December 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിനായി യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ്എക്സ്) പങ്കാളിത്തത്തില്‍. സ്പേസ് എക്സുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹെക്സ്20. ‘നിള’ എന്നാണ് സാറ്റലൈറ്റിന് പേര് നല്‍കിയിരിക്കുന്നത്. ടെക്നോപാര്‍ക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 2025 ഫെബ്രുവരിയില്‍ ട്രാന്‍സ്പോര്‍ട്ടര്‍-13 ദൗത്യത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഹെക്സ്20 ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളുടെ തുടക്കം കുറിക്കും. തിരുവനന്തപുരത്തെ മേനംകുളം മരിയന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സാറ്റലൈറ്റ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളിനായി ഒരു ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഹെക്സ്20 പദ്ധതിയിടുന്നു. ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനില്‍ ലഭിക്കും. ഗ്രൗണ്ട് സ്റ്റേഷന്‍ സൗകര്യം പ്രവര്‍ത്തിപ്പിക്കുന്നതിന് കോളേജിലെ ഫാക്കല്‍റ്റി അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു ടീമിനെ ഹെക്സ്20 പരിശീലിപ്പിക്കുന്നു. തിരുവനന്തപുരത്തിന് ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജസ്വലമായ ആവാസവ്യവസ്ഥയുണ്ടെന്ന് ഹെക്സ്20 സഹസ്ഥാപകനും ഡയറക്ടറുമായ എം.ബി. അരവിന്ദ് പറഞ്ഞു. ചെറുകിട ഉപഗ്രഹ വികസനം, സബ് സിസ്റ്റം വികസനം, ഗ്രൗണ്ട് സ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവയില്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കുന്നതിനായി അക്കാദമിക് സ്ഥാപനങ്ങളുമായി ഹെക്സ്20 ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി (ഐഐഎസ്ടി) സഹകരണത്തിന്‍റെ സാധ്യമായ മേഖലകളെക്കുറിച്ച് ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. നിള ദൗത്യത്തിനായി ഹെക്സ്20 പേലോഡ് ന്യൂട്രല്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കുന്നുണ്ട്. ഹെക്സ്20 തദ്ദേശീയമായി വികസിപ്പിച്ച ഉപസംവിധാനങ്ങളും ജര്‍മ്മന്‍ കമ്പനിയായ ഡിക്യൂബ്ഡിന്‍റെ ഇന്‍-ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷനുള്ള പേലോഡും ദൗത്യത്തില്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിലെ സാങ്കേതിക കണ്‍സള്‍ട്ടേഷനുകളുമായി ബന്ധപ്പെട്ട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള സ്പേസ് പാര്‍ക്ക്, ഇന്‍ സ്പേസ്, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ഹെക്സ്20 ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി സഹസ്ഥാപകനും ഡയറക്ടറുമായ അനുരാഗ് രഘു പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ കമ്പനിയുടെ 50 കിലോഗ്രാം ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിയില്‍ വിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ബഹിരാകാശവാഹന ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം ഹെക്സ്20യുടെ ഫ്ലാറ്റ് സാറ്റിലൂടെയും കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാമുകളിലൂടെയും ആഗോളതലത്തില്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പേസ് എക്സിന്‍റെ പങ്കാളിത്തത്തോടെ ടെക്നോപാര്‍ക്കിലെ ബഹിരാകാശ സാങ്കേതിക വിദ്യ അധിഷ്ഠിത കമ്പനിയായ ഹെക്സ്20 ഉപഗ്രഹ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നുവെന്നത് അഭിമാനകരമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ടെക്നോപാര്‍ക്കില്‍ നിന്നുള്ള വിവിധ കമ്പനികള്‍ അതിശയകരമായ വളര്‍ച്ചയാണ് നേടുന്നത്. ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ (ടെക്നോസിറ്റി) കേരള സ്പേസ് പാര്‍ക്കിലൂടെ ബഹിരാകാശം, പ്രതിരോധം, വ്യോമയാനം എന്നീ മേഖലകളില്‍ ഇന്നൊവേഷന്‍ നടത്താനും കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു. ടെക്നോസിറ്റിയിലെ വികസിച്ചുകൊണ്ടിരിക്കുന്ന മള്‍ട്ടി-ഡൊമെയ്ന്‍ ക്ലസ്റ്ററുകള്‍ തിരുവനന്തപുരത്തെ ‘ഡെസ്റ്റിനേഷന്‍ നെക്സ്റ്റ്’ ആക്കിമാറ്റുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി തിരുവനന്തപുരം ഉയര്‍ന്നുവരുകയും തന്ത്രപ്രധാനമായ വ്യവസായങ്ങളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ദൗത്യ സാങ്കേതിക നിര്‍മ്മാണ രംഗത്തെ പ്രമുഖ ജാപ്പനീസ് കമ്പനിയായ ഐസ്പേസ് ഐഎന്‍സിയുമായി കഴിഞ്ഞ വര്‍ഷം ഹെക്സ്20 സഹകരണത്തില്‍ ഏര്‍പ്പെട്ടു. ഉപഗ്രഹ വിക്ഷേപണത്തില്‍ സംയോജിത സാങ്കേതിക വൈദഗ്ധ്യവും പ്രാദേശിക ശൃംഖലയും പ്രയോജനപ്പെടുത്തുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയുടെ ലബോറട്ടറി ഫോര്‍ അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഹെക്സ്20 അത്യാധുനിക ഗവേഷണ-വികസന സൗകര്യം ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ചു. ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര ഉല്‍പ്പാദന ശൃംഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

  യഥാര്‍ഥ കഥ പൂര്‍ണമായി ലോകത്തോട് പറയാന്‍ ഇനിയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല
Maintained By : Studio3