നോയ്‌സ് കളര്‍ഫിറ്റ് പ്രോ 3 പുറത്തിറക്കി
ന്യൂഡെല്‍ഹി: നോയ്‌സ് കളര്‍ഫിറ്റ് പ്രോ 3 സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
നോയ്‌സ് വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭിക്കും. 3,999 രൂപയാണ് പ്രത്യേക പ്രാരംഭ വില. യഥാര്‍ത്ഥ വില 5,999 രൂപയാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 1,333 രൂപ മുതലാണ് ഇഎംഐ. ജെറ്റ് ബ്ലാക്ക്, ജെറ്റ് ബ്ലൂ, റോസ് പിങ്ക്, റോസ് റെഡ്, സ്‌മോക്ക് ഗ്രേ, സ്‌മോക്ക് ഗ്രീന്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ക്ലൗഡ് ബേസ്ഡ് വാച്ച് ഫേസുകള്‍, വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമായി വിവിധ സ്ട്രാപ്പ് ഓപ്ഷനുകള്‍ എന്നിവയോടെ സ്മാര്‍ട്ട്‌വാച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും.
രക്തത്തിലെ ഓക്‌സിജന്‍, ഹൃദയമിടിപ്പ് (24 മണിക്കൂര്‍), മാനസിക പിരിമുറുക്കം, ഉറക്കം എന്നിവ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട്‌വാച്ചിന് കഴിയും. ആര്‍ത്തവം, ഗര്‍ഭകാല സഹായങ്ങള്‍ക്കായി ഫീമെയില്‍ ഹെല്‍ത്ത് ട്രാക്കറാണ് മറ്റൊരു സുപ്രധാന ഫീച്ചര്‍. ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈല്‍ പ്രേമികള്‍ക്കുവേണ്ടിയാണ് സ്മാര്‍ട്ട്‌വാച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
1.55 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ട്രൂവ്യൂ ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌വാച്ചിന് നല്‍കിയിരിക്കുന്നത്. പിക്‌സല്‍ റെസലൂഷന്‍ 320, 360. പരമാവധി ബ്രൈറ്റ്‌നസ് 500 നിറ്റ്‌സ്. പതിനാല് സ്‌പോര്‍ട്‌സ് മോഡുകള്‍, ഓട്ടോ സ്‌പോര്‍ട്‌സ് റെക്കഗ്നിഷന്‍ ഫീച്ചറുകള്‍ എന്നിവ ലഭിച്ചു. 210 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പത്ത് ദിവസം വരെ ചാര്‍ജ് നീണ്ടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
നോയ്‌സ്ഫിറ്റ് ആപ്പ് വഴി ആന്‍ഡ്രോയ്ഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളുമായി നോയ്‌സ് കളര്‍ഫിറ്റ് പ്രോ 3 കണക്റ്റ് ചെയ്യാം. കോള്‍, മെസേജ്, സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. റിമൈന്‍ഡര്‍, അലാം എന്നിവ സെറ്റ് ചെയ്യുന്നതിനും റിമോട്ടായി മ്യൂസിക് നിയന്ത്രിക്കുന്നതിനും സാധിക്കും. 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ്, ബ്ലൂടൂത്ത് വി5.0 എന്നിവ ഫീച്ചറുകളാണ്.