ഇന്ത്യ മഹാമാരിയെ വിജയകരമായി നേരിട്ടു. വൈറസ് വ്യാപനത്തില്‍ വന്‍കുറവ്: മന്ത്രി
1 min readന്യൂഡെല്‍ഹി: കൊറോണ വൈറസ് കേസുകളില്‍ രാജ്യത്ത് വന്‍ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘ഹോള്‍ ഓഫ് ഗവണ്‍മെന്റ്’, ‘ഹോള്‍ ഓഫ് സൊസൈറ്റി’ സമീപനത്തിലൂടെ ഇന്ത്യയിലെ മഹാമാരിയുടെ വ്യാപനം കുറയ്ക്കാനായതായി കോവിഡ് സംബന്ധിച്ച മന്ത്രിമാരുടെ 23-ാമത് യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 21 ദിവസമായി രാജ്യത്ത് പ്രതിദിനം 20,000 ത്തില്‍ താഴെ പുതിയ അണുബാധകള്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 31 ദിവസമായി മരണസംഖ്യ 300 ല്‍ താഴെയാണ്. നാലുമാസത്തിലേറെയായി ഈ സംഖ്യ ക്രമാനുഗതമായി കുറയുന്നു. സെപ്റ്റംബര്‍ 17 നാണ് 97,894 അണുബാധകള്‍ ഒറ്റ ദിവസം കൊണ്ട് കണ്ടെത്തിയത്.
കഴിഞ്ഞ ഏഴ് ദിവസങ്ങളായി 146 ജില്ലകളില്‍ പുതിയ അണുബാധകളൊന്നുമില്ല. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ അത് 18 ജില്ലകളിലായിരുന്നു. 21 ദിവസത്തില്‍ 6 ജില്ലകളിലായിരുന്നു ഈ അവസ്ഥ ഉണ്ടായിരുന്നത്. നേട്ടങ്ങള്‍ വിശദീകരിച്ച് മന്ത്രി പറഞ്ഞു. ഇതുവരെ 19.5 കോടിയിലധികംപേരില്‍ നടത്തിയ പ്രോ-ആക്റ്റീവ് ടെസ്റ്റിംഗിലൂടെയാണ് ഇത് നേടിയത്. നിലവിലെ പരിശോധനാ ശേഷി പ്രതിദിനം 12 ലക്ഷമാണ്.
സജീവമായ കേസുകളില്‍ 0.46 ശതമാനം വെന്റിലേറ്ററുകളിലാണെന്നും 2.20 ശതമാനം ഐസിയുവിലാണെന്നും 3.02 ശതമാനം ഓക്‌സിജന്‍ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു. യുകെയില്‍ നിന്ന് കണ്ടെത്തിയ വൈറസിന്റെ മ്യൂട്ടന്റ് വേരിയന്റിലെ 165 കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളെ കര്‍ശന നിരീക്ഷണത്തിലുള്ള ക്വാറന്റൈനിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇത്തരം ആഗോള പൊതുജനാരോഗ്യ പ്രതിസന്ധികളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് ഇന്ത്യ മറ്റ് രാജ്യങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നും നിരവധി രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ” ഈ നിര്‍ണായക സമയത്ത് തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനുകള്‍ വിതരണം ചെയ്തുകൊണ്ട് ഇന്ത്യ ആഗോള വിശ്വാസം നേടി”, വര്‍ധന്‍ പറഞ്ഞു