ജിയോ പ്ലാറ്റ്‌ഫോംസ് അറ്റാദായത്തിൽ 25.7 ശതമാനം വര്‍ധന

ജിയോബുക്ക് നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിയായ ബ്ലൂബാങ്ക് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി റിലയന്‍സ് ജിയോ പങ്കാളിത്തം സ്ഥാപിച്ചതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ നേടിയത് 25.7 ശതമാനം വര്‍ധനവ്. വെള്ളിയാഴ്ച്ച കമ്പനി പുറത്തുവിട്ട 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ ഫലങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. 7022 കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ നികുതിക്ക് ശേഷമുള്ള ലാഭം. പ്രതിഉപഭോക്താവിന് മേലുള്ള ശരാശരി വരുമാനത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ ജിയോ പ്ലാറ്റ്‌ഫോംസിനായി. മുന്‍സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 5587 കോടി രൂപയുടെ ലാഭമാണ് ജിയോ പ്ലാറ്റ്‌ഫോംസ് രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍ പ്രതിഉപയോക്താവിന് മേലുള്ള ശരാശരി വരുമാനം (എആര്‍പിയു) 13.5 ശതമാനം വര്‍ധിച്ച് 206.2 രൂപയിലെത്തി. 2024 മാര്‍ച്ച് പാദത്തില്‍ ഇത് 181.7 രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ വരുമാനം 17.7 ശതമാനം വര്‍ധിച്ച് 33,986 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ ടെലികോം സേവനവിഭാഗമായ റിലയന്‍സ് ജിയോയില്‍ നിന്നുള്ള വരുമാനവും ഉള്‍പ്പെടും. 2024 മാര്‍ച്ച് പാദത്തില്‍ 28,871 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 22 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. 26,120 കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം ഇത് 21,434 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രവര്‍ത്തന വരുമാനം 17 ശതമാനം വര്‍ധനയോടെ 128218 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,09,558 കോടി രൂപയായിരുന്നു.