വിപിന്‍ കുമാര്‍.എസ് ഐടി പാര്‍ക്കുകളുടെ സിഎഫ്ഒ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളുടെ പുതിയ ചീഫ് ഫിനാന്‍സ് ഓഫീസറായി (സിഎഫ്ഒ) വിപിന്‍ കുമാര്‍. എസ് ചുമതലയേറ്റു. നിലവില്‍ സിഎഫ്ഒ ആയിരുന്ന ജയന്തി .എല്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനായത്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍റ് ബോര്‍ഡില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) ആയിരുന്നു വിപിന്‍ കുമാര്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍, ധനലക്ഷ്മി ബാങ്കില്‍ റിസ്ക് മാനേജര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ ക്രെഡിറ്റ് മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ (ഐഐഎംകെ) നിന്ന് കോര്‍പ്പറേറ്റ് ഫിനാന്‍സ് ആന്‍റ് റിസ്ക് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദമുള്ള വിപിന്‍ കുമാര്‍ സര്‍ട്ടിഫൈഡ് ഫോറന്‍സിക് ഓഡിറ്ററാണ്. കൊല്ലം സ്വദേശിയായ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയിലെ അംഗവുമാണ്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കൊമേഴ്സ് ബിരുദം, കേരള ലോ അക്കാദമിയില്‍ നിന്നുള്ള നിയമ ബിരുദം എന്നിവയ്ക്ക് പുറമെ സിഎഐഐബി-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, എസിഎസ്-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള അക്കാദമിക് യോഗ്യതയും അദ്ദേഹത്തിനുണ്ട്.