മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ അറ്റാദായം 14 കോടി
1 min readകൊച്ചി: മൂത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ (മുത്തൂറ്റ് ബ്ലൂ) ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് (എംസിഎസ്എല്‍) ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ നേടിയ 19 കോടി അറ്റാദായത്തിന്റെ സ്ഥാനത്ത് ഇക്കുറി 14 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം.
ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതും ഓഡിറ്റ് ചെയ്യാത്തതുമായ ഫലങ്ങളനുസരിച്ച് ഈ പാദത്തില്‍ കമ്പനി 120.7 കോടി രൂപയുടെ വരുമാനം നേടി. പൊതുബിസിനസ് സാഹചര്യങ്ങള്‍ സാധാരണനിലയിലേയ്ക്ക് തിരിച്ചുവരുന്നുണ്ടെങ്കിലും ശ്രദ്ധാപൂര്‍വമാണ് കമ്പനിയുടെ ചുവടുവെയ്പുകള്‍ എന്നതിനാല്‍ 304 കോടി രൂപ മാത്രമാണ് ടൂ-വീലര്‍ വായ്പകളായി ഈ പാദത്തില്‍ നല്‍കിയത്. മൊത്തം 326 കോടിയുടെ വായ്പകള്‍ നല്‍കി. ഈ പാദത്തിന്റെ അന്ത്യത്തില്‍ കമ്പനി മാനേജ് ചെയ്യുന്ന മൊത്തം ആസ്തികള്‍ (എയുഎം) 2224 കോടി രൂപയുടേത് ആയിരുന്നു. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ ഇത് 2751 കോടി ആയിരുന്നു. അക്കാലയളവില്‍ 150.9 കോടിയുടെ വരുമാനവും നേടിയിരുന്നു.
അടിസ്ഥാനതലത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടുകയും കൂടുതല്‍ ഉപയോക്താക്കള്‍ ഡീലര്‍ പോയന്റുകളിലേക്ക് തിരിച്ചുവരികയും ചെയ്യുന്നുണ്ട്. എങ്കിലും ബിസിനസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുടെ കാലം തുടരുകയാണെന്ന് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. സാമൂഹിക അകലം പാലിക്കേണ്ടി വരുന്നത് തുടരുമെന്നതിനാല്‍ സ്വന്തം വാഹനം ആവശ്യമായി വരും എന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ബിസിനസ് സാഹചര്യങ്ങള്‍ ഭാവിയില്‍ മെച്ചപ്പെടുമെങ്കിലും കാര്യങ്ങള്‍ കോവിഡിനു മുമ്പത്തെ അവസ്ഥയിലെത്താന്‍ ഏതാനും മാസങ്ങള്‍ കൂടി വേണ്ടിവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായ്പാവിതരണത്തിലും ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഞങ്ങളുടെ ലിക്വിഡിറ്റി നില ശക്തമാണ്. ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള ചെലവിനത്തിലും കുറവു വരുന്നുണ്ട്. സര്‍ക്കാരും റിസര്‍വ് ബാങ്കും വാഗ്ദാനം ചെയ്യുന്ന പിന്തുണയും കൂറുള്ള ജീവനക്കാരും ഉപയോക്താക്കളും ചേരുമ്പോള്‍ കോവിഡാനന്തര വളര്‍ച്ച മികച്ചതാകുമെന്നാണ് പ്രതീക്ഷ,’ തോമസ് ജോര്‍ജ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.