ഒരു രൂപ നിരക്കില്‍ ഉച്ചഭക്ഷണം, പാവപ്പെട്ടവരുടെ കാന്റീനുമായി ഗംഭീര്‍ വീണ്ടും
1 min readന്യൂഡെല്‍ഹി: ബിജെപി എംപി ഗൗതം ഗംഭീര്‍ തന്റെ ലോക്‌സഭാ നിയോജകമണ്ഡലമായ ന്യൂ അശോക് നഗറില്‍ ഒരു രൂപ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കുന്ന രണ്ടാമത്തെ ‘ജന്‍ റസോയ്’ കാന്റീന്‍ ആരംഭിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ സിറ്റി യൂണിറ്റിന്റെ ചുമതല വഹിക്കുന്നതുമായ ബൈജയന്ത് പാണ്ട കാന്റീന്‍ ഉദ്ഘാടനം ചെയ്തു. ഡെല്‍ഹി ബിജെപി മേധാവി ആദേഷ് ഗുപ്ത ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഗാന്ധി നഗറിലായിരുന്നു ആദ്യ കാന്റീന്‍. വെറും ഒരു രൂപയ്ക്ക് നല്‍കുന്നത് പോഷക സമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണമാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാരംഭിച്ച ഗാന്ധി നഗറിലെ ആദ്യത്തെ ജന്‍ റസോയ് പ്രതിദിനം ആയിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്നു, ഇതുവരെ 50,000 ത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കി. ”ഇത് ഒരു അടുക്കള മാത്രമല്ല, പ്രസ്ഥാനമാണ്. ആഹാരം ആവശ്യമുള്ളവരെ പോറ്റാനുള്ള പ്രസ്ഥാനം. പരസ്യങ്ങള്‍ക്കും വ്യക്തിഗത പ്രമോഷനുമായി ചെലവഴിക്കാന്‍ എനിക്ക് ആയിരക്കണക്കിന് നികുതിദായകരുടെ പണം ഇല്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളെ സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ”ഗംഭീര്‍ പറഞ്ഞു. ഭക്ഷണം ഏറ്റവും പ്രാഥമിക ആവശ്യമാണെന്നും ദേശീയ തലസ്ഥാനത്ത് പോലും ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഇണ്ടാകുന്നതായും ഗംഭീര്‍ വ്യക്തമാക്കി.
‘മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദരിദ്രര്‍ക്കായി നൂറുകണക്കിന് സബ്സിഡി കാന്റീനുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് പരസ്യങ്ങള്‍ക്ക് മാത്രമായിരുന്നു. ഒന്നും നടപ്പായിട്ടില്ല.ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് നാടകത്തിനായോ ധര്‍ണ നടത്താനോ അല്ല.
മറിച്ച് യഥാര്‍ത്ഥ മാറ്റം വരുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. അതാണ് ഞാന്‍ ഞാന്‍ ചെയ്യുന്നതും ”ഗംഭീര്‍ പറഞ്ഞു. ഇത് ചരിത്രപരമായ ഒരു അവസരമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പാണ്ട പറഞ്ഞു. ഡെല്‍ഹിയില്‍ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഘടിപ്പിക്കുന്നത്. മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി കാന്റീനുകള്‍ തുറക്കുന്നത് തങ്ങള്‍ കണ്ടു.അത്തരത്തിലുള്ള ഒന്നും ഡെല്‍ഹിയില്‍ സംഭവിച്ചിട്ടില്ല. ഈ മുന്നേറ്റം ഒരുക്കിയതിന് ഗംഭീറിനെ താന്‍ അഭിനന്ദിക്കുന്നതായും പാണ്ട പറഞ്ഞു.
”ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസമാണിത് ”ഡെല്‍ഹി ബിജെപി മേധാവി ആദേഷ് ഗുപ്ത പറഞ്ഞു. ”അവര്‍ വാഗ്ദാനം ചെയ്യുന്നു, ഒന്നും നല്‍കുന്നില്ല. അതേസമയം ഡെല്‍ഹിക്ക് മികച്ചത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ എംപിമാര്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ഓരോ മിനിറ്റിലും പിന്തുണ നഷ്ടപ്പെടുകയാണെന്നും ഗുപ്ത പറഞ്ഞു.