December 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംരംഭക വര്‍ഷത്തിന്‍റെ ഭാഗമായി 3,15,000 സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്: മന്ത്രി പി. രാജീവ്

1 min read

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് കാരണം സംരംഭകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025 നു മുന്നോടിയായി മാലിന്യ നിര്‍മാര്‍ജ്ജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച് കേരള സ്റ്റേറ്റ് ഇന്‍സ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) സംഘടിപ്പിച്ച സെക്ടറല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ രാജ്യത്ത് മികച്ച സ്ഥാനമാണ് ഇപ്പോള്‍ കേരളത്തിനുള്ളതെന്നും സംരംഭകരുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യം തിരിച്ചറിഞ്ഞ് കേരളത്തില്‍ കമ്പനികളും വ്യവസായ സംരംഭങ്ങളും ആരംഭിക്കാന്‍ തയ്യാറായി നിരവധി പേര്‍ മുന്നോട്ടുവരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തി കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. സംരംഭക വര്‍ഷത്തിന്‍റെ ഭാഗമായി 3,15,000 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതില്‍ ഒരു ലക്ഷത്തിലധികം വനിതാ സംരംഭകരാണ്. ഐഐഎം ഇന്‍ഡോറുമായി ചേര്‍ന്ന് കേരളത്തിലെ എംഎസ്എംഇ മേഖലയുടെ വളര്‍ച്ചയെക്കുറിച്ച് ഒരു വിശകലനം നടത്തി. എംഎസ്എംഇകള്‍ക്ക് സര്‍ക്കാര്‍ സംവിധാനം നല്‍കുന്ന സുരക്ഷയാണ് വളര്‍ച്ചയ്ക്കു കാരണമെന്ന് ഈ പഠനത്തില്‍ പറയുന്നു. എംഎസ്എംഇ സംരംഭങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതില്‍ കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമാണ്. മാലിന്യ നിര്‍മാര്‍ജനത്തിലെ പരമ്പരാഗത രീതികള്‍ മാറണമെന്നും പുതിയ സംസ്കാരം രൂപപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതാണ് മാലിന്യ നിര്‍മാര്‍ജനത്തില്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തേണ്ടത്. ഈ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരളത്തിലുണ്ട്. ഇവിടെ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന കമ്പനികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ പുതിയ വ്യവസായ നയത്തില്‍ കണ്ടെത്തിയിട്ടുള്ള 22 മുന്‍ഗണനാ മേഖലകളുമായി ബന്ധപ്പെട്ട് റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ചു വരികയാണ്. ഓരോ മേഖലയിലെയും നിക്ഷേപകരുടെയും സംരംഭകരുടെയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സമ്മേളനത്തില്‍ ആരായും. ഇത് സര്‍ക്കാര്‍ തലത്തില്‍ എങ്ങനെ നടപ്പിലാക്കാമെന്നും ഈ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും സംസ്ഥാനത്തെ വ്യവസായ അനുകൂല അന്തരീക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ രൂപപ്പെടും. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാന മേഖലയാണ് മാലിന്യ നിര്‍മാര്‍ജ്ജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നത്. മാലിന്യ നിര്‍മാര്‍ജന, പുനരുപയോഗ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമ്പനികളും സംസ്ഥാനത്ത് നിക്ഷേപിക്കാന്‍ സാധ്യതയുള്ള കമ്പനികളുടെയും യോഗത്തില്‍ പങ്കെടുത്തു.

  ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനിവാര്യം: ഡോ. എസ്. സോമനാഥ്

ഹരിത സംരഭകത്വ മേഖലയില്‍ ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ്പുകള്‍, അടിസ്ഥാനസൗകര്യം തുടങ്ങിയവ ഉറപ്പാക്കി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സെക്ടറല്‍ പോളിസി തയ്യാറാക്കിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജ്ജന, പുനരുപയോഗ, ഹരിത സംരംഭകത്വ മേഖലയില്‍ നിരവധി അവസരങ്ങളും നിക്ഷേപ സാധ്യതകളുമാണുള്ളത്. ഈ മേഖലയിലെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഈ മേഖലയെ എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താമെന്നതിനെ കുറിച്ചുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് സെക്ടറര്‍ യോഗം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘സാങ്കേതിക കാലഘട്ടത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയിലെ സാധ്യതകളും അവസരങ്ങളും’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. വ്യവസായ സംരംഭങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് വികേന്ദ്രീകൃത മാലിന്യ സമ്പ്രദായമാണ് ആവശ്യമെന്ന് ക്രെഡായ് ക്ലീന്‍ സിറ്റി മൂവ്മെന്‍റ് ഫൗണ്ടര്‍ ഡയറക്ടര്‍ ജോര്‍ജ് ഇജോര്‍ജ് പറഞ്ഞു. പ്രശ്നത്തിന് ആദ്യന്ത പരിഹാരം കാണാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കണം. മാലിന്യ നിര്‍മാര്‍ജന മേഖലയിലെ സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 11,000 ടണ്‍ ഖരമാലിന്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തിന് മാലിന്യ സംസ്കരണ ശേഷിയിലെ വിടവ് നികത്താന്‍ ഹരിത സംരംഭത്തിന്‍റെ ഗണ്യമായ നിക്ഷേപം ആവശ്യമാണ്. ഇത് മാലിന്യ നിര്‍മാര്‍ജ്ജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവയെക്കുറിച്ച് സംഘടിപ്പിച്ച സെക്ടറല്‍ യോഗത്തില്‍ ചര്‍ച്ചയായി. ഹരിത സംരംഭകത്വ വികസനം സംസ്ഥാനത്തിന്‍റെ മാലിന്യ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സുസ്ഥിര മാലിന്യ സംസ്കരണ സംരംഭങ്ങളെയും നിക്ഷേപങ്ങളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. സുസ്ഥിര മാലിന്യ സംസ്കരണത്തിന് അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖല, കമ്മ്യൂണിറ്റി സംരംഭങ്ങള്‍ എന്നിവയ്ക്കിടയില്‍ സമന്വയം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഹരിത വ്യവസായ കേന്ദ്രങ്ങളുടെയും സെക്ടര്‍-നിര്‍ദ്ദിഷ്ട പാര്‍ക്കുകളുടെയും വികസനം, പുനരുപയോഗ, മാലിന്യ സംസ്കരണ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

  യഥാര്‍ഥ കഥ പൂര്‍ണമായി ലോകത്തോട് പറയാന്‍ ഇനിയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല
Maintained By : Studio3