നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണം
1 min read
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിനിടയില്‍ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പിന്തുണയോടെ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ) സംഘടിപ്പിച്ച 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ ജനുവരി 12 വരെയാണ് സമ്മേളനം. ‘ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള ടൗണ്‍ പ്ലാനേഴ്സും നയരൂപകര്‍ത്താക്കളും പങ്കെടുക്കുന്നുണ്ട്. നഗരങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനം വെല്ലുവിളി നേരിടുന്നതിനാല്‍ ടൗണ്‍ പ്ലാനേഴ്സിന്‍റെ തൊഴില്‍ രീതി പുനര്‍നിര്‍വചിക്കണമെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത സമീപനത്തിനപ്പുറം നഗരാസൂത്രകര്‍ സംയോജിത ആസൂത്രണത്തിലേക്ക് മാറണം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കണം. വലിയ കാലാവസ്ഥാ പ്രശ്നങ്ങള്‍ നേരിടുന്നതിനും ഉടനടി അനന്തരഫലങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിലും ഭവന നിര്‍മ്മാണം, മാലിന്യ സംസ്കരണം തുടങ്ങിയ മറ്റ് പ്രധാന പ്രശ്നങ്ങളിലും ഇത് ആവശ്യമാണ്. നഗരങ്ങളുടെ സുസ്ഥിര വികസനത്തിനായി കേരളം നിരവധി സംരംഭങ്ങള്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വെല്ലുവിളികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്നതിനാണ് കേരളം ഊന്നല്‍ നല്‍കുന്നത്. നഗര വികസനത്തെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാന്‍ അര്‍ബന്‍ പോളിസി കമ്മീഷന്‍ രൂപീകരിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കമ്മീഷന്‍ അതിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ അവതരിപ്പിക്കും. നഗര-ഗ്രാമ വിഭജനം വളരെ കുറവായ കേരളത്തിന് നഗര വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രധാനമാണ്. കേരളത്തിലെ നഗര ജനസംഖ്യയുടെ വാര്‍ഷിക വളര്‍ച്ച രാജ്യത്തിന്‍റെയും ആഗോള ശരാശരിയുടെയും ഇരട്ടിയാണ്. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് സംസ്ഥാനം മുന്‍കൈയെടുത്ത് വലിയ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യുഎന്‍ഡിപിയുടെ സഹായത്തോടെ 268 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാന പ്രാദേശിക പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നാഗരിക സേവനങ്ങളുടെ ആസൂത്രണത്തിലും വിതരണത്തിലും ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും സംസ്ഥാനം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടിപിഐ സുവനീറിന്‍റെ പ്രകാശനവും ടൗണ്‍ പ്ലാനേഴ്സ് രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായ എക്സിബിഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പോലുള്ള ഗുരുതരമായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നൂതന പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സമ്മേളനത്തില്‍ വായിച്ച സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രാദേശിക വികസനത്തില്‍ പ്രധാനമായ വികേന്ദ്രീകൃത ആസൂത്രണത്തിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നഗര ആസൂത്രണത്തിലും വികസനത്തിലും പുതിയ സാങ്കേതികവിദ്യ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സന്ദേശത്തില്‍ പറഞ്ഞു. ഭവന നിര്‍മ്മാണം, മാലിന്യ സംസ്കരണം തുടങ്ങി നഗരങ്ങളിലെ പ്രധാന പ്രശ്നങ്ങള്‍ ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയില്‍ ആസൂത്രണം ചെയ്യുന്നത് സംസ്ഥാന അര്‍ബന്‍ പോളിസി കമ്മീഷന്‍ പരിശോധിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഓണ്‍ലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നഗരാസൂത്രണത്തില്‍ സാങ്കേതികവിദ്യയുടെ മികവാര്‍ന്ന സംയോജനം സാധ്യമാക്കുന്നതിലൂടെ നഗരവത്കരണം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായെന്ന് ഐടിപിഐ പ്രസിഡന്‍റ് എന്‍.കെ പട്ടേല്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങള്‍ നേരിടുന്നതിന് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ പ്രയോജനപ്പെടുത്തി ഭാവിയിലെ നഗരവികസനം ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എച്ച്സിപി ഡിസൈന്‍ ചെയര്‍മാനും അഹമ്മദാബാദിലെ സിഇപിടി യൂണിവേഴ്സിറ്റി മുന്‍ പ്രസിഡന്‍റുമായ ഡോ. ബിമല്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി.