ആമസോണ്‍ ഫ്രെഷ്, പാന്‍ട്രി സേവനങ്ങള്‍ ഇനി ഒരുമിച്ച്
ഇതുവരെ ആപ്പിലും വെബ്‌സൈറ്റിലും ആമസോണ്‍ പാന്‍ട്രി, ആമസോണ്‍ ഫ്രെഷ് സേവനങ്ങള്‍ രണ്ട് പ്രത്യേക വിഭാഗങ്ങളിലായിരുന്നു
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആമസോണ്‍ ‘ഫ്രെഷ്’ സ്റ്റോറുമായി ‘പാന്‍ട്രി’ സേവനങ്ങള്‍ സംയോജിപ്പിക്കാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു. ഇതുവരെ ആപ്പിലും വെബ്‌സൈറ്റിലും ആമസോണ്‍ പാന്‍ട്രി, ആമസോണ്‍ ഫ്രെഷ് സേവനങ്ങള്‍ രണ്ട് പ്രത്യേക വിഭാഗങ്ങളിലായിരുന്നു.
ഉണങ്ങിയ വിഭാഗത്തില്‍പ്പെടുത്താവുന്ന പലചരക്ക് സാധനങ്ങളും മൊത്തമായി വാങ്ങാവുന്ന സാധനങ്ങളും സൂപ്പര്‍ സേവര്‍ പാക്കുകളുമാണ് പ്രധാനമായും ആമസോണ്‍ പാന്‍ട്രിയിലൂടെ ലഭിക്കുന്നത്.
ദിവസേന ഉപയോഗിക്കേണ്ട പലചരക്ക് സാധനങ്ങള്‍, വേഗം കേടുവരുന്നവ, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവ ആമസോണ്‍ ഫ്രെഷ് വഴി വാങ്ങാന്‍ കഴിയും. ഏറ്റവും വേഗത്തില്‍ ഡെലിവറി നടത്തുമെന്നതാണ് ‘ഫ്രെഷ്’ വിഭാഗത്തിന്റെ പ്രത്യേകത. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഫ്രെഷ് സ്റ്റോറുമായി പാന്‍ട്രി സംയോജിപ്പിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു.
ആമസോണ്‍ ഫ്രെഷ് സേവനങ്ങള്‍ ലഭ്യമാകുന്ന നഗരങ്ങളില്‍ മാത്രമേ ആപ്പിലും വെബ്‌സൈറ്റിലും ഈ വിഭാഗം കാണാന്‍ കഴിയൂ. അഹമ്മദാബാദ്, ബെംഗളൂരു, ഡെല്‍ഹി, മൈസൂരു എന്നീ നഗരങ്ങളില്‍ അടുത്ത രണ്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ തീരുമാനം നടപ്പാക്കുമെന്ന് ആമസോണ്‍ അറിയിച്ചു.
നിലവില്‍ ഫ്രെഷ് സേവനങ്ങള്‍ ലഭ്യമായ മറ്റ് നഗരങ്ങളില്‍ വരും മാസങ്ങളില്‍ ആമസോണ്‍ പറയുന്ന സംയോജനം നടക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആമസോണ്‍ പാന്‍ട്രി നിലവിലെ അതേപോലെ പ്രവര്‍ത്തനം തുടരും.
പുതിയ തീരുമാനത്തോടെ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നത് ഉപയോക്താക്കള്‍ക്ക് എളുപ്പമായിരിക്കുമെന്നാണ് ആമസോണ്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ പാന്‍ട്രി, ഫ്രെഷ് വിഭാഗങ്ങളില്‍ പോയി സാധനങ്ങള്‍ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമായിരുന്നു. നിലവിലെ ഈ അവസ്ഥയില്‍ രണ്ട് വിഭാഗങ്ങളിലെയും വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്ത സമയങ്ങളിലാണ് ഡെലിവറി ചെയ്തിരുന്നത്. ഇനി ഭക്ഷണം മുതല്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വരെ ഓര്‍ഡര്‍ ചെയ്താല്‍ ഒരേസമയം ഡെലിവറി ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
600 രൂപയ്ക്കു മുകളിലുള്ള എല്ലാ ഓര്‍ഡറുകള്‍ക്കും രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഡെലിവറി സൗജന്യമായിരിക്കും. ഈ തുകയുടെ താഴെയാണ് ഓര്‍ഡര്‍ എങ്കില്‍ 29 രൂപ ഡെലിവറി ഫീ ഈടാക്കും. രാവിലെ 6 മുതല്‍ അര്‍ധരാത്രി വരെയുള്ള വിവിധ ടൈം സ്ലോട്ടുകളില്‍ ഉപയോക്താക്കള്‍ക്ക് ഡെലിവറി സമയം തെരഞ്ഞെടുക്കാം. ആമസോണ്‍ ആപ്പിലും ഡെസ്‌ക്‌ടോപ്പിലെയും മൊബീലുകളിലെയും വെബ്‌സൈറ്റിലും പുതിയ സൗകര്യം ലഭ്യമായിരിക്കും.