മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ
ഡിപ്രഷന്‍ അടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയുന്നതിനുള്ള മെഷീന്‍ ലേണീംഗ് (എംഎല്‍) സാങ്കേതിക വിദ്യ ഗവേഷകര്‍ വികസിപ്പിച്ചു. രോഗികളിലെ ഡിപ്രഷന്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും ഡിപ്രഷനും ബുദ്ധിഭ്രമവുമുള്ള രോഗികള്‍ ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമേ പ്രകടിക്കാറുള്ളു എന്നതിനാല്‍ രോഗനിര്‍ണയം സങ്കീര്‍ണമായിരുന്നു. ഇതിനൊരു പരിഹാരമായാണ് പുതിയ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയ്ക്ക് ഗവേഷകര്‍ രൂപം നല്‍കിയത്.
ബുദ്ധിഭ്രമവും ഡിപ്രഷനും അനുഭവിക്കുന്നവര്‍ സാധാരണയായി ഡിപ്രഷന്‍ ലക്ഷണങ്ങളാണ് കാണിക്കാറ്. അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധര്‍ പ്രാഥമിക രോഗ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കാറ്. എന്നാല്‍ ഭൂരിഭാഗം മാനസിക രോഗികളും ഒന്നിലധികം മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ലണ്ടനിലെ ബിര്‍മിങ്ഹാം സര്‍വ്വകലാശാലയില്‍ നിന്നുള്ള പാരിസ് അലക്‌സാന്‍ഡ്രോസ് ലൗലോസിസ് പറഞ്ഞു. ആരോഗ്യ വിദഗ്ധരെ സംബന്ധിച്ചെടുത്തോളം രോഗം തിരിച്ചറിയുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരുന്നത്. തെറ്റായ രോഗനിര്‍ണയമല്ല, പകരം ഒന്നിലധികം രോഗങ്ങള്‍ കണ്ടെത്താന്‍ നിലവിലെ രോഗ നിര്‍ണയ രീതികള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശ്‌നമെന്നും ലൗലോസിസ് പറയുന്നു.
പല രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികളില്‍ കൃത്യമായ രോഗനിര്‍ണയം നടത്താന്‍ മെഷീന്‍ ലേണിംഗിലൂടെ സാധിച്ചേക്കുമെന്ന പുതിയ അറിവാണ് ഷിസ്രോഫ്രീനിയ ബുള്ളെറ്റിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നത്. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന മുന്നൂറോളം ആളുകളുടെ രോഗവിവരങ്ങളുള്‍ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഡിപ്രഷന്‍ ലക്ഷണങ്ങള്‍ മാത്രം കാണിക്കുകയും ബുദ്ധിഭ്രമത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം, ബുദ്ധിഭ്രമത്തിന്റെ ലക്ഷണങ്ങള്‍ മാത്രം കാണിക്കുകയും ഡിപ്രഷന്‍ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നിങ്ങനെ രോഗികളെ പല ഉപവിഭാഗങ്ങളായി തിരിച്ച്, ആ വിവരങ്ങള്‍ ഉപയോഗിച്ച് ഗവേഷകര്‍ ഡിപ്രഷന് മാത്രമായും ബുദ്ധിഭ്രമത്തിന് മാത്രമായും ഉള്ള എംഎല്‍ മോഡലുകള്‍ കണ്ടെത്തുകയായിരുന്നു. രണ്ടിലധികം രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ രോഗനിര്‍ണയത്തിന് ഈ മോഡലുകള്‍ ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകരുടെ അഭിപ്രായം.