ബജറ്റ് 2021 : തൊഴില്‍ സൃഷ്ടിക്ക് വന്‍ പ്രാധാന്യം നല്‍കിയേക്കും
അടിസ്ഥാനസൗകര്യ മേഖലയിലെ ചെലവിടല്‍ കൂട്ടാന്‍ സാധ്യത
പ്രധാന മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്ക് ഊന്നല്‍ നല്‍കും
ആരോഗ്യ മേഖല, അഫോഡബിള്‍ ഹൗസിങ് തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കും
ന്യൂഡെല്‍ഹി: ഫെബ്രുവരി ഒന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കയാണ് ബിസിനസ് ലോകവും സാധാരണക്കാരുമെല്ലാം. കോവിഡ് മഹാമാരി നാശം വിതച്ച്, സമ്പദ് വ്യവസ്ഥ താറുമാറായിരിക്കുന്ന സാഹചര്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബജറ്റിന് പ്രസക്തിയേറെയാണ്.
അടിസ്ഥാനസൗകര്യ മേഖലയിലെ ചെലവിടല്‍ വ്യാപകമായി കൂട്ടുന്നതിനും പ്രധാന വ്യവസായ രംഗങ്ങളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നാണ് സൂചന. ടെക്‌സ്റ്റൈല്‍സ്, അഫോഡബിള്‍ ഹൗസിംഗ്, എംഎസ്എംഇ, അടിസ്ഥാനസൗകര്യം, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളില്‍ വലിയ പദ്ധതികള്‍ പ്രതീക്ഷിക്കാം. ഈ മേഖലകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരെ പ്രീതിപ്പെടുത്താനുള്ള പദ്ധതികളും ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയെ പിന്തുണയ്ക്കുന്ന പ്രധാന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കും.
കര്‍ഷകര്‍, ചെറുകിട, ഇടത്തരം വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ഊന്നല്‍ ലഭിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില നേതാക്കള്‍ പറയുന്നത്.
എംഎസ്എംഇ മേഖലയെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് ഗുണം ചെയ്‌തെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഈ പദ്ധതിയുടെ ഗുണം ലഭിക്കാത്ത എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ക്കായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വൊക്കേഷണല്‍ ട്രെയ്‌നിംഗ്, റീസ്‌കില്ലിംഗ്, സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇന്‍സെന്റീവുകള്‍ എന്നിവയും പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തമിഴ് നാട്, പശ്ചിമ ബംഗാള്‍, അസം, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കും. ഉല്‍പ്പാദന, സേവന മേഖലകളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി ഉണ്ടാകും.
വീട് വാങ്ങുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യവുമായി കണ്‍സ്ട്രക്ഷന്‍ മേഖലയിലെ എഫ്ഡിഐ നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കാനും സര്‍ക്കാര്‍ തയാറായേക്കും. വലിയ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ നിരവധി സോവറിന്‍ ഫണ്ടുകളും പെന്‍ഷന്‍ ഫണ്ടുകളും താല്‍പ്പര്യം അറിയിച്ചിട്ടുമുണ്ട്.
ചെലവിടല്‍ കൂട്ടണമെന്ന ശക്തമായ വികാരമാണ് ധനമന്ത്രിക്കുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. ഡിസംബറില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ചെലവിട്ടില്ലെങ്കില്‍ ഉത്തേജന പാക്കേജ് അര്‍ത്ഥരഹിതമാണ്. പുനരുജ്ജീവനം ഇനിയും വൈകും. അത് നമുക്ക് താങ്ങാനാകില്ല.