മ്യാന്‍മാര്‍ സൈനിക അട്ടിമറി : ആസിയാന്‍ വിദേശമന്ത്രിമാരുടെ യോഗം ചേരണം
1 min readജക്കാര്‍ത്ത: മ്യാന്‍മറില്‍ ഈ ആഴ്ച ആദ്യമുണ്ടായ സൈനിക അട്ടിമറി സംബന്ധിച്ച് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്തോനേഷ്യയും മലേഷ്യയും അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ (ആസിയാന്‍) പ്രത്യേക യോഗത്തിന് ആവശ്യമുന്നയിച്ചു. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും ലേഷ്യന്‍ പ്രധാനമന്ത്രി മുഹ്യിദ്ദീന്‍ യാസിനും ജക്കാര്‍ത്തയിലെ മെര്‍ഡേക്ക പാലസില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. മ്യാന്‍മര്‍ വിഷയത്തില്‍ ആസിയാന്‍ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ആസിയാന്‍ ചെയറുമായി ബന്ധപ്പെടും.
മ്യാന്‍മാര്‍ വിഷയത്തിനു പുറമേ പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങള്‍ ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി വിഡോഡോ പറഞ്ഞു. മ്യാന്‍മാറിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങള്‍ക്കും ആശങ്കയുണ്ട്.രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി നിലവിലുള്ള നിയമപ്രകാരം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആസിയാന്‍ കമ്മ്യൂണിറ്റിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍, ആസിയാന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളെ അംഗീകരിക്കേണ്ടതും ബഹുമാനിക്കേണ്ടതും പ്രധാനമാണ്. പ്രത്യേകിച്ച് നിയമവാഴ്ച, സദ്ഭരണം, മനുഷ്യാവകാശം, ജനാധിപത്യം, ഭരണഘടനയിലധിഷ്ഠിതമായ ഭരണം എന്നിവ പാലിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്‍മറിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ മലേഷ്യ ഗൗരവമായി ശ്രദ്ധിക്കുന്നുണ്ടെന്നും പ്രത്യേക യോഗം നടത്താനുള്ള ആശയത്തോട് യോജിക്കുന്നുവെന്നും മുഹ്യിദ്ദീനും വ്യക്തമാക്കി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക സംഘടനയാണ് 1967 ല്‍ സ്ഥാപിതമായ ആസിയാന്‍.