ആര്‍ജിസിബി ദേശീയ മെറ്റാജെനോമിക്സ് പദ്ധതിയ്ക്കുള്ള എന്‍ജിഎസ് ഹബ്ബ്
തിരുവനന്തപുരം: നാഷണല്‍ വണ്‍ ഹെല്‍ത്ത് മിഷന്‍റെ ബൃഹത് പദ്ധതികളിലൊന്നായ മെറ്റാജെനോമിക് സിന്‍ഡ്രോമിക് സര്‍വൈലന്‍സ് പ്രോഗ്രാമിനുള്ള നാല് ദേശീയ നെക്സ്റ്റ്-ജനറേഷന്‍ സീക്വന്‍സിങ് (എന്‍ജിഎസ്) ഹബ്ബുകളിലൊന്നായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തുടനീളമുള്ള ഉറവിടം കണ്ടെത്താനാകാത്ത മാരകമായ പനികള്‍, എന്‍സെഫലൈറ്റിസ്, വിവിധതരം ഡൈയേറിയല്‍ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. സിന്‍ഡ്രോമിക് സ്ക്രീനിംഗ് മെറ്റാജെനോമിക് സീക്വന്‍സിങ്ങുമായി സംയോജിപ്പിച്ചുകൊണ്ട് പുതിയതോ അപൂര്‍വമായതോ ആയ രോഗകാരികളെ ഒരേസമയം കണ്ടെത്താന്‍ ഈ പ്രോഗ്രാമിലൂടെ സാധിക്കും. സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിസിഎംബി), ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനിറ്റിക്സ് ആന്‍ഡ് സൊസൈറ്റി (ടിഐജിഎസ്), ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്‍റര്‍ (ജിബിആര്‍സി), ഐസിഎംആര്‍-എന്‍ഐഇ ചെന്നൈ, ഐസിഎംആര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അക്യൂട്ട് ഫെബ്രൈല്‍ ഇല്‍നെസ് (എഎഫ്ഐ) ഗവേഷണത്തിനുള്ള എന്‍ജിഎസ് ഹബ്ബായ ആര്‍ജിസിബി യിലെ ബയോ സേഫ്റ്റി ലെവല്‍-3(ബിഎസ്എല്‍-3) ലാബ് മെറ്റാജെനോമിക്സ് പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്തുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ (അഡീഷണല്‍ ചാര്‍ജ്) ഡോ. ടി ആര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. വൈറല്‍ ജീനോമിക്സ്, ഹോസ്റ്റ് പാത്തജന്‍ ഇന്‍ററാക്ഷന്‍ പോലുള്ള മേഖലകളിലെ പ്രാവീണ്യം ഉപയോഗപ്പെടുത്തി രാജ്യമൊട്ടാകെയുള്ള സര്‍വൈലന്‍സ് സൈറ്റുകളിലെ ആയിരക്കണക്കിന് സാമ്പിളുകള്‍ വിശകലനം ചെയ്താണ് രോഗകാരികളെ കണ്ടെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍റെ (പിഎം-അഭിം) ദേശീയ പാന്‍ഡെമിക് സര്‍വൈെലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ഗവേഷണങ്ങള്‍ക്ക് 2023 മുതല്‍ ആര്‍ജിസിബിയിലെ ബയോ സേഫ്റ്റി ലെവല്‍-3 ലാബ് ചുക്കാന്‍ പിടിക്കുന്നു. ആര്‍ജിസിബി പത്തോജന്‍ ബയോളജി വിഭാഗത്തിലെ സീനിയര്‍ ശാസ്ത്രജ്ഞനും ബിഎസ്എല്‍ -3 ലാബിന്‍റെ ഫാക്കല്‍റ്റി ഇന്‍ ചാര്‍ജുമായ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പദ്ധതിക്ക് നേതൃത്വം നല്‍കും. ജീനോമിക് സര്‍വൈലന്‍സിലൂടെ വിവിധ സാംക്രമിക രോഗാണുക്കളേയും ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് പാറ്റേണുകളേയും മുന്‍കൂട്ടി തിരിച്ചറിയാനും ക്രിയാത്മക പരിപാരങ്ങള്‍ കാണാനും ഇതിലൂടെ സാധിക്കും. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയിലൂടെ പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകും. മനുഷ്യനേയും മറ്റ് ജീവജാലങ്ങളേയും പരിസ്ഥിതിയേയും ബന്ധിപ്പിക്കുന്നതും പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്നതുമായ ഒരു ഏകീകൃത വണ്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ചട്ടക്കൂട് നിര്‍മ്മിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് മെറ്റാജെനോമിക്സ് പദ്ധതി.
