മുട്ടയുടെ മഞ്ഞ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ?
1 min readകൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ഹൃദയാരോഗ്യം അപകടത്തിലാകുമെന്ന് എല്ലാവര്‍ക്കുമറിയാം. രക്തക്കുഴലുകളില്‍ അമിതമായി കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടിയാല്‍ ശരീരത്തിലുടനീളം രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. കൊളസ്‌ട്രോളിനെ അതിന്റെ വഴിക്ക് വിട്ടാല്‍ ഹൃദ്രോഗം വിരുന്നുകാരനായെത്തും. അതുകൊണ്ട് ആവശ്യമില്ലാതെ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനെ ഒഴിവാക്കിയേ പറ്റൂ. നമ്മുടെ ഭക്ഷണവും ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയും തമ്മില്‍ വലിയ ബന്ധമുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിച്ചാണ് മിക്ക ആള്‍ക്കാരും കൊളസ്‌ട്രോള്‍ പ്രശ്‌നത്തെ നേരിടുന്നത്. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്ന വിശ്വാസം പൊതുവ സമൂഹത്തിലുണ്ട്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി മുട്ട ഒഴിവാക്കുന്നവരും ഏറെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുട്ട അപകടകാരിയാണോ?
മഞ്ഞക്കരു ഉള്‍പ്പടെ മുട്ട മുഴുവനായി കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവും ഇല്ലെന്നാണ് നൂട്രീഷനിസ്റ്റായ മുന്‍മുന്‍ ഗനീരിവാള്‍ പറയുന്നത്. കൊളസ്‌ട്രോള്‍ കൂട്ടുമെന്ന് നാം കരുതുന്ന മഞ്ഞക്കരു ഫോസ്ഫര്‍ ലിപ്പിഡുകളുടെ മികച്ച സ്രോതസ്സാണെന്നും കൊളസ്‌ട്രോള്‍ മെറ്റബോളിസത്തില്‍ വലിയ പങ്ക് വഹിക്കുന്ന ബയോആക്ടീവ് ലിപ്പിഡുകള്‍ ആണ് ഇവയെന്നും മുന്‍മുന്‍ പറയുന്നു. എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോളിന്റെ പ്രവര്‍ത്തനത്തിലും രോഗപ്രതിരോധത്തിലും ഫോസ്ഫര്‍ ലിപ്പിഡുകള്‍ പങ്ക് വഹിക്കുന്നുണ്ട്.
മുട്ട കഴിക്കുന്നത് കൊളസ്‌ട്രോളിനെ ദോഷകരമായി ബാധിക്കില്ലെന്ന് മുന്‍മുന്‍ അടിവരയിട്ട് പറയുന്നുണ്ട്. നിരവധി അവശ്യ പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീന്‍, വൈറ്റമിന്‍ ബി, അയേണ്‍, ഹെല്‍ത്തി ഫാറ്റ്, വൈറ്റമിന്‍ എ അടക്കം ശാരീരിക ആരോഗ്യം പുഷ്ടിപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുന്നത് നല്ലതാണെന്ന് കരുതി ദിവസവും കുറേ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ദിവസവും 1-2 മുട്ടകള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം.