കേരള മെഡിക്കല്‍ വാല്യു ട്രാവല്‍ സൊസൈറ്റി വെബ് പോര്‍ട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ആരോഗ്യ ടൂറിസം മേഖലയിലെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ടുള്ള കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ സൊസൈറ്റി (കെഎംവിടിഎസ്) യുടെ വെബ് പോര്‍ട്ടല്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ സൊസൈറ്റിയ്ക്ക് ആവശ്യമായ പിന്തുണ കെഎസ്ഐഡിസി ലഭ്യമാക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചികിത്സ തേടി കേരളത്തിലെത്തുന്നവര്‍ക്ക് ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏകീകൃത പ്ലാറ്റ് ഫോം ഉറപ്പാക്കുന്നതിന് സംയോജിത പോര്‍ട്ടല്‍ സഹായകമാകും. കേരള ട്രാവല്‍ മാര്‍ട്ട് 2015 നോടനുബന്ധിച്ച് കേരള ഹെല്‍ത്ത് സമ്മിറ്റിന്‍റെ ഭാഗമായി ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന്‍റെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാനും ഈ രംഗത്ത് മികച്ച വളര്‍ച്ച നേടാനും വേണ്ടിയാണ് കെഎംവിടിഎസ് രൂപീകരിച്ചത്. സംസ്ഥാനത്തെ ആരോഗ്യ ടൂറിസം മേഖലയ്ക്ക് ഉത്തേജനം നല്‍കുക, 2030 ഓടെ കേരളത്തെ ഒരു ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനുള്ള ലക്ഷ്യങ്ങള്‍ നടപ്പാക്കുക, സംസ്ഥാനത്തിന്‍റെ ആരോഗ്യ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ആരോഗ്യ ടൂറിസവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, മെഡിക്കല്‍ ടൂറിസത്തിന്‍റെ വിജയത്തിന് ആവശ്യമായ ഘടകങ്ങളെക്കുറിച്ച് സാങ്കേതിക സെഷനുകള്‍ നടത്തുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചികിത്സ തേടി കേരളത്തിലെത്തുന്നവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കും. ആഗോള ആരോഗ്യ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്നതിലൂടെ രോഗി സുരക്ഷ ഉറപ്പാക്കി കേരളത്തിന്‍റെ ആരോഗ്യ സംരക്ഷണ വാഗ്ദാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാധിക്കും. ആഗോള തലത്തിലെ ഉയര്‍ന്ന ചികിത്സാനിലവാരം നിലനിര്‍ത്തിക്കൊണ്ടുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്ക് സാധിക്കുമെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ആഗോള പ്രമോഷന്‍ കാമ്പെയ്ന്‍ ആരംഭിക്കുക ഇന്ത്യയുടെ 8 ബില്യണ്‍ യുഎസ് ഡോളറിന്‍റെ മെഡിക്കല്‍ ടൂറിസം വിപണിയുടെ കുറഞ്ഞത് 10% പിടിച്ചെടുക്കുക എന്നതാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ആഗോള പ്രമോഷന്‍ കാമ്പെയ്ന്‍ ആരംഭിക്കും. എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളുടെ ശക്തമായ ശൃംഖല, വിദേശ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്സിംഗ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളാണ് കേരളത്തിലുള്ളത്. വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തുന്ന ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യമുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍, കുറഞ്ഞ ചികിത്സാ ചെലവുകള്‍ തുടങ്ങിയവ സംസ്ഥാനത്തിന്‍റെ മേന്‍മകളാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യമേഖലയില്‍ കേരളത്തിന് വളരെ മികച്ച മുന്നേറ്റമാണ്. ആരോഗ്യ ടൂറിസത്തിന്‍റെ ഭാഗമായി ചികിത്സകള്‍ക്കായി ധാരാളം ആളുകള്‍ കേരളത്തിലേക്കെത്തുമെന്നും അത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഈ വര്‍ഷം ഫെബ്രുവരിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ വിജയം അനുകരിക്കാന്‍ കെഎംവിടിഎസ് ശ്രമിക്കണം. അതിന്‍റെ ഭാഗമായുള്ള പദ്ധതി നിര്‍ദ്ദേശങ്ങളില്‍ 25 ശതമാനവും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണ ഘട്ടത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെഎസ്ഐഡിസി എംഡി വിഷ്ണുരാജ് .പി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് കിംസ് ഗ്രൂപ്പ് ഹെല്‍ത്ത് ഹെഡ് വിനോദ് വൈ ആര്‍,എസ്പി മെഡിഫോര്‍ട്ടിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആദിത്യ, അമൃത ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് രേഷ്മ എസ് എ, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ജയചന്ദ്രന്‍ എംവി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ നിക്ഷേപ പ്രോത്സാഹന വിഭാഗമായ കെഎസ്ഐഡിസിയുടെ സജീവമായ ഇടപെടല്‍ കാരണം കേരള മെഡിക്കല്‍ വാല്യു ട്രാവല്‍ സൊസൈറ്റിയുടെ (കെഎംവിടിഎസ്) പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചതായി എസ്പി മെഡിഫോര്‍ട്ടിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും കെഎംവിടിഎസ് സെക്രട്ടറിയുമായ ഡോ. ആദിത്യ പറഞ്ഞു. ആരോഗ്യ സംരക്ഷണ വ്യവസായത്തിലെ പങ്കാളികള്‍ മുന്‍നിര ആശുപത്രികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, ആഗോള പ്രമോഷന്‍ കാമ്പെയ്ന്‍ ആരംഭിക്കുക, അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കുക, ഒരു അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കുക തുടങ്ങിയവയും കെഎംവിടിഎസിലൂടെ സാധ്യമാകും. കിംസ് ഹെല്‍ത്ത്കെയറിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് (പ്രസിഡന്‍റ്), എസ്പി മെഡിഫോര്‍ട്ടിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആദിത്യ (സെക്രട്ടറി), ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ ജയേഷ് വി. നായര്‍ (ട്രഷറര്‍) എന്നിവരാണ് കെഎംവിടിഎസ് ഭാരവാഹികള്‍. പോര്‍ട്ടലിലേക്കുള്ള ലിങ്ക് (https://kmvts.kerala.gov.in) ആണ്.