കോവിഡ്-19 യുടെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി യുകെ പഠനം
1 min readവിറയല്‍, വിശപ്പില്ലായ്മ, തലവേദന, പേശി വേദന തുടങ്ങി നോവല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ലണ്ടനിലെ ഇംപീരിയല്‍ കൊളെജ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ(എന്‍എച്ച്എസ്) മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പനി, ചുമ, മണം അല്ലെങ്കില്‍ രുചി ഇല്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങളോടൊപ്പം പുതിയ ലക്ഷണങ്ങളും കോവിഡ്-19 രോഗികള്‍ കാണിക്കുന്നുണ്ടെന്ന് പത്ത് ലക്ഷത്തോളം ആളുകളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗവേഷക സംഘം അവകാശപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിനും ഈ വര്‍ഷം ജനുവരിക്കുമിടയിലാണ് ഗവേഷക സംഘം ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പ്രായത്തിനനുസരിച്ച് കോവിഡ്-19 രോഗ ലക്ഷണങ്ങളില്‍ മാറ്റമുണ്ടാകുന്നുണ്ടെന്ന് ഗവേഷക സംഘം നിരീക്ഷിച്ചു. എന്നാല്‍ പ്രായഭേദമന്യേ എല്ലാ രോഗികളിലും വിറയല്‍ കാണപ്പെടുന്നുണ്ടെന്നും ഇംപീരിയല്‍ കൊളെജിലെ റിയാക്ട് (റിയല്‍-ടൈം അസസ്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ രോഗബാധ കണ്ടെത്തിയവരില്‍ അറുപത് ശതമാനം ആളുകളും പരിശോധന നടത്തിയ ആഴ്ചയില്‍ യാതൊരുവിധ ലക്ഷണങ്ങളും കാണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുകെയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,996,833 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രോഗം ബാധിച്ച് യുകെയില്‍ ഇതുവരെ 115,068 ആളുകള്‍ മരിച്ചിട്ടുണ്ട്. യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉള്ള രാജ്യമാണ് യുകെ. കോവിഡ്-19 മൂലമുള്ള മരണനിരക്കില്‍ യുഎസ്, ബ്രസീല്‍, മെക്‌സികോ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അഞ്ചാംസ്ഥാനത്താണ് യുകെ. ഇതുവരെ യുകെയിലെ 12.6 മില്യണ്‍ ആളുകള്‍ക്കാണ് കൊറോണ വൈറസിനെതിരായ വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്