എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാം: മിടുക്കരായ 10,000 വിദ്യാർത്ഥികള്‍ക്ക് പിന്തുണ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിന്‍റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള പിന്നോക്ക പശ്ചാത്തലത്തിൽ നിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് പിന്തുണ ഉറപ്പുനൽകുന്ന പദ്ധതിയാണ് ആശാ സ്കോളർഷിപ്പ്. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. സ്കൂൾ വിദ്യാർത്ഥികൾ, ബിരുദ തലം, ബിരുദാനന്തര ബിരുദ തലം, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും പഠിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ഈ പ്രോഗ്രാം സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത ‘സ്റ്റഡി എബ്രോഡ്’ വിഭാഗം ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദവും അതിനു മുകളിലുമുള്ള വിദ്യാഭ്യാസം നേടുന്നതിന് സഹായം ലഭ്യമാക്കും. 2024 ഒക്ടോബർ 1 വരെ https://www.sbifashascholarship.org എന്ന വെബ്സൈറ്റിലൂടെ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. യോഗ്യതയെയും സമയക്രമത്തെയും കുറിച്ചുള്ള വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് sbiashascholarship@buddy4study.com എന്ന ഇമെയിൽ ഹെൽപ്പ് ലൈനിലും തിങ്കള്‍ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ 011-430-92248 (എക്സ്റ്റൻഷൻ: 303) എന്ന ഫോണ്‍ ഹെൽപ്പ് ലൈനിലും വിവരങ്ങള്‍ അന്വേഷിക്കാവുന്നതാണ്.
ഏറ്റവും പിന്നോക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ആശാ സ്കോളർഷിപ്പ് പ്രോഗ്രാം. 2022-ൽ ആരംഭിച്ച സ്കോളർഷിപ്പ് പ്രോഗ്രാം 3,198 വിദ്യാർത്ഥികൾക്കായി 3.91 കോടി രൂപയുടെ സാമ്പത്തിക സഹായം ഇതിനോടകം നൽകിയിട്ടുണ്ട്. ബാങ്കിംഗിനപ്പുറമുള്ള എസ്ബിഐ സേവനങ്ങളുടെ പ്രധാന മൂല്യം ഉൾക്കൊള്ളുന്ന പദ്ധതിയാണ് ആശാ സ്കോളർഷിപ്പെന്നും എല്ലാവരുടെയും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള നമ്മുടെ രാജ്യത്തിന്‍റെ മുന്നേറ്റത്തിന് സജീവ സംഭാവന നൽകുന്നതാണ് അതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി പറഞ്ഞു.