ലൈറ്റ് വേര്‍ഷനില്‍ നോക്കിയ പവര്‍ ഇയര്‍ബഡ്‌സ്
1 min readന്യൂഡെല്‍ഹി: നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2019 ല്‍ പുറത്തിറക്കിയ നോക്കിയ പവര്‍ ഇയര്‍ബഡ്ഡുകളുടെ ലൈറ്റ് വേര്‍ഷനാണ് പുതിയ ടിഡബ്ല്യുഎസ് (ട്രൂലി വയര്‍ലെസ് സ്റ്റീരിയോ) ഇയര്‍ബഡ്ഡുകള്‍. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 35 മണിക്കൂര്‍ വരെ ഓഡിയോ പ്ലേബാക്ക് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റ് ആഗോളതലത്തില്‍ എച്ച്എംഡി ഗ്ലോബല്‍ അനാവരണം ചെയ്തത്. ഒരു മീറ്ററോളം ആഴത്തില്‍ മുപ്പത് മിനിറ്റ് വരെ പ്രതിരോധിക്കാന്‍ കഴിയുന്ന ഐപിഎക്‌സ്7 വാട്ടര്‍ റെസിസ്റ്റന്റ്, 6 എംഎം ഗ്രാഫിയര്‍ ഓഡിയോ ഡ്രൈവറുകള്‍ എന്നിവ സവിശേഷതകളാണ്. ഇയര്‍ ടിപ്പുകള്‍ ക്രമീകരിക്കാന്‍ കഴിയും.
ഇന്ത്യയില്‍ 3,599 രൂപയാണ് നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റിന് വില. ചാര്‍ക്കോള്‍, സ്‌നോ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ആമസോണ്‍, നോക്കിയ ഇന്ത്യ വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് ഫെബ്രുവരി 17 മുതല്‍ ലഭിക്കും. ഫെബ്രുവരി 19 വരെ നോക്കിയ ഇന്ത്യ വെബ്‌സൈറ്റില്‍ നോക്കിയ 3.4 സ്മാര്‍ട്ട്‌ഫോണ്‍ പ്രീ-ബുക്ക് ചെയ്യുന്നവര്‍ക്ക് നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റിന് 1,600 രൂപ വിലക്കിഴിവ് ലഭിക്കും.
ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇയര്‍ബഡ്ഡുകള്‍. 600 എംഎഎച്ച് ബാറ്ററിയോടുകൂടിയ ചാര്‍ജിംഗ് കേസിലാണ് ഇയര്‍ബഡ്ഡുകള്‍ വരുന്നത്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാം. ഓരോ ഇയര്‍ബഡ്ഡിലും 50 എംഎഎച്ച് ബാറ്ററി നല്‍കി. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി പ്ലേബാക്ക് സാധിക്കും.