ഭാരം കുറയ്ക്കാന്‍ മെഡിറ്ററേനിയന്‍ ഡയറ്റിനേക്കാള്‍ മികച്ചത് വീഗന്‍ ഡയറ്റ്
1 min readകൊളസ്‌ട്രോള്‍ കുറയ്ക്കാനും വീഗന്‍ ഡയറ്റാണ് കൂടുതല്‍ ഫലപ്രദം
ഭാരവും കൊളസ്‌ട്രോളും കുറയ്്ക്കാന്‍ മെഡിറ്ററേനിയന്‍ ഡയറ്റിനെ അപേക്ഷിച്ച് വീഗന്‍ ഡയറ്റാണ് കൂടുതല്‍ മെച്ചമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ കൊളെജ് ഓഫ് ന്യൂട്രീഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ അഭിപ്രായമുള്ളത്. പഠനവിധേയമാക്കിയവരില്‍ വീഗന്‍ ഡയറ്റ് എടുത്തവര്‍ക്ക് ശരീരഭാരത്തില്‍ ശരാശരി 6 കിലോ കുറയ്ക്കാന്‍ സാധിച്ചുവെന്നും എന്നാല്‍ മെഡിറ്ററേനിയന്‍ ഡയറ്റ് എടുത്തവരില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരഭാരവും കാര്‍ഡിയോമെറ്റബോളിക് റിസ്‌ക് ഫാക്ടേഴ്‌സും (ഹൃദയാരോഗ്യം സംബന്ധിച്ച ഘടകങ്ങള്‍) മെച്ചപ്പെടുത്താന്‍ വീഗന്‍, മെഡിറ്ററേനിയന്‍ ഭക്ഷണക്രമങ്ങള്‍ ഒരുപോലെ ഫലപ്രദമാണെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇവയില്‍ ഏതാണ് കൂടുതല്‍ മെച്ചമെന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളൊന്നും ഇതുവരെ നടന്നിരുന്നില്ലെന്ന് അമേരിക്കആസ്ഥാനമായ സന്നദ്ധ സംഘടനയായ ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ അംഗമായ ഹന കഹ്ലിയോവ പറഞ്ഞു. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ അടങ്ങിയ വീഗന്‍ ഡയറ്റ്, ശരീരഭാരം, ബോഡി കംപോസിഷന്‍ (ശരീരത്തിലെ കൊഴുപ്പുള്ളതും ഇല്ലാത്തതുമായ പിണ്ഡത്തിന്റെ അനുപാതം), ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് ക്രമീകരിക്കുന്നതില്‍ മെഡിറ്ററേനിയന്‍ ഡയറ്റിനേക്കാള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് തങ്ങള്‍ നടത്തിയ പഠനത്തിലൂടെ തെളിഞ്ഞതായി ഗവേഷകര്‍ പറഞ്ഞു.
അമിതവണ്ണമുള്ള, പ്രമേഹമില്ലാത്ത ആളുകളെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. 1:1 അനുപാതത്തില്‍ ഇവര്‍ക്ക് വീഗന്‍ ഡയറ്റും മെഡിറ്ററേനിയന്‍ ഡയറ്റും നിര്‍ദ്ദേശിച്ചു. പതിനാറ് ആഴ്ചയായിരുന്നു പഠന കാലയളവ്. വീഗന്‍ ഡയറ്റ്് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ഇക്കാലയളവില്‍ കൊഴുപ്പ് കുറഞ്ഞ വീഗന്‍ ഭക്ഷണക്രമം ശീലിക്കുകയും മൃഗോല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ PRED/MED പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള മെഡിറ്ററേനിയന്‍ ഡയറ്റ് ആരംഭിച്ചവര്‍ പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, എക്‌സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. അതേസമയം റെഡ് മീറ്റും പൂരിത കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം ഇവര്‍ കുറയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരുന്നു.
വീഗന്‍ ഡയറ്റ് ആരംഭിച്ചവരുടെ ടോട്ടല്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിലവാരത്തില്‍ യഥാക്രമം 18.7 mg/dL , 15.3 mg/dL കുറവുണ്ടായതായി പഠനത്തിലൂടെ കണ്ടെത്തി. എന്നാല്‍ മെഡിറ്ററേനിയന്‍ ഡയറ്റ് എടുത്തവരുടെ കൊളസ്‌ട്രോള്‍ നിലവാരത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്താനായില്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇരു ഭക്ഷണക്രമങ്ങളിലൂടെയും സാധിക്കുമെങ്കിലും മെഡിറ്ററേനിയന്‍ ഡയറ്റാണ് ഇതിന് കൂടുതല്‍ ഫലപ്രദമെന്നും പഠനത്തില്‍ കണ്ടെത്തി.