കേന്ദ്രമന്ത്രിസഭയില്‍ ആനുപാതിക പ്രാതിനിധ്യം വേണമെന്ന് ജെഡിയു
ബീഹാര്‍ മന്ത്രിസഭാ വികസനവും നീളുന്നു
ന്യൂഡെല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ഇതിനായി സംസ്ഥാന മന്ത്രിസഭയില്‍ ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ അദ്ദേഹം തയ്യാറാണ്. എന്നാല്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രിക്കായിട്ടില്ല. ബീഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മന്ത്രിസഭ വിപുലീകരണം ഉടന്‍ നടക്കുമെന്ന് നിതീഷ് പറഞ്ഞിരുന്നു. മന്ത്രിമാരുടെ പട്ടിക ബിജെപി തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ വിപുലീകരണം നടക്കുന്നില്ലെന്ന് അദ്ദേഹം ഡിസംബറില്‍ പ്രഖ്യാപിച്ചു കൂടാതെ വിപുലീകരണം ഉടന്‍ നടക്കുമെന്ന് ജനുവരിയില്‍ രണ്ടുതവണയും പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി അനുനയത്തിന് വഴങ്ങിയിട്ടില്ല എന്നത് ബീഹാര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നു.
രണ്ട് ക്യാബിനറ്റ് ബെര്‍ത്തുകളും രണ്ട് സഹമന്ത്രി സ്ഥാനങ്ങളുമാണ് ജെഡി (യു) ആവശ്യപ്പെടുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രമന്ത്രിസഭയില്‍ ബിജെപിയുടെ ”പ്രതീകാത്മക പ്രാതിനിധ്യം” വാഗ്ദാനം നിതീഷ് നിരസിച്ചിരുന്നു.
ലോക്‌സഭയില്‍ ജെഡിയുവിന് 16 എംപിമാരുള്ളതിനാല്‍ ബീഹാര്‍ മുഖ്യമന്ത്രി മന്ത്രിസഭയില്‍ ആനുപാതിക പ്രാതിനിധ്യമാണ് അന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് നിരസിക്കപ്പെട്ടപ്പോള്‍ പ്രകോപിതനായ നിതീഷ് പട്‌നയിലേക്ക് മടങ്ങി മന്ത്രിസഭ വിപുലീകരിച്ചു. അന്ന് മന്ത്രിസഭാ ഒഴിവുകള്‍ ജെഡിയു ബിജെപിക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് സംസ്ഥാന നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അതിനാല്‍ ജെഡിയുവിന് ബിജെപിയോട് ആവശ്യപ്പെടാനാവില്ല. അവരുടെ അഭിപ്രായത്തിനായി കാത്തുനില്‍ക്കാനെ നിര്‍വാഹമുള്ളു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാന മന്ത്രിസഭാ വിപുലീകരണവും അതിന്റെ തീയതിയും തീരുമാനിക്കുക എന്നതാണ് രസകരമായ കാര്യം. 243 അംഗ സഭയില്‍ 36 മന്ത്രിമാരുണ്ടാകണം. നിലവില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 15 മന്ത്രിമാരാണുത്. അതേസമയം മന്ത്രിസഭാ വിപുലീകരണം എത്രയും വേഗം നടക്കുമെന്ന് ബിഹാര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്സ്വാള്‍ പറയുന്നു.
ഇങ്ങനെയൊരവസ്ഥ ഇതിനുമുമ്പുണ്ടായിട്ടില്ലെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു. മന്ത്രിസഭ വിപുലീകരണം ഒരു മാസത്തിനുള്ളില്‍ നടക്കേണ്ടതാണ്. ഈ കാലതാമസം ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന ജെഡിയു എംഎല്‍എ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ബീഹാര്‍ മന്ത്രിമാര്‍ക്ക് തങ്ങളുടെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഏത് വകുപ്പാണ് തങ്ങള്‍ക്ക് ലഭിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും അവര്‍ക്ക് തീര്‍ച്ചയില്ല. കഴിഞ്ഞയാഴ്ച ഡെല്‍ഹിയില്‍ ഒരു മീറ്റിംഗ് നടന്നെങ്കിലും അതില്‍ അമിത് ഷാ പങ്കെടുത്തിരുന്നില്ല. എങ്കിലും ഉടന്‍ മന്ത്രിസഭാ വികസനം നടക്കുമെന്ന പ്രതീക്ഷ നിതീഷ് പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ വകുപ്പുകള്‍ സംബന്ധിച്ച തര്‍ക്കമാണ് മന്ത്രിസഭാ വികസനത്തിന് തടസമാകുന്നതെന്ന് പറയുന്നു. വിദ്യാഭ്യാസം, ജലവിഭവം തുടങ്ങിയ വകുപ്പുകള്‍ ബിജെപിക്ക് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ മന്ത്രിമാരുടെ പട്ടികയില്‍ രണ്ട് പേരുകള്‍ക്കെതിരെ നിതീഷിന് എതിര്‍പ്പുണ്ടെന്നും പറയുന്നു. അതേസമയം കൂടുതല്‍ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനും നിതീഷ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ഷഹാനവാസ് ഹുസൈനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ തന്ത്രത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പരസ്യമായി പുറത്തുവരും. ഇത് നിരവധി സന്ദേശങ്ങളും നല്‍കും.