October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കടലുണ്ടിയ്ക്കും കുമരകത്തിനും കേന്ദ്ര ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്കാരം

1 min read

തിരുവനന്തപുരം : ലോകടൂറിസം ദിനത്തില്‍ ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സര്‍ക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡിലാണ് കേരളം രണ്ട് പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ഉത്തരവാദിത്ത മിഷന്‍ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പുരസ്കാരം. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവര്‍ണ്ണ പുരസ്കാരം ലഭിച്ചിരുന്നു. ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന്‍റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അനുഷ വി. വി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര്‍ ടി മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്കാരം. കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി കടലുണ്ടി ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്നാണ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കുന്നത്. കുമരകം ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസത്തിലധിഷ്ഠിതമായ കാര്‍ഷിക വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളുമായാണ് ആര്‍ടി മിഷന്‍ മുന്നോട്ട് പോകുന്നത്. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വിധത്തില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം ഒരു വിജയകരമായ മാതൃക സൃഷ്ടിച്ചുവെന്നതിന് ഈ പുരസ്കാരങ്ങള്‍ തെളിവാണെന്നും ഇപ്പോള്‍ അതിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിനായി മികവിന്‍റെ കേന്ദ്രം

ടൂറിസം വകുപ്പിന്‍റെയും ആര്‍ടി മിഷന്‍ സൊസൈറ്റിയുടെയും കൃത്യമായ ആസൂത്രണത്തിന്‍റെ ഭാഗമായി പ്രാദേശിക സമൂഹത്തിന്‍റെ സജീവ പങ്കാളിത്തത്തോടെ കേന്ദ്രീകൃത പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെയാണ് കേരളത്തിന് ഈ പുരസ്കാരങ്ങള്‍ ലഭിച്ചതെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ചതു മുതല്‍ കേരളത്തിന്‍റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ആര്‍ടി പദ്ധതികള്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്തവും ധാര്‍മ്മികവും സമഗ്രവുമായ വികസന മാതൃകകള്‍ സൃഷ്ടിക്കുന്നിടത്താണ് ഇതിന്‍റെ പ്രസക്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കടലുണ്ടി പഞ്ചായത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. കടലുണ്ടിയെ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രീന്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതികളും സജീവമാണ്. സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളില്‍ ഒന്നാണ് കടലുണ്ടി. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്പെഷ്യല്‍ ടൂറിസം ഗ്രാമസഭ ശ്രദ്ധേയമായിരുന്നു. വിനോദസഞ്ചാരികള്‍ക്കായുള്ള വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകളുടെ ഭാഗമായി തദ്ദേശീയ ഭക്ഷണം, കൃഷി, കണ്ടല്‍ക്കാട്ടിലൂടെയുള്ള തോന്നി യാത്ര, പാരമ്പര്യ കൈത്തൊഴിലുകള്‍ എന്നിവ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിലൂടെ പ്രാദേശിക സമൂഹത്തിന്‍റെ വരുമാനം വര്‍ദ്ധിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

  എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയുടെ കുറഞ്ഞ പ്രതിദിന പരിധി 100 രൂപയാക്കി

മൂന്നാം ഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനമായ ഗ്രീന്‍ ഡെസ്റ്റിനേഷന്‍ പ്രോട്ടോകോള്‍ പദ്ധതിയിലൂടെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും പ്രാധാന്യം നല്‍കി. കടലുണ്ടിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കായുള്ള വണ്‍ ടൂറിസ്റ്റ് വണ്‍ ട്രീ ക്യാമ്പയിനിലൂടെ കടലുണ്ടിയില്‍ പച്ചപ്പ് നിലനിര്‍ത്താനായി. കടലുണ്ടിയിലെ ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട് തോണി തുഴയുന്നവര്‍, ഹോം സ്റ്റേ നടത്തുന്നവര്‍, ഫുഡ് യൂണിറ്റുകള്‍, ഓട്ടോ തൊഴിലാളികള്‍, കരകൗശല വസ്തുക്കള്‍ വിപണനം ചെയ്യുന്നവര്‍, ടൂര്‍ ഗൈഡുകള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ട് അവരെ ഈ പ്രോട്ടോകോളിന്‍റെ ഭാഗമാക്കി. വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് സ്ട്രീറ്റുകളും, ആര്‍ട്ട് സ്ട്രീറ്റുകളും, കയര്‍പ്പിരി, ഓലമെടല്‍, കള്ളു ചെത്ത് തുടങ്ങിയ പാരമ്പര്യ തൊഴിലുകളെ ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്തുന്ന സംരംഭങ്ങളും കടലുണ്ടിയില്‍ നടപ്പിലാക്കി വരുന്നു. ഫിഷിങ് സ്ട്രീറ്റ്, കള്‍ച്ചറല്‍ സര്‍ക്യൂട്ട്, വാട്ടര്‍ സ്ട്രീറ്റ് തുടങ്ങിയ പദ്ധതികളും ഇതിനോടകം ആരംഭിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം 26 രാജ്യങ്ങളിലെ ബ്ലോഗര്‍മാര്‍ കടലുണ്ടി സന്ദര്‍ശിക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത പരിശീലനങ്ങളായ തുണിസഞ്ചി, പേപ്പര്‍ബാഗ്, വിത്ത് പേന, ഗ്രീന്‍ ഡെസ്റ്റിനേഷന്‍ പ്രോട്ടോകോള്‍ എന്നിവയിലൂടെ 300-ലേറെ ആളുകള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി. ടൂറിസ്റ്റുകള്‍ക്ക് കുക്കിംഗ് എക്സ്പീരിയന്‍സ് നല്‍കിക്കൊണ്ട് ഭക്ഷണം ആസ്വദിക്കാന്‍ അവസരം നല്‍കുന്ന എക്സ്പീരിയന്‍സ് എത്നിക് ക്യൂസീന്‍ യൂണിറ്റുകളും കടലുണ്ടിയിലുണ്ട്.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

ഇന്ത്യയില്‍ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലമാണ് കുമരകം. ലോകം ശ്രദ്ധിച്ച കേരള മോഡല്‍ റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്‍റെ എല്ലാ മാതൃകകളും കുമരകത്തിന്‍റെ സംഭാവനയാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും സ്ത്രീ ശാക്തീകരണത്തിന്‍റെയും ഉപാധിയായി ഉത്തരവാദിത്ത ടൂറിസത്തെ മാറ്റാമെന്ന് തെളിയിച്ച നാടാണ് കുമരകം. കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ടൂറിസ്റ്റുകള്‍ക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ്ങ് എക്സ്പീരിയന്‍സ്, ഫിഷിങ്ങ് എക്സ്പീരിയന്‍സ്, എ ഡേ വിത്ത് ഫാര്‍മര്‍ തുടങ്ങി നിരവധി അനുഭവവേദ്യ ടൂര്‍ പാക്കേജുകള്‍ കുമരകത്ത് നടന്ന് വരുന്നു. ഗ്രാമീണ ടൂറിസം പാക്കേജുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം റിസോര്‍ട്ടുകളുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്നതും കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. പാട ശേഖരത്തിലൂടെ നടത്തം മുതല്‍ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ടൂര്‍ പാക്കേജിന്‍റെ ഭാഗമാകുന്നതും കുമരകത്തിന്‍റെ പ്രത്യേകതയാണ്.

Maintained By : Studio3