പ്ലാസ്റ്റിക് ഒഴിവാക്കി പേപ്പര്‍ കുപ്പികള്‍ പരീക്ഷിക്കാനൊരുങ്ങി കൊക്ക-കോള
1 min readഏഴ് വര്‍ഷത്തോളം നീണ്ട ലബോറട്ടി പരീക്ഷണത്തിന് ശേഷമാണ് പബൊകോ എന്ന പേപ്പര്‍ കുപ്പി നിര്‍മാണ കമ്പനിയുടെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ പേപ്പര്‍ കുപ്പികള്‍ വിപണിയിലിറക്കാന്‍ കൊക്ക-കോള തീരുമാനിച്ചിരിക്കുന്നത്
പാക്കേജിംഗില്‍ നിന്ന് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ പേപ്പര്‍ കുപ്പികള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് കൊക്ക-കോള. കൊക്ക-കോളയ്ക്ക് വേണ്ടി ഡാനിഷ് കമ്പനിയായ പേപ്പര്‍ ബോട്ടില്‍ കമ്പനി അഥവാ പബൊകോ ആണ് കുപ്പികള്‍ തയ്യാറാക്കുന്നത്. ബലം കൂടിയ പേപ്പര്‍ ഷെല്‍ കൊണ്ടുള്ള കുപ്പിയാണ് തയ്യാറാക്കുന്നതെങ്കിലും ഇതിലും പ്ലാസ്റ്റിക് ലൈനര്‍ അടങ്ങിയിട്ടുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങളില്‍ നിന്നും ഗ്യാസ് പുറത്തുപോകുന്നത് തടയാന്‍ ശേഷിയുള്ള നൂറ് ശതമാനം റീസൈക്കബിള്‍ ആയിട്ടുള്ള, പ്ലാസ്റ്റിക് രഹിത കുപ്പികളാണ് കൊക്ക-കോള ലക്ഷ്യമിടുന്നത്.
പേപ്പര്‍ കുപ്പികളില്‍ നിന്നും ഫൈബര്‍ അംശം പാനീയത്തിലേക്ക് കലരരുതെന്ന വെല്ലുവിളിയും പേപ്പര്‍ കുപ്പി നിര്‍മാണത്തില്‍ കൊക്ക-കോള നേരിടുന്നുണ്ട്. ഇത് പാനീയത്തിന്റെ രുചിവ്യത്യാസത്തിന് ഇടയാക്കുമെന്നും ആരോഗ്യ, സുരക്ഷ പരിശോധനകളില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും കമ്പനി ഭയപ്പെടുന്നു. അതേസമയം 2030ഓടെ മാലിന്യമുക്ത കമ്പനിയായി മാറുകയെന്ന ലോകത്തിലെ ‘ഒന്നാം നമ്പര്‍ പ്ലാസ്റ്റിക് മാലിന്യ ഉല്‍പ്പാദകരായ’ കൊക്ക-കോളയുടെ ലക്ഷ്യത്തിന് വ്യവസായ ലോകത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ചാരിറ്റി സംഘടനയായ ബ്രേക്ക് ഫ്രീയാണ് ലോകത്തില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യത്തിന് ഇടയാക്കുന്ന കമ്പനി കൊക്ക-കോളയാണെന്ന് കണ്ടെത്തിയത്. പാനീയ നിര്‍മാണ കമ്പനികളായ പെപ്‌സിയും നെസ്റ്റ്‌ലേയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
കോള, ബിയര്‍ പോലുള്ള നുരയുള്ള, കാര്‍ബണേറ്റഡ് പാനീയങ്ങളില്‍ നിന്നുണ്ടാകുന്ന മര്‍ദ്ദം താങ്ങാന്‍ കഴിയുന്ന പേപ്പര്‍ കുപ്പികള്‍ തയ്യാറാക്കുകയെന്നാണ് പബൊകോ നേരിടുന്ന വലിയ വെല്ലുവിളി. ഇവയെല്ലാം നിശ്ചിത മര്‍ദ്ദത്തോടെയാണ് കുപ്പികളില്‍ നിറയ്ക്കുന്നത്. മാത്രമല്ല, വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് സവിശേഷമായ രൂപത്തിലും വലുപ്പത്തിലും നിറത്തിലുമുള്ള പേപ്പര്‍ കുപ്പികള്‍ വേണമെന്നുള്ളതും വെല്ലുവിളിയാണ്. ഏഴ് വര്‍ഷത്തോളം നീണ്ട ലബോറട്ടി പരീക്ഷണത്തിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പേപ്പര്‍ കുപ്പികള്‍ വിപണിയിലിറക്കാന്‍ കൊക്ക-കോളയും പബൊകോയും തീരുമാനിച്ചിരിക്കുന്നത്. കൊക്ക-കോളയുടെ ഫ്രൂട്ട് ഡ്രിങ്കായ അഡെസിലാണ് ആദ്യ പരീക്ഷണം. ഹംഗറിയിലെ പ്രാദേശിക റീട്ടെയ്ല്‍ ശൃംഖലയിലൂടെ 2,000 പേപ്പര്‍ കുപ്പി പാനീയങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുക.
വോഡ്ക നിര്‍മാണ കമ്പനിയായ അബ്‌സല്യൂട്ടും പേപ്പര്‍ കുപ്പികള്‍ പരീക്ഷിക്കാനൊരുങ്ങുന്നുണ്ട്. കമ്പനിയുടെ കാര്‍ബണേറ്റഡ് റാസ്‌പെറി ഡ്രിങ്കിലാണ് ആദ്യം പേപ്പര്‍ കുപ്പികള്‍ പരീക്ഷിക്കുന്നത്. യുകെയിലും സ്വീഡനിലുമായി രണ്ടായിരത്തോളം പേപ്പര്‍ കുപ്പികളാണ് കമ്പനി പുറത്തിറക്കുന്നത്. സമാനമായി ബിയര്‍ കമ്പനിയായ കാള്‍സ്‌ബെര്‍ഗും പേപ്പര്‍ ബിയര്‍ ബോട്ടില്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.