യഥാര്‍ഥ കഥ പൂര്‍ണമായി ലോകത്തോട് പറയാന്‍ ഇനിയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല
തിരുവനന്തപുരം: രാജ്യത്തിന്‍റെ യഥാര്‍ഥ കഥ പൂര്‍ണമായി ലോകത്തോട് പറയാന്‍ ഇനിയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍റിംപിള്‍. സില്‍ക്ക് റൂട്ട് വ്യാപാരപാതയ്ക്ക് ചൈന വലിയ പ്രചാരം കൊടുത്തതു പോലെ ഇന്ത്യയുടെ നേട്ടങ്ങളും ആര്‍ജ്ജിച്ച വിജ്ഞാനവും വേണ്ടത്ര പുറംലോകത്ത് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡാല്‍റിംപിള്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ ആറാം പതിപ്പില്‍ ദി ഗോള്‍ഡന്‍ റോഡ്: ഹൗ ആന്‍ഷ്യന്‍റ് ഇന്ത്യ ട്രാന്‍സ്ഫോര്‍മ്ഡ് ദ വേള്‍ഡ്’ എന്ന തന്‍റെ പുതിയ കൃതിയെ മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വികസിപ്പിച്ച വിജ്ഞാനം ഇന്ത്യക്കെതിരെ തന്നെ പ്രയോഗിച്ചാണ് യൂറോപ്പുകാര്‍ അധിനിവേശം സ്ഥാപിച്ചതും വ്യാപാരത്തില്‍ ഉള്‍പ്പെടെ നേട്ടങ്ങളുണ്ടാക്കിയതെന്നും ഡാല്‍റിംപിള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും മറ്റേതൊരു പ്രാചീന സംസ്കൃതിയേക്കാള്‍ വിപുലമാണ്. അത് ലോകത്തെ ശക്തമായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ മഹത്തായ കഥയുടെ തീരെച്ചെറിയ അംശം മാത്രമാണ് ഇന്ത്യക്ക് ഇതുവരെ ലോകത്തോട് പറയാന്‍ കഴിഞ്ഞിട്ടുള്ളത്. ബുദ്ധിസം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ വലിയ സംഭാവന മുന്നോട്ടുവയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ കണ്ടെത്തലുകളുടെ ഗുണഫലം ലഭിച്ചത് പാശ്ചാത്യ രാജ്യങ്ങള്‍ക്കാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തെളിവുകളോടെയുള്ള ഇന്ത്യയുടെ പല കണ്ടെത്തലുകളുടെയും കീര്‍ത്തി അതോടെ മറ്റു രാജ്യങ്ങള്‍ക്കായി. ഇന്ത്യന്‍ ഗണിതം പാശ്ചാത്യര്‍ പഠിച്ചത് ശാസ്ത്രചരിത്രത്തിന്‍റെ ഭാഗമായാണ്. ബുദ്ധിസത്തിന്‍റെ വ്യാപനം പോലും ചൈനയുമായി കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയുണ്ടായി. പ്രപഞ്ചത്തിന്‍റെ കേന്ദ്രം ഭൂമിയല്ലെന്ന് ഗലീലിയോ പറയുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യക്കാരനായ ആര്യഭടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലോകത്തിന്‍റെ അംഗീകാരം ലഭിച്ചത് ഗലീലിയോയുടെ കണ്ടെത്തലിനാണ്. പൂജ്യം കണ്ടെത്തിയതിന്‍റെ നേട്ടം വിഭജിക്കപ്പെട്ടു പോയതും ഇതു പോലെയാണ്. ആര്‍ക്കമെഡിസിനെയും ഗലീലിയോയെയും ലോകത്തിന് അറിയാം. എന്നാല്‍ ലോകത്തിന് പൂജ്യം എന്ന വിലപ്പെട്ട സംഭാവന ചെയ്ത ബ്രഹ്മഗുപ്തനെയും ആര്യഭടനെയും എത്ര പേര്‍ക്കറിയാമെന്നും ഡാല്‍റിംപിള്‍ ചോദിച്ചു. ഇന്ത്യയുടെ സംഭാവനകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നു. നളന്ദ സര്‍വകലാശാലയുടെ പത്ത് ശതമാനം മാത്രമേ ഇതുവരെ പര്യവേഷണം ചെയ്തിട്ടുള്ളൂ എന്നത് ഇതിനെ സാധൂകരിക്കുന്നു. ഇന്ത്യന്‍ ശാസ്ത്രം, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവ ലോകത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ഡാല്‍റിംപിള്‍ പറഞ്ഞു. പ്രാചീന ഇന്ത്യയിലെ സമുദ്രമാര്‍ഗങ്ങള്‍ ചൈനയുടെ പട്ടുപാതയെക്കാള്‍ സാംസ്കാരികമായും വാണിജ്യപരമായും തിരക്കേറിയതായിരുന്നു. റോമും ഈജിപ്തുമായി ഇന്ത്യന്‍ തീരങ്ങള്‍, പ്രത്യേകിച്ച് മുസിരിസുമായി സമുദ്രമാര്‍ഗേണ ഉണ്ടായിരുന്ന ബന്ധം പ്രധാനമായിരുന്നു. മെഡിറ്ററേനിയന്‍, പശ്ചിമ, പൂര്‍വ്വേഷ്യന്‍ സമൂഹങ്ങളില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ ഇന്ത്യക്കായിട്ടുണ്ടെന്നും ഡാല്‍ റിംപിള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ കേന്ദ്രീകൃത ഗ്രന്ഥരചനയിലൂടെ ശ്രദ്ധേയനാണ് ബ്രോഡ്കാസ്റ്റര്‍, ആര്‍ട്ട് ഹിസ്റ്റോറിയന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വില്യം ഡാല്‍റിംപിള്‍. സിറ്റി ഓഫ് ജിന്‍സ്, ദി ലാസ്റ്റ് മുഗള്‍, ദി അനാര്‍ക്കി എന്നീ പുസ്തകങ്ങള്‍ ഡാല്‍റിംപിളിന്‍റെ ബെസ്റ്റ് സെല്ലറുകളാണ്.