ഒമ്പത് മാസത്തിനിടെ യുഎഇയിൽ നടന്നത് 68 ബില്യൺ ദിർഹത്തിന്റെ വാഹന വ്യാപാരം
1 min readകഴിഞ്ഞ ജനുവരി-സെപ്റ്റംബർ കാലയളവിൽ 1.26 ബില്യൺ ദിർഹത്തിന്റെ വാഹന കയറ്റുമതിയും 42 ബില്യൺ ദിർഹത്തിന്റെ വാഹന ഇറക്കുമതിയും യുഎഇയിൽ നടന്നു
ദുബായ് കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യുഎഇയിൽ 68.8 ബില്യൺ ദിർഹത്തിന്റെ (18.7 ബില്യൺ ഡോളർ) വാഹന വ്യാപാരം നടന്നതായി ഓദ്യോഗിക കണക്കുകൾ. ഗൾഫിൽ വാഹന വ്യാപാരത്തിന്റെ റി-എക്സ്പോർട്ട് ഹബ്ബായി മാറുകയെന്ന യുഎഇയുടെ ആഗ്രഹത്തിന് കരുത്ത് പകരുന്നതാണ് പുതിയ കണക്കുകൾ.
ജനുവരി-സെപ്റ്റംബർ മാസങ്ങളിൽ കാർ, ട്രാക്ടർ എന്നിവയുടെ പുനർ കയറ്റുമതി (റീ-എക്സ്പോർട്ട്) 25.6 ബില്യൺ ദിർഹത്തിലെത്തി. ഇക്കാലയളവിൽ 1.26 ബില്യൺ ദിർഹത്തിന്റെ വാഹന കയറ്റുമതിയും 42 ബില്യൺ ദിർഹത്തിന്റെ വാഹന ഇറക്കുമതിയും യുഎഇയിൽ നടന്നുവെന്ന് ഫെഡറൽ കോംപറ്റെറ്റീവ്നെസ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു.
എണ്ണ-ഇതര സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താൻ പരിശ്രമിക്കുന്ന യുഎഇ ഗൾഫിലെ പ്രധാന റീ-എക്സ്പോർട്ട് ഹബ്ബായി മാറാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി-സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ എണ്ണ-ഇതര വ്യാപാരത്തിന്റെ 6.6 ശതമാനം ഓട്ടോമോട്ടീവ് മേഖലയിൽ നിന്നായിരുന്നു.