വിയറ്റ്‌നാം അതിര്‍ത്തിയില്‍ ചൈനീസ് മിസൈല്‍ വിന്യാസം
ന്യൂഡെല്‍ഹി: വിയറ്റ്‌നാം അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍മാത്രം അകലെ ചൈന മിസൈല്‍ വിന്യാസം നടത്തുന്നതായി സൂചന. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് വിദേശകാര്യമന്ത്രാലയം ഹാനോയിയില്‍ അറിയിച്ചു. വിയറ്റ്‌നാമിന് സമീപം ചൈന മിസൈല്‍വേധ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ലെ തി തു ഹാംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണ ചൈനാ കടല്‍ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും പഠിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്ന ഒരു സന്നദ്ധ സംഘടനയായ സൗത്ത് ചൈന സീ ന്യൂസിന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ അടുത്തിടെ മിസൈലുകളുടെ വിന്യാസം വ്യക്തമാക്കുന്ന ഒരു ഉപഗ്രഹ ചിത്രം പോസ്റ്റുചെയ്തിരുന്നു. ഇത് ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലുള്ള നിങ്മിംഗ് കൗണ്ടിയില്‍ ക്രമേണ പൂര്‍ത്തിയായി വരികയാണ്. നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് വിയറ്റ്‌നാം അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രമാണുള്ളത്.
സൈനിക റണ്‍വേയില്‍ റഡാറുകളുടെയും കുറഞ്ഞത് ആറ് ലോഞ്ചറുകളുടെയും സാന്നിധ്യം ചിത്രം കാണിക്കുന്നുണ്ട്.2019 ജൂണ്‍ മുതല്‍ ബേസ് നിര്‍മാണം ആരംഭിച്ചതായി സാറ്റലൈറ്റ് ഡാറ്റ വെളിപ്പെടുത്തുന്നു.വിയറ്റ്‌നാമീസ് അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ് ഹെലികോപ്റ്റര്‍ താവളമെന്ന് സംശയിക്കുന്ന മറ്റൊരു താവളവും ചൈന നിര്‍മിക്കുന്നുണ്ടെന്ന് എന്‍ജിഒ അറിയിച്ചു.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന ചൈനയുടെ പുതിയ തീരസംരക്ഷണ നിയമം സംബന്ധിച്ചുള്ള നീക്കത്തിന്റെ ഭാഗമാകാം ഇതെന്നാണ് കരുതുന്നത്. ദേശീയ പരമാധികാരമോ അധികാരപരിധിയോ ലംഘിക്കപ്പെടുന്നുവെന്ന് കരുതുമ്പോള്‍ എതിരാളികള്‍ക്ക് നേരെ ആയുധം ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് നിയമം. അതേസമയം അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ട്രൂങ് സാ (സ്പ്രാറ്റ്‌ലി), ഹോങ് സാ (പാരസെല്‍) ദ്വീപുകള്‍ക്ക് മേല്‍ പരമാധികാരം ഉറപ്പിക്കാന്‍ മതിയായ ചരിത്രപരമായ തെളിവുകളും നിയമപരമായ അടിസ്ഥാനവും വിയറ്റ്‌നാമിനുണ്ടെന്നും ലെ തി തു ഹാംഗ് പറഞ്ഞു. ദക്ഷിണ ചൈനാക്കടലിലുള്ള ഈ ദ്വീപുകളുടെ ചൈനയുടേതാണെന്ന് അവരും അവകാശപ്പെടുന്നു. അതിനാല്‍ വിയറ്റ്‌നാമിനെ സൈനിക ശക്തികാട്ടി അകറ്റാനുള്ള തന്ത്രവും ബെയ്ജിംഗ് നടത്തുന്നുണ്ട്.