കേരളത്തില്‍ റോഡുവികസനത്തിന് 65,000കോടി; കൊച്ചി മെട്രോയ്ക്കും സഹായം
1 min readന്യൂഡെല്‍ഹി: കേരളത്തിലെ 1,100 കിലോമീറ്റര്‍ ദേശീയപാതാ (എന്‍എച്ച്) റോഡുകളുടെ വികസനത്തിന് 65,000 കോടി രൂപയുടെ സഹായം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായി 1,957 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് രണ്ടാം ഘട്ടം കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ വിപുലീകരണത്തിലേക്ക് നയിക്കും.
മെട്രോ റെയില്‍ ശൃംഖല വിപുലീകരിക്കുന്നതിലൂടെയും സിറ്റി ബസ് സര്‍വീസ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും നഗരപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
- കൊച്ചി മെട്രോയ്ക്ക് 1957.05 കോടി രൂപ വകയിരുത്തി.
- ചെന്നൈ മെട്രോ റെയില്‍വേ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപ.
- ബെംഗളൂരു മെട്രോ റെയില്‍വേ പദ്ധതി രണ്ടാം ഘട്ടത്തിന് 14,788 കോടി
- നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതി രണ്ടാം ഘട്ടം, നാസിക് മെട്രോ എന്നിവ യഥാക്രമം 5,976 കോടി രൂപയും 2,092 കോടി രൂപയും.
പൊതു ബസ് ഗതാഗത സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 18,000 കോടി രൂപ ചെലവില്‍ പുതിയ പദ്ധതി ആരംഭിക്കും. 20,000 ത്തിലധികം ബസുകള്‍ക്ക് ധനസഹായം നല്‍കാനും അവ സ്വന്തമാക്കാനും സ്വകാര്യമേഖലയെ പ്രാപ്തമാക്കുന്നതിന് പിപിപി മോഡലുകള്‍ നടപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കും. പദ്ധതി വാഹന മേഖലയെ ശക്തിപ്പെടുത്തുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാവുകയും ചെയ്യും.
അതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മൊത്തം 702 കിലോമീറ്റര്‍ പരമ്പരാഗത മെട്രോയും 27 നഗരങ്ങളില്‍ 1,016 കിലോമീറ്റര്‍ മെട്രോയും ആര്‍ആര്‍ടിഎസും നിര്‍മ്മാണത്തിലാണ്.