October 6, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തദ്ദേശീയ ഡ്രോണ്‍ സാങ്കേതികവിദ്യക്ക് മികച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്കാരം

1 min read

തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷക ക്ഷേമവകുപ്പിന്‍റെ മികച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്കാരത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു (കെഎസ് യുഎം) കീഴിലുള്ള ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ ഫ്യൂസലേജ് ഇന്നൊവേഷന്‍സ് അര്‍ഹമായി. കാര്‍ഷിക വിളവ് വര്‍ദ്ധിപ്പിക്കാനും രാസകീടനാശിനി ഉപയോഗം കുറയ്ക്കാനും സഹായകമായ ഫ്യൂസലേജിന്‍റെ തദ്ദേശ കാര്‍ഷിക ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ പരിഗണിച്ചാണ് അംഗീകാരം. വളം, കീടനാശിനി എന്നിവ കൃത്യതയോടെ ഉപയോഗിക്കാനുള്ള ഡ്രോണുകളാണ് ഫ്യൂസലേജ് വികസിപ്പിച്ചത്. വിളകള്‍ക്ക് വെള്ളവും വളവും കൃത്യമായ അളവില്‍ സ്പ്രേ ചെയ്യാന്‍ സഹായിക്കുന്ന ‘ഫിയ ക്യുഡി10’ സ്പ്രെയിംഗ് ഡ്രോണ്‍, ‘നിരീക്ഷ്’ കാര്‍ഷിക നിരീക്ഷണ ഡ്രോണ്‍ എന്നിവയാണ് ഫ്യൂസലേജ് വികസിപ്പിച്ച ഡ്രോണുകള്‍. കളമശ്ശേരി മേക്കര്‍ വില്ലേജിലാണ് ഫ്യൂസലേജ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി സുസ്ഥിര സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഫ്യൂസലേജിന് ലഭിച്ച പുരസ്കാരമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഫ്യൂസലേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നബാര്‍ഡ്,റബര്‍ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ 2500 ലധികം കര്‍ഷകര്‍ക്ക് ഡ്രോണ്‍ സേവനങ്ങള്‍ ഫ്യൂസലേജ് നല്കുന്നുണ്ട്. 2.5 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ സേവനം എത്തിച്ചിട്ടുള്ള കമ്പനി തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണുകള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല മേധാവി ബെറിന്‍ പത്രോസ്, സിഎംഇടി തൃശൂര്‍ മേധാവി ഡോ. എ സീമ, സാമ്പത്തിക വിദഗ്ധര്‍ ഗിരിശങ്കര്‍ ഗണേഷ്, ഹേമന്ദ് മാത്തൂര്‍ എന്നിവര്‍ കമ്പനി ഉപദേശകരാണ്. ഫ്യൂസലേജ് ഇന്നൊവേഷന്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്കിയ പിന്തുണ വലുതാണെന്ന് ഫ്യൂസലേജ് ഇന്നൊവേഷന്‍സ് എംഡി ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഫ്യൂസലേജ് വികസിപ്പിച്ച ഡ്രോണുകള്‍ 30 മുതല്‍ 40 ശതമാനം വരെ വിളവുയര്‍ത്താനും കീടനാശിനി ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാനും സഹായിക്കും. ഡ്രോണ്‍ സാങ്കേതികവിദ്യ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാനും അവരുടെ വരുമാനം കൂട്ടാനുമുള്ള പിന്തുണ ഫ്യൂസലേജ് നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഒരുങ്ങി കമ്പനികൾ
Maintained By : Studio3