്ഷ്മാണുക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡയറ്ററി ഫൈബറും പോളിഫിനോള്‍ കോംപൈണ്ടുകളും ആപ്പിളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. സ്്തനാര്‍ബുദത്തിന് കാരണമാകുന്ന ഈസ്ട്രജന്‍ റിസെപ്ടറുകളുടെ റിസ്‌ക് കുറയ്ക്കാനും ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓറഞ്ച്: ഓറഞ്ച്, നാരങ്ങ തുടങ്ങിയ നാരക വിഭാഗത്തിലുള്ള (സിട്രസ്) പഴങ്ങള്‍ക്ക് ട്യൂമറിനെതിരെ പ്രവര്‍ത്തിക്കാനും പുതിയ രക്തക്കുഴലുകളുടെ രൂപീകരണത്തിന് സഹായിക്കാനും കഴിവുണ്ട്. ദിവസവും ഒരു സിട്രസ് പഴം കഴിക്കുന്നത് ശ്വാസകോശ അര്‍ബുദം, കുടലിലെ കാന്‍സര്‍, ആമാശയ അര്‍ബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നോബൈലെറ്റിന്‍, അസ്‌കോര്‍ബിക് ആസിഡ്(വൈറ്റമിന്‍ സി) തുടങ്ങി ഫ്‌ളവനോയിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള നാരക വിഭാഗത്തിലുള്ള പഴങ്ങള്‍ ട്യൂമറുകളുടെ വളര്‍ച്ചയും വ്യാപനവും തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്രാന്‍ബെറി: ക്രാന്‍ബെറിയില്‍ അര്‍സോളിക് ആസിഡും പ്രൊയാന്തോസയാഡിനുകളും അടങ്ങിയിരിക്കുന്നു. ക്രാന്‍ബറി ചാറ് ദിവസവും കഴിക്കുന്നത് സ്തനാര്‍ബുദം , കുടലിലെ അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, ഗ്ലിയോബ്ലാസ്‌റ്റോമ, രക്താര്‍ബുദം, ശ്വാസകോശ അര്‍ബുദം, മെലനോമ, വായിലെ അര്‍ബുദം, മൂത്രാശയ അര്‍ബുദം അടക്കം നിരവധി അര്‍ബുദങ്ങളുടെ വളര്‍ച്ചയെ തടയും.
ബെറി: എ,സി, ഇ തുടങ്ങിയ വൈറ്റമിനുകളുടെയും കരോട്ടിനോയിഡുകള്‍, ഫോളൈറ്റ്, കാല്‍സ്യം, സെലിനിയം, സിംപിള്‍, കോംപ്ലെക്‌സ് ഫീനോളുകള്‍ ഫൈറ്റോസ്റ്റിറോളുകള്‍ തുടങ്ങിയ പോഷകങ്ങളുടെയും കലവറയാണ് ബെറികള്‍. ബ്ലൂബെറിയില്‍ കാണപ്പെടുന്ന ആന്തോസിയാനോസിഡുകളും റെസ്‌വരട്രോളുകളും മികച്ച ആന്റി ഓക്‌സിഡന്റുകളാണ്. ഇവയ്ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാനും ശേഷിയുണ്ട്.