സിദ്ധ വൈദ്യത്തിലെ നാഡി പരിശോധന
– ഡോ.അനുപമ കെ.ജെ., BSMS, MSc, Psy.
മെയിൽ: dranupamakj1@gmail.com
ഒരു ദിവസം ഓപിയിലെ തിരക്കിലിരിക്കുമ്പോഴാണ് എന്നെ തേടി ഒരു ഫോൺ വിളി എത്തിയത്. വർഷങ്ങൾ പലതു കഴിഞ്ഞു എന്നാലും, ഞാൻ ഇന്നും അത് ഓർക്കുന്നു. ഒട്ടും പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വന്ന കോൾ ആയിരുന്നിട്ടും ഒന്ന് രണ്ട് തവണ അടുപ്പിച്ച് വിളിച്ചതുകൊണ്ട് ഞാൻ ക്ലിനിക്കിലെ തിരക്കിനിടയിൽ ഫോണെടുത്ത് സംസാരിച്ചു. ഫോണെടുത്ത ഉടനെ ആ വ്യക്തി സ്വയം പരിചയപ്പെടുത്തി. ഒരു നാലഞ്ചു ദിവസം മുമ്പ് ഒ പിയിൽ വന്നിട്ട് പോയ ഒരു വ്യക്തിയാണ് ഫോണിൽ വിളിക്കുന്നത്. ഫോണിൽ വിളിക്കുന്ന ആളുടെ ശബ്ദത്തിൽ നീരസം പ്രകടമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, “ഡോക്ടർ എന്നോട് ചെയ്തത് വളരെ വലിയൊരു തെറ്റാണ്” എന്ന് .ഞാൻ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. ഞാൻ എന്തായിരിക്കും അദ്ദേഹത്തോട് ചെയ്തത് എന്ന് ആലോചിച്ചിട്ട് എനിക്ക് എത്തും പിടിയും കിട്ടിയില്ല. “എന്താണെന്ന് വ്യക്തമായി പറയൂ, എനിക്ക് മനസ്സിലാകുന്നില്ല”, എന്ന് ഞാൻ. “ഇനി ഇതിൽ കൂടുതൽ എന്ത് മനസ്സിലാക്കാനാണ്, വിവാഹം പോലും കഴിക്കാൻ എനിക്ക് സാധിക്കില്ലല്ലോ” എന്ന് അദ്ദേഹം തിരിച്ചു പറഞ്ഞു. കാര്യം മനസ്സിലാവാതെ പകച്ചു ഞാനും. അപ്പോഴാണ് ആള് വിശദ്ധമായി പറഞ്ഞത്. അഞ്ച് നാൾ മുന്നേ എൻറെ ഒരു ജൂനിയർ ഡോക്ടറോടൊപ്പം വന്ന ഈ വ്യക്തിയുടെ നാഡി നോക്കാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഞാൻ എല്ലാവർക്കും നോക്കുന്നത് പോലെ തന്നെ ഒന്നും അങ്ങോട്ട് ചോദിക്കാതെ, വ്യക്തമായി നോക്കുകയും, പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ലിവറിനും കിഡ്നിക്കും കാര്യമായ പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. അടിയന്തരമായി വയറിൻറെ ഒരു USG സ്കാൻ എടുക്കുവാനും, രക്തത്തിൽ ലിവറിന്റെയും കിഡ്നിയുടെയും പരിശോധനകൾ നടത്തുവാനും ഞാൻ എഴുതി കൊടുത്തു. നാഡി നോക്കുന്നതിനു മുൻപായി അദ്ദേഹം പറഞ്ഞത് ആ മാസം ഒടുവിലായി അദ്ദേഹത്തിൻറെ വിവാഹമാണ്. ഇത്തരത്തിൽ ഒരു രോഗം നിർണയ സംവിധാനം സിദ്ധവൈദ്യത്തിൽ ഉണ്ട് എന്ന് അറിഞ്ഞ് വന്നതാണ്. എന്തെങ്കിലും അങ്ങനെ കണ്ട് പിടിക്കപ്പെടുകയാണെങ്കിൽ വിവാഹത്തിന് മുമ്പ് ശ്രധിക്കമല്ലോ എന്നൊക്കെ അദേഹം പറഞ്ഞു. അദ്ദേഹം ഒരു ചാനലിൽ പ്രവർത്തിക്കുന്ന ആളാണ് അതുകൊണ്ട് തന്നെ ഇതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനാണ് വന്നത് എന്ന് പറയുകയുണ്ടായി. ഞാൻ എൻറെ കർമ്മം നോക്കുകയും, രോഗിയുടെ കൂടെ മറ്റാരും വരാത്ത കാരണം കൊണ്ട് തന്നെ അദ്ദേഹത്തോട് വ്യക്തമായി കാര്യങ്ങൾ പറയുകയും ചെയ്തു. ടെസ്റ്റുകൾ ഒക്കെ ചെയ്യുക എന്ന് പറഞ്ഞു. അദ്ദേഹം വളരെ മ്ലാനമായാണ് അവിടെനിന്ന് പോയത്. അതിൻറെ ബാക്കിപത്രമാണ് ഞാൻ മുൻപ് പറഞ്ഞ ഈ ഫോൺ കോൾ. അദ്ദേഹത്തിൻ്റെ സ്കാനിങ്ങും ബ്ലഡ് റിപ്പോർട്ടും അനുസരിച്ച് കാര്യമായ പ്രശ്നങ്ങൾ ലിവറിനും കിഡ്‌നിക്കും ഉണ്ടായിരുന്നു. ആ ആൾ എന്നോട് ചോദിച്ചത് ഇനി ഞാൻ എങ്ങനെ വിവാഹം കഴിക്കും? എൻറെ വിവാഹം കൂടി ഡോക്ടർ മുടക്കി തന്നില്ലേ? വളരെ മനസ്സമാധാനത്തോടെ ജീവിച്ച എന്നെ ഈ ഒരു അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത് ഡോക്ടർ ആണ് എന്ന് പറഞ്ഞ് അദ്ദേഹം എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു. ഞാൻ എത്ര ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം എൻറെ വാക്കുകൾ ഒന്നും ചെവി കൊണ്ടില്ല. സത്യത്തിൽ, പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് തന്നെ എനിക്കറിയില്ല, കൂട്ടിക്കൊണ്ടുവന്ന ജൂനിയർ ഡോക്ടറോട് ചോദിച്ചിട്ടുമില്ല. കാരണം, എൻറെ ആ ഒരു ചെറുപ്രായത്തിൽ എനിക്ക് അതൊരു മാനസിക ആഘാതം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം
സിദ്ധ വൈദ്യതിൻ്റെ തനതായ രീതിയായ നാഡി പരിശോധനയിൽ എന്നെ പ്രാപ്തയാക്കിയ എൻറെ ഗുരുനാഥനോട് ഞാൻ ഇതിനെ പറ്റി സംസാരിച്ചപ്പോൾ അദ്ദേഹം പുഞിരിക്കുകയാണ് ഉണ്ടായത്. നീ ഒരു ഉത്തമമായ രീതിയിൽ നാഡി നോക്കി എന്ന് മാത്രം അദ്ദേഹം പറഞ്ഞു. അത് എൻറെ കോൺഫിഡൻസ് തന്നെ ഒന്ന് ഉയർത്തുകയും ചെയ്തു. ഇത്തരത്തിലുള്ള അനുഭവം പിന്നീട് എനിക്ക് ഉണ്ടായിട്ടില്ലെങ്കിലും, എൻറെ മുന്നോട്ടുള്ള പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ ആവശ്യത്തിനുള്ള കാര്യങ്ങൾ മാത്രം നാഡി നോക്കി പറയുന്ന ഒരു രീതിയിലേക്ക് മാറിയിട്ടുണ്ടായിരുന്നു. പലപ്പോഴും ക്യാൻസർ പോലെയുള്ള രോഗങ്ങളെ നാഡിയിലൂടെ നോക്കി മനസ്സിലാക്കി എടുക്കുമ്പോൾ അത് രോഗി പോലും അറിയാത്ത ഒരു സാഹചര്യത്തിൽ അത് അവരെ പറഞ്ഞു മനസ്സിലാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ചിലപ്പോഴൊക്കെ ക്യാമ്പുകളിലും മറ്റും നാഡി നോക്കുമ്പോൾ കുറച്ചുപേർക്കെങ്കിലും ക്യാൻസർ നാഡികൾ തെളിഞ്ഞു വരുമ്പോൾ അവരോട് അത് മുഖത്തു നോക്കി എങ്ങനെ പറയും എന്ന് അറിയാതെ പകച്ചു പോയിട്ട് ഉണ്ട്. അപ്പോഴൊക്കെ ലളിതമായ രക്ത പരിശോധനകൾ എഴുതി വിട്ട്, അതിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ നിങ്ങൾ ഉചിതമായ ഡോക്ടറെ പോയി കാണൂ എന്ന് പറഞ്ഞ് വിടുകയാണ് ഉണ്ടായിരുന്നത് .എത്രയോ പേരെ കാൻസറിൻ്റെ തുടക്ക കാലത്ത് തന്നെ കണ്ട് പിടിച്ചു രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ട് എന്നത് എൻ്റെ വൈദ്യവൃത്തിയിലെ ഛാരിദ്ധാർത്ഥ്യമുള്ള ഏടും ആണ്. അതുകൊണ്ട് തന്നെ സിദ്ധ വൈദ്യത്തെ കുറിച്ച് ഞാനൊരു ലേഖനം തയ്യാറാക്കുമ്പോൾ നാഡി പരിശോധനയെ കുറിച്ച് തന്നെ ആദ്യം എഴുതണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
വിരലാണ് സ്റ്റെതസ്കോപ്പ്
ഡോക്ടർമാർ സ്റ്റെതസ്കോപ്പ് വെച്ചിട്ടുണ്ടാകും കയ്യിൽ. ഈ ഒരു ഉപകരണം ഹൃദയത്തിൻറെ തുടിപ്പ്, ലങ്സിന്റെ ശബ്ദം, വയറ്റിൽ നിന്നുള്ള ശബ്ദങ്ങൾ, ഉടലിന്റെ മറ്റ് ശബ്ദങ്ങൾ, തുടിപ്പുകൾ, ഇവയെല്ലാം തന്നെ എടുത്ത് ഡോക്ടറുടെ ചെവിയിലേക്ക് എത്തിക്കുന്നു. ഇതിനെ കൊണ്ടുതന്നെ ഡോക്ടർ അവയവങ്ങളുടെ പ്രവർത്തികളെ അറിഞ്ഞ് അതിനനുസരിച്ചുള്ള രോഗത്തെ മനസ്സിലാക്കുന്നു. അതേപോലെതന്നെ സിദ്ധ ഡോക്ടർ രോഗിയുടെ നാഡിയെ പിടിച്ച് അതിൻറെ തുടിപ്പുകളെ തൻറെ കൈവിരൽ കൊണ്ട് ഉണർന്ന് രോഗത്തെ മനസ്സിലാക്കുന്നു. അതുകൊണ്ട് *സിദ്ധ ഡോക്ടർക്ക് വിരൽ ആണ് സ്റ്റെതസ്കോപ്പ്*. ഒരു സിദ്ധ ഡോക്ടർക്കു മുന്നിൽ എത്തുന്ന ഊമ, കാതുകേൾക്കാത്ത ആൾ, കോമാനിലയിലുള്ള ആൾ, മയങ്ങി കിടക്കുന്ന ആൾ, ജനിച്ച കുട്ടി എന്ന പല ആൾക്കാരുടെയും ഉടലിന്റെ പ്രശ്നങ്ങളെയും വിരൽ കൊണ്ട് നോക്കി മനസ്സിലാക്കുന്നത് മൂലം രോഗങ്ങളെ അറിഞ്ഞുകൊള്ളാൻ സാധിക്കും. ഉദാഹരണമായി കൂടെ ആരുമില്ലാതെ വരുന്ന ഒരു രോഗി, അല്ലെങ്കിൽ തൻറെ രോഗങ്ങളെ പറയാൻ പോലും പറ്റാത്ത വേദനയോടെ വരുന്ന ഒരു രോഗി, അതുപോലെ ഓർമ്മശക്തി കുറഞ്ഞ അവസ്ഥയിലുള്ള രോഗി, ഇവരെയെല്ലാം സിദ്ധ ഡോക്ടർ നാഡിയെ തൊട്ട്, താഴേക്കും മുകളിലേക്ക് അമർത്തി, വാത,പിത്ത,കഫ നാഡികളെ തിരിച്ചറിഞ്ഞ്, കുറഞ്ഞത് മൂന്ന് നിമിഷങ്ങൾക്കുള്ളിൽ വിരൽ പിടിച്ച് കൃത്യമായി മനസ്സിലാക്കി നോക്കി, അവരുടെ രോഗങ്ങളെയും ഉടലിന്റെ മറ്റു പ്രശ്നങ്ങളെയും അറിയാൻ സാധിക്കും.
നമ്മൾ കഴിക്കുന്ന ആഹാരം, താമസിക്കുന്ന സ്ഥലം, മറ്റു ചുറ്റുപാടുകൾ, കാലാവസ്ഥ, സമയം, ഇവയെല്ലാം തന്നെ അനുസരിച്ച് നമ്മളുടെ ശരീരത്തിൽ ഏർപ്പെടുന്ന മാറ്റങ്ങൾ, അതുപോലെ തന്നെ, അവയെ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളുടെ കാരണത്തെ അറിഞ്ഞ്, അവയെ പരിഹരിക്കുന്ന വഴിമുറകൾ ആയിട്ടുള്ള കൃത്യമായ ആരോഗ്യപരമായ ആഹാര രീതികൾ, മറ്റു ജീവിതശൈലി രീതികൾ, ആരോഗ്യമായ ചുറ്റുപാടുകൾ, കാലദേശ സമയത്തിനനുസരിച്ചുള്ള വസ്ത്രം ധരിക്കൽ എന്നിവയെല്ലാം തന്നെ പിൻപറ്റി രോഗത്തെ ഗണിക്കുന്ന വഴികളെയും, അതിനോട് ചേർന്ന് മരുന്നുകളെയും കൂടി കഴിക്കുമ്പോൾ ഒരു രോഗം ഭേദമാകുന്നു എന്നത് അല്ലെങ്കിൽ ലോകത്തെ ഭേദമാക്കുന്നു എന്നത് ഡോക്ടറുടെ കടമയാകുന്നു. അതുകൊണ്ടുതന്നെ സിദ്ധ ഡോക്ടർ നാഡിയെ ഏറ്റവും പ്രധാനപ്പെട്ട രോഗ നിർണയ രീതിയായി കണ്ട് രോഗത്തിൻറെ കാരണത്തെ മനസ്സിലാക്കി എടുക്കണം എന്നത് സിദ്ധ വൈദ്യത്തിൽ കൃത്യമായി പറയുന്നു.
നാഡിയെ പറ്റി അറിയാം
ഇന്നത്തെ കാലത്ത്, ഒരു ടൗൺ എടുത്തുകഴിഞ്ഞാൽ മുഴുവനായിട്ട് ലബോറട്ടറികളും, CT , MRI സ്കാൻ സെൻറർകളും ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ വളർന്നു വരുന്ന ഒരു സാഹചര്യമാണ് ഉള്ളത്. ഓരോ മനുഷ്യനും ഒരു ഹോസ്പിറ്റലിൽ ചെല്ലാൻ തന്നെ ഇതൊക്കെ കൊണ്ട് മടിക്കുന്ന സാഹചര്യവും ഉണ്ട്. എന്നാൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ മനുഷ്യന്മാർക്ക് ഇത്തരത്തിലുള്ള കാര്യങ്ങളിൽ വിശ്വസിക്കുകയേ നിർവാഹമുള്ളൂ . ഈ പറയുന്ന സ്ഥാപനങ്ങൾ തരുന്ന റിസൾട്ട് ഏത്ന് മാത്രമാണ് രോഗിയെ ഗൗനിക്കുന്നത്? രോഗി പറയുന്ന കുറവുകളും, ഉടലിന്റെ പ്രശ്നങ്ങളും, അത് സമയം കൊടുത്തു കേൾക്കാനുള്ള സമയം പോലും ഇന്നത്തെ ഡോക്ടർമാർക്ക് ഇല്ല. കൊണ്ടുവരുന്ന ലാബ് റിപ്പോർട്ടുകളുടെ തീർപ്പുകളുടെ മേലാണ് പലപ്പോഴും അവർ ആശ്രയിക്കാര്. അതു തന്നെ ഇന്നത്തെ കാലത്ത് നിർവാഹമുള്ളൂ താനും. അത് ഒരുപക്ഷേ ശരിയാകണമെന്ന് ഇല്ല. അപ്പോൾ വീണ്ടും വീണ്ടും അടുത്ത അടുത്ത സ്ഥാപനങ്ങളിൽ പോയി പരിശോധന ചെയ്യേണ്ട ആവശ്യം വരുന്നു. ഇതുകൊണ്ട് തന്നെ, സ്ഥാപനങ്ങൾക്കും, ഡോക്ടർമാർക്കും ഒക്കെ വരുമാനം ഉണ്ടായാലും ആകെ പ്രശ്നത്തിൽ ആകുന്നത് രോഗിയുടെ നിലയാണ്. ഒരാൾ രോഗിയാകുന്ന സമയത്ത് അയാൾ മാത്രമല്ല, അയാളുടെ കുടുംബവും മനസ്സുകൊണ്ടും, മറ്റ് സാമ്പത്തിക രീതി കൊണ്ടും എല്ലാം തന്നെ ബാധിക്കപ്പെടുന്നു. ഏതുവിധം ആയിട്ടുള്ള ആധുനിക ഡയഗ്നോസ്റ്റിക് ടൂളുകളും ഇല്ലാത്ത പണ്ടത്തെ കാലങ്ങളിൽ, രോഗിയെ നല്ല രീതിയിൽ അറിഞ്ഞു വൈദ്യർ ഏറ്റവും എളുപ്പമുള്ള രീതിയിൽ രോഗത്തെ ഗണിച്ച്, മരുന്നുകൾ കൊടുത്ത് ഗുണം ആക്കി കൊടുക്കുണ്ടായിരുന്നു. ഇത്തരത്തിൽ മഹത്തായ തമിഴ് വൈദ്യന്മാർ രോഗിയുടെ അഷ്ടപരിശോധനകളെല്ലാം തന്നെ നടത്തി, അതിനെ അടിസ്ഥാനപ്പെടുത്തി ചില ടെസ്റ്റുകളും ചെയ്തു,രോഗത്തെ ഗണിച്ചു.
അന്നത്തെ മിക്ക തമിഴ് വൈദ്യന്മാരും, രോഗി തന്റെ ശരീര പ്രശ്നങ്ങളെ പറയുന്നതിന് മുൻപ് തന്നെ, ആ രോഗിയെ കണ്ടറിഞ്ഞ്, ഒന്നും സംസാരിക്കാതെ തന്നെ നാഡിയും പരിശോധിച്ചു മരുന്ന് ചെയ്തിട്ടുണ്ടായിരുന്നു. അത് മാത്രമല്ല, ഉടലിനെ പറ്റിയെ ബോധമില്ലാത്ത, സ്വയംബോധം തന്നെ ഇല്ലാത്ത രോഗികളിൽ നാഡിയെ നോക്കി അവരുടെ ജീവൻ നിലനിൽക്കുമോ, അതോ ഇത്രനേരത്തിന്റെ ഉള്ളിൽ മരണം എന്നതും കൂടി പറഞ്ഞു തരാനുള്ള കഴിവ് അന്നത്തെ വൈദ്യന്മാർക്ക് ഉണ്ടായിരുന്നു. ഇതിന് അവരുടെ ആഴമേറിയ ജ്ഞാനവും, തമിഴ് വൈദ്യത്തിൽ ഉള്ള അപാരമായ ഇടപെടലും കാരണമാണ്. ഇതുമാത്രമല്ല, ദൈവവിശ്വാസവും അത്തരത്തിലുള്ള സാധനാമാർഗ്ഗവും ഏറെ തികഞ്ഞവരായിരുന്നു സിദ്ധവൈദ്യർ. അതുകൊണ്ടുതന്നെ ഓരോ രോഗിയെ അവർ പരിശോധിക്കുന്ന സമയത്തും, ‘ദൈവമേ! ഈ രോഗം എന്തായിരുന്നാലും രോഗിയെ ഗുണപ്പെടുത്തി കൊണ്ടുവരുന്നതിനുള്ള വഴി എനിക്ക് കാട്ടിത്തരു’ എന്ന് വണങ്ങിയതിനു ശേഷം മാത്രമേ മരുന്ന് ചെയ്യാറുണ്ടായിരുന്നുള്ളൂ. രോഗി – വൈദ്യൻ എന്ന രണ്ടുപേരും ഒരേ ശക്തിയുടെ മേലെ വിശ്വാസം ഇരുന്നാൽ ആണ് രോഗിക്ക് രോഗം താങ്ങാനുള്ള ആ ഒരു കഴിവ് വർദ്ധിച്ച് ഒടുവിൽ ആ രോഗം ഗുണപ്പെടുന്നത്.
പഞ്ചഭൂതമയമായ ദേഹത്തിൽ ദശ / മാംസം പോലെയുള്ള കട്ടിയുള്ള പദാർത്ഥങ്ങൾ എല്ലാം തന്നെ പഞ്ചഭൂതത്തിൽ പൃഥ്വി ഭൂതത്തിൻറെ കൂറ് ആയും, നീര് പോലെയുള്ള എല്ലാം തന്നെ ജലഭൂതത്തിന്റെ കൂറായും, ശരീരത്തിൻറെ ചൂട് അഗ്നി ഭൂതത്തിൻറെ കൂറായും, ശ്വാസവും മറ്റു ചലനങ്ങളും വായു ഭൂതത്തിൻറെ കൂറായും, ഇതെല്ലാം നിലനിന്നു പോകാൻ ഇടം കൊടുക്കുന്നത് ആകാശഭൂതത്തിന്റെ കൂറായും കരുതപ്പെടുന്നു. ഇത്തരത്തിൽ പഞ്ചഭൂതമയമായ ദേഹത്തിൽ മുഖ്യമായി അടങ്ങിയിരിക്കുന്നത് മൂന്ന് ഭൂതങ്ങളായ ‘മുക്കുട്ട്രങ്ങൾ’ (ത്രീദോഷങ്ങൾ) എന്ന് പറയുന്നതാണ്. അവ, വായുവിന്റെ കൂറായ വാതം എന്നും, അഗ്നിയുടെ കൂറായി പിത്തമെന്നും, ജലത്തിൻറെ കൂറായി കഫം എന്നും അറിയപ്പെടുന്നു. ഈ മൂന്ന് കുറ്റങ്ങളായ വാത പിത്ത കഫം, ഇവയുടെ ഏറ്റവും ഇറക്കവും എല്ലാ രോഗങ്ങൾക്കും കാരണമാകുന്നു. ഇവയെ കയ്യിലെ നാഡി തുടിപ്പായി പരിശോധിച്ചറിഞ്ഞ് മനസ്സിലാക്കി എടുക്കാൻ സിദ്ധ വൈദ്യത്തിൽ പറയുന്നു.
As is the macrocosm, so is the microcosm
As is the microcosm, so is the macrocosm
മനുഷ്യശരീരത്തിലെ അവയവങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ പദാർത്ഥങ്ങളും, ഈ ലോകത്തിൻ്റെ അടിസ്ഥാനമായ പദാർത്ഥങ്ങളും ഒരേ പദാർത്ഥങ്ങളാണ്. പ്രകൃതിയിലെ വ്യതിയാനങ്ങൾ മനുഷ്യശരീരത്തിലും വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. പ്രകൃതിയെ കാക്കുന്ന കാറ്റ്, ചൂട്, തണുപ്പ് ഇവയെല്ലാം ശരീരത്തിൻ്റെ അടിസ്ഥാന ധാതുക്കളായ വാതം പിത്തം കഫം എന്നിവയ്ക്ക് അടിസ്ഥാനമാണ്. കാറ്റ്, ചൂട്, തണുപ്പ് ഇവ കൊണ്ട് പ്രകൃതിയിൽ ഉണ്ടാകുന്ന അക്രമണം എല്ലാം തന്നെ മനുഷ്യ ശരീരത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇതിനെ തുടർന്ന് വാതം പിത്തം കഫം എന്നത് ഉടലിൽ കുറഞ്ഞോ അല്ലെങ്കിൽ കൂടിയോ രോഗത്തെ ഉണ്ടാക്കുന്നു. ലോകം വലിയ ആറ്റങ്ങളാലും, ശരീരം ചെറിയ ആറ്റങ്ങളാലും നിർമ്മിതമാണ്.. അവസാനം ഈ അണുക്കൾ എല്ലാം തന്നെ വളരെ ചെറിയ ഭാഗങ്ങളായി പിളർന്നു പോകുന്നു. കാറ്റ്,ചൂട്, തണുപ്പ് എല്ലാം തങ്ങുവാൻ വേണ്ടി മൺഭൂതവും ആകാശഭൂതവും സഹായിക്കുന്നതുപോലെ വാത പിത്ത കഫം തങ്ങുന്നതിനായി മൺഭൂത മായിട്ടുള്ള ഉടലും ആകാശ ഭൂതമായുള്ള ഉയിരും സഹായിക്കുന്നു എന്ന് സിദ്ധ വൈദ്യത്തിൽ പറയുന്നു.
- ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ സിദ്ധവൈദ്യ പ്രാക്റ്റീഷണർ എന്ന നിലയിലുള്ള ലേഖികയുടെ സ്വന്തം അഭിപ്രായങ്ങളും, നിരീക്ഷണങ്ങളുമാണ്.