വിഷന്‍ ഐഎന്‍ ഇനി സ്‌കോഡ കുശാക്ക്
1 min readപ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി നിര്‍മിക്കുന്ന വാഹനത്തിന് സംസ്‌കൃത പേരാണ് തെരഞ്ഞെടുത്തത്
സ്‌കോഡ വിഷന്‍ ഐഎന്‍ എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ചു. സ്‌കോഡ കുശാക്ക് എന്നായിരിക്കും പുതിയ എസ്‌യുവി അറിയപ്പെടുന്നത്. ചെക്ക് കാര്‍ നിര്‍മാതാക്കള്‍ പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി നിര്‍മിക്കുന്ന വാഹനത്തിന് സംസ്‌കൃത പേരാണ് തെരഞ്ഞെടുത്തത്. രാജാവ്, ചക്രവര്‍ത്തി എന്നെല്ലാമാണ് കുശാക്ക് എന്ന പേരിന് അര്‍ത്ഥം. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അവസാന അക്ഷരമായ ‘കെ’ ഒഴിവാക്കി പകരം സ്‌കോഡ എസ്‌യുവികളുടെ തനതു ശൈലിയില്‍ ‘ക്യു’ എന്ന് ഉപയോഗിച്ചു.
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായാണ് സ്‌കോഡ കുശാക്ക്
വിപണിയിലെത്തുന്നത്. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമാക്കുന്നത്. ഉല്‍പ്പാദനത്തിന് തയ്യാറായ (പ്രൊഡക്ഷന്‍ റെഡി) സ്‌കോഡ കുശാക്ക് മാര്‍ച്ച് മാസത്തോടെ അനാവരണം ചെയ്യും. വിപണി അവതരണം പിന്നീട് നടക്കും.
1.0 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളായിരിക്കും ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുടെയും കൂടെ 7 സ്പീഡ് ഡിസിടി ചേര്‍ത്തുവെയ്ക്കും. 1.0 ലിറ്റര്‍ എന്‍ജിന്‍- 6 സ്പീഡ് മാന്വല്‍ കൂട്ടുകെട്ടിലും സ്‌കോഡ കുശാക്ക് ലഭിക്കും.