January 2, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അടുത്ത അഞ്ച് വര്‍ഷക്കാലത്തില്‍ 75 നും 100 നും ഇടയില്‍ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാൻ എന്‍ഐഐഎസ്ടിയില്‍ ലക്ഷ്യമിടുന്നു

1 min read

തിരുവനന്തപുരം: മികവാര്‍ന്ന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ സിഎസ്ഐആര്‍ ലബോറട്ടറികള്‍ക്ക് സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) മാതൃകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) യുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ പാപ്പനംകോട് കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രമേഖലയിലെ നവീകരണത്തെയും സ്റ്റാര്‍ട്ടപ്പുകളെയും കേന്ദ്ര സര്‍ക്കാര്‍ ആഘോഷമാക്കുന്ന വേളയിലാണ് ഈ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക് സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും വ്യവസായ മേഖലയും തമ്മിലുള്ള കരുത്താര്‍ന്ന സഹകരണം നവീകരണത്തിന് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ അദ്ദേഹം ആഗോള നിലവാരമുള്ള പുതിയ ആശയങ്ങള്‍ ആവിഷ്കരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മിഷന്‍ 2027 (വികസിത് ഭാരത്) നോട് അനുയോജ്യമായ 25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും അതിനായി അടുത്ത 25 വര്‍ഷത്തേക്ക് യുവ പ്രതിഭകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിലവില്‍ എന്‍ഐഐഎസ്ടിയില്‍ പത്തോളം ഇന്‍ക്യുബേറ്റീസ് ഉള്ളതായും അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലത്തില്‍ 75 നും 100 നും ഇടയില്‍ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ഗുണനിലവാരമുളള അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പ്രദാനം ചെയ്യുന്നുണ്ട്. അടുത്ത 25 വര്‍ഷത്തിനകം ഈ ദേശീയ സ്ഥാപനത്തെ ആഗോള കേന്ദ്രമാക്കി ഉയര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഘോഷത്തോടനുബന്ധിച്ച് കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിലെ മികവിന്‍റെ കേന്ദ്രത്തിന് കേന്ദ്രമന്ത്രി തറക്കല്ലിട്ടു. ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തിന്‍റെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും ലോകമെമ്പാടുമുള്ള സ്വീകാര്യതയും കണക്കിലെടുത്ത്, ആയുര്‍വേദ മരുന്നുകളുടെ മൂല്യനിര്‍ണയത്തിലും നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആയുഷ് ഗുണനിലവാര പരിശോധനയ്ക്കും നൂതന ആശയങ്ങള്‍ നടപ്പാക്കാനും നവീകരണത്തിനുമായി പ്രധാന സൗകര്യമായാണ് ആയുര്‍വേദത്തിന്‍റെ മികവിന്‍റെ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്.

  2024-ല്‍ റെയില്‍വേ പൂർത്തിയാക്കിയത് 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണം

തുടര്‍ന്ന് പെര്‍ഫോമന്‍സ് കെമിക്കല്‍സ് ആന്‍ഡ് സസ്റ്റെയ്നബിള്‍ പോളിമറുകളിലെ മികവിന്‍റെ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കെമിക്കല്‍, പോളിമര്‍ മേഖലകളിലെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഗവേഷണവും വികസനവും ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയില്‍ പെര്‍ഫോമന്‍സ് കെമിക്കല്‍സ് ആന്‍ഡ് സസ്റ്റെയ്നബിള്‍ പോളിമറുകളിലെ മികവിന്‍റെ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. 2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ഇന്ത്യയുടെ ലക്ഷ്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണിത്. പ്രവര്‍ത്തനക്ഷമത, കാര്യക്ഷമത, സ്വാശ്രയത്വം എന്നിവ വര്‍ധിപ്പിക്കുന്ന ഒപ്റ്റോ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഊര്‍ജ്ജ സാങ്കേതിക വിദ്യകളുടെയും വികസനത്തില്‍ ഇത് നിര്‍ണായകമാണ്. 2025 ഒക്ടോബറില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (സിഎസ്ഐആര്‍) കീഴിലുള്ള ഘടക ലബോറട്ടറിയാണ്. വളര്‍ന്നുവരുന്ന ശാസ്ത്ര മേഖലകളില്‍ സംഭാവനകള്‍ നല്‍കുകയും രാജ്യത്തെ മികച്ച ഗവേഷണ-വികസന സ്ഥാപനങ്ങളിലൊന്നായി നിലനില്‍ക്കുകയും ചെയ്യുന്ന സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സുപ്രധാന സംരംഭങ്ങളാണ് ഇവ രണ്ടും. ആഘോഷങ്ങളുടെ ഭാഗമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സുവര്‍ണ ജൂബിലി ഇയര്‍ ബുക്കും സുവര്‍ണ ജൂബിലി സ്റ്റാമ്പും മന്ത്രി പ്രകാശനം ചെയ്തു. എറണാകുളം ബയോ വാസ്തം സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക് പൂനെ, ഹരിയാനയിലെ ഗ്രീന്‍സാപിയോ ടെക് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍, ടാറ്റ എല്‍ക്സി ലിമിറ്റഡ് ബാംഗ്ലൂര്‍, പിഎ ഫുട് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ഇക്കോഷര്‍ പംപ്ലോഡിംഗ് ടെക്നോളജീസ് ലിമിറ്റഡ് നോയിഡ എന്നീ സ്ഥാപനങ്ങളുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചടങ്ങില്‍ ധാരണാപത്രം മന്ത്രി കൈമാറി. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സ്റ്റാര്‍ട്ടപ്പ് എക്സ്പോയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റുമാരായ ഡോ. കെ.വി രാധാകൃഷ്ണന്‍, ഡോ. പി. നിഷി എന്നിവര്‍ സംസാരിച്ചു. കേരള സര്‍ക്കാരിന്‍റെ കീഴില്‍ ഇന്‍ഡസ്ട്രിയല്‍ ടെസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയായി സ്ഥാപിതമായ ഈ സ്ഥാപനം 1975-ലാണ് റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി (ആര്‍ആര്‍എല്‍) ആയി സിഎസ്ഐആറിന്‍റെ ഭാഗമായത്. 2007-ല്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്ഥാപനം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രമുഖ ദേശീയ സ്ഥാപനമായി വളര്‍ന്നു. സുഗന്ധവ്യഞ്ജന-എണ്ണക്കുരു സംസ്കരണം, നിര്‍മ്മാണ സാമഗ്രികള്‍, പ്രീമിയം നിലവാരമുള്ള അലുമിനിയം കാസ്റ്റിംഗ്, കളിമണ്ണ്, ധാതുക്കള്‍ എന്നിവയുടെ സംസ്കരണവും മൂല്യവര്‍ദ്ധനയും, ഓര്‍ഗാനിക് ഫോട്ടോണിക് മെറ്റീരിയലുകളും പരിസ്ഥിതി നിരീക്ഷണവും പരിഹാരവും തുടങ്ങിയ മേഖലകളിലെ സംഭാവനകള്‍ക്ക് ഈ സ്ഥാപനം അംഗീകാരം നേടിയിട്ടുണ്ട്.

  രജത് വര്‍മ്മ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ
Maintained By : Studio3