ഇന്ത്യന്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന പുതിയ പ്രവണതകള്‍
- നിഖില്‍ റുങ്ത
കൊ-സിഐഒ ഇക്വിറ്റി, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എഎംസി
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ആഗോള വിപണിയും മാറുന്നതിനനുസരിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും സദാ മാറിക്കൊണ്ടിരിക്കയാണ്. വന്‍ സാമ്പത്തിക ശക്തിയായി രാജ്യം പരിണമിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയ വിഷയങ്ങള്‍ നിക്ഷേപകര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നു. സാങ്കേതികത, സര്‍ക്കാര്‍ നയങ്ങള്‍, മാറുന്ന ഉപഭോക്തൃ ശീലങ്ങള്‍, ആഗോള സംഭവങ്ങള്‍ എന്നിവയാണ് ഈ മാറ്റത്തിന്റെ ചാലകങ്ങള്‍. ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്കു രൂപം നല്‍കുന്ന പ്രധാന പ്രവണതകളെക്കുറിച്ചാണ് ഈ ലേഖനം.
ഡിജിറ്റല്‍ സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച: സമീപ വര്‍ഷങ്ങളില്‍ രാജ്യത്തെ എല്ലാ മേഖലകളും ഡിജിറ്റല്‍ പരിണാമത്തിനു വിധേയമായിട്ടുണ്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനങ്ങള്‍, ഇ കോമേഴ്‌സ്, ഫിന്‍ടെക് എന്നിവയുടെ ഉത്ഭവം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സാങ്കേതിക വിദ്യയിലൂടെ ഉപഭോക്താക്കളെ സഹായിക്കുക മാത്രമല്ല, വന്‍ തോതില്‍ ധന വിനിമയത്തിനും ഈ മേഖലകള്‍ ഇടയാക്കുന്നു. പണ രഹിത സമ്പദ് വ്യവസ്ഥയിലുള്ള സര്‍ക്കാറിന്റെ ഊന്നലും വര്‍ധിച്ച തോതിലുള്ള ഇന്റര്‍നെറ്റ് വല്‍ക്കരണവും സ്മാര്‍ട് ഫോണിന്റെ ഉപയോഗവും ഈ മേഖലകളില്‍ വളര്‍ച്ച ഫലപ്രദമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ വിപ്ലവം ഉപഭോക്താക്കളെ അഭിമുഖീകരിക്കുന്ന വ്യവസായങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല. ക്ലൗഡ്് കംപ്യൂട്ടിംഗ്, നിര്‍മ്മിത ബുദ്ധി, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങി ടെക്‌നോളജി കേന്ദ്രമായ സംരംഭങ്ങളും വ്യാപാര പ്രവര്‍ത്തനങ്ങളുടെ സ്വഭാവം തന്നെ മാറ്റി മറിക്കുന്നു.
ഹരിതോര്‍ജ്ജവും നിലനിര്‍ത്താവുന്ന നിക്ഷേപങ്ങളും: സുസ്ഥിരത ആഗോള നിക്ഷേപ മേഖലയില്‍ നിര്‍ണ്ണായക പ്രമേയമായി മാറിയിരിക്കുന്നു. ഇന്ത്യയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. 2070 ഓടെ പൂര്‍ണ്ണമായും കാര്‍ബണ്‍ രഹിതമാക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനം ഹരിത ഊര്‍ജ്ജ മേഖലയിലേക്ക് നിക്ഷേപത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. സൗരോര്‍ജ്ജം, കാറ്റ്, ജല വൈദ്യുതി, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ പുനര്‍ നവീകരിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകളുടെ കാര്യത്തില്‍ നയ രൂപീകരണ വൃത്തങ്ങളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും കാര്യമായ ശ്രദ്ധ ലഭിക്കുന്നുണ്ട്.
സുസ്ഥിരതയിലേക്കുള്ള കുതിപ്പ് ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ , വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ സംശുദ്ധ സാങ്കേതിക വിദ്യയിലേക്കും പുതിയ കണ്ടു പിടുത്തങ്ങളിലേക്കും നയിക്കുന്നുണ്ട്. വൈദ്യുത വാഹന രംഗത്ത് സുപ്രധാനമായ ബാറ്ററി സാങ്കേതിക വിദ്യയില്‍ പുതിയ കണ്ടു പിടുത്തങ്ങള്‍ക്കായി നിക്ഷേപകര്‍ ഉറ്റു നോക്കുകയാണ്. പാരിസ്ഥിതിക, സാമൂഹ്യ, ഭരണ രംഗങ്ങളില്‍ നിക്ഷേപിക്കുന്ന പ്രവണതയും വര്‍ധിച്ചു വരുന്നുണ്ട്. നിക്ഷേപങ്ങളുടെ ദീര്‍ഘകാല പാരിസ്ഥിതിക, സാമൂഹ്യ ഫലങ്ങളും നിക്ഷേപകര്‍ കാര്യമായി പരിഗണിക്കുന്നു.
ആരോഗ്യ പരിചരണ രംഗത്തെ പുതുമകളും ബയോടെക് വികസനവും: കോവിഡ്-19 മഹാമാരിയാണ് ആരോഗ്യ രക്ഷാ മേഖലയുടെ പ്രാധാന്യം മുമ്പെങ്ങുമില്ലാത്തവിധം അടി വരയിട്ടത്. മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളോടുള്ള പ്രതികരണം എന്ന നിലയില്‍ ആരോഗ്യ പരിചരണ, ബയോ ടെക് മേഖലകളില്‍ പുതുമകളുടെ തള്ളിക്കയറ്റമുണ്ടായി. ഫാര്‍മസ്യൂട്ടിക്കല്‍സ്, രോഗ നിര്‍ണ്ണയ, മെഡിക്കല്‍ ഉപകരണ, ടെലി മെഡിസിന്‍ രംഗങ്ങളില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ സുഷ്ടിക്കപ്പെട്ടു. ബയോടെക്‌നോളജി പ്രത്യേക പ്രമേയമായിത്തന്നെ ഉയര്‍ന്നു വരികയാണ്. പുതിയ ഔഷധങ്ങളും ചികിത്സാ രീതികളും കണ്ടെത്തുന്ന കമ്പനികളില്‍ കൂടിയ തോതില്‍ നിക്ഷേപക ശ്രദ്ധ പതിയുന്നുണ്ട്.
മുന്തിയ ഉല്‍പന്നങ്ങളിലേക്കുള്ള ഉപഭോക്താവിന്റെ മാറ്റം: വര്‍ധിക്കുന്ന വരുമാനം, നഗര വല്‍ക്കരണം, മാറുന്ന ജീവിത ശൈലികള്‍ എന്നിവയിലേക്ക് ഇന്ത്യന്‍ ഉപഭോക്തൃ സമൂഹം മാറിക്കൊണ്ടിരിക്കയാണ്. ഗുണ നിലവാരം കൂടിയ വസ്തുക്കള്‍, ബ്രാന്റ്ഡ് ഉല്‍പന്നങ്ങള്‍ , പണം കൂടിയാലും മുന്തിയ സേവനം എന്നിവ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, വാഹനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍ എന്നീ മേഖലകളില്‍ ഈ പ്രവണത വ്യാപകമാണ്.
അടിസ്ഥാന സൗകര്യ വികസനവും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വീണ്ടെടുപ്പും:
റോഡുകള്‍, റെില്‍വേ, വിമാനത്താവളങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയുള്‍പ്പടെ ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാറിനുള്ള ശ്രദ്ധ നിര്‍മ്മാണ മേഖലയിലും എഞ്ചിനീയറിംഗ് റിയല്‍ എസ്റ്റേറ്റ് മേഖലകളിലും വളരെയേറെ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിയമപരമായ മാറ്റങ്ങളും പണത്തിന്റെ കുറവും കാരണം വെല്ലുവിളികള്‍ നേരിട്ട റിയല്‍ എസ്റ്റേറ്റ് മേഖല വീണ്ടെടുപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ആക്ട് പോലുള്ള പരിഷ്‌കരണ നടപടികളും ചെലവു കുറഞ്ഞ വീടുകളുടെ നിര്‍മ്മാണം ഉള്‍പ്പടെയുള്ള പദ്ധതികളും ഈ മേഖലയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കി. നഗരവല്‍ക്കരണവും സ്മാര്‍ട്ട് സിറ്റികളുടെ വികസനവും റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ വലിയ കുതിപ്പിന് ഇടയാക്കും.
ആഗോള വിതരണ ശൃംഖലയുടെ പുനക്രമീകരണം:
മഹാമാരിയെത്തുടര്‍ന്നു ആഗോള വിതരണ ശൃംഖല നേരിട്ടതടസങ്ങള്‍ ലോകമെങ്ങുമുള്ള കമ്പനികളെ അവരുടെ ഉല്‍പാദന വിഭവ ശേഖരണ തന്ത്രങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യാ സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഉല്‍പാദനവര്‍ധനയ്ക്കനുസരിച്ച് ആനുകൂല്യം നല്‍കുന്ന പദ്ധതിയും രാജ്യത്തെ ഉല്‍പന്ന നിര്‍മ്മാണ മേഖല ആകര്‍ഷകമാക്കിത്തീര്‍ത്തു.
ഇലേ്രക്ട്രാണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്‌സ്റ്റൈല്‍ മേഖലകള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര നിര്‍മ്മാണ രംഗത്തെ കുതിപ്പ് അനുബന്ധ വ്യവസായങ്ങളായ ചരക്കു ഗതാഗതം, സംഭരണം, വ്യാവസായിക രംഗത്തെ യന്ത്രവല്‍ക്കരണം എന്നീ മേഖലകളിലും വികസനം സൃഷ്ടിക്കുമെന്നുറപ്പ്.
വിശാലമായ സാമ്പത്തിക, സാങ്കേതിക, സാമൂഹ്യ മാറ്റങ്ങളുടെ ഫലമായി ഇന്ത്യന്‍ ഓഹരി വിപണി നിര്‍ണ്ണായക പരിവര്‍ത്തനങ്ങളുടെ വക്കിലാണ്. നിക്ഷേപകരെ സംബന്ധിച്ചേടത്തോളം സമകാലിക പ്രവണതകള്‍ക്കനുരൂപമായി സ്വയം സജ്ജരാവുകയും ശരിയായ അവസരങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ വിപണിയുടെ സങ്കീര്‍ണ്ണതകള്‍ക്കിടയിലൂടെ മുന്നേറാനും ദീര്‍ഘകാല വിജയം നേടാനും കഴിയൂ.
(മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയുടെ അസ്ഥിരതകള്‍ക്കു വിധേയമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധയോടെ വായിക്കുക)