തെങ്ങിനു തടം മണ്ണിനു ജലം: ഹരിതകേരളം മിഷന്‍ ക്യാമ്പയിൻ
തിരുവനന്തപുരം: വിള പരിപാലനത്തിനോടൊപ്പം മഴവെള്ളം മണ്ണിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ജലസംരക്ഷണ പരിപാടിയെന്ന നിലയില്‍ ‘തെങ്ങിന് തടം മണ്ണിന് ജലം’ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പ്രായോഗിക തലത്തിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്കിലെ ഒരു വാര്‍ഡില്‍ ക്യാമ്പയിന്‍ നടപ്പാക്കും. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടാറുള്ള വാര്‍ഡിനാണ് മുന്‍ഗണന. പരിപാടിയുടെ സംസ്ഥനതല ഉദ്ഘാടനം 2024 സെപ്തംബര്‍ 4 ന് വൈകുന്നരം 4 മണിക്ക് തിരുവനന്തപുരം ജില്ലയില്‍ കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം തെങ്ങുംവിള ക്ഷേത്ര ആഡിറ്റോറിയത്തില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. വി. ശശി എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി. മുഖ്യാതിഥിയാകും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്സണുമായ ഡോ. ടി.എന്‍. സീമ മുഖ്യ പ്രഭാഷണം നടത്തും. ക്യാമ്പയിന്‍ ലോഗോ പ്രകാശനം തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ ഐ.എ.എസ്. നിര്‍വഹിക്കും. ചടങ്ങില്‍ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ് പ്രദേശത്തെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളി കള്‍ക്കും ആദരം അര്‍പ്പിക്കും. തെങ്ങിന് തടം തുറന്ന് കുമ്മായം, പച്ചില, ചാണകം, ചാരം, കല്ലുപ്പ് മറ്റ് ജൈവ വളങ്ങള്‍ തുടങ്ങിയവ ഇട്ടുമൂടുന്ന കാര്‍ഷിക പാരമ്പര്യത്തെ ഭൂമിയ്ക്കായി വീണ്ടെടുക്കാനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. തടം തുറന്ന് പുതയിട്ട തെങ്ങിന്‍ ചുവട്ടില്‍ കൊടിയ വേനലില്‍ പോലും നനവ് നിലനില്‍ക്കും. കാലവര്‍ഷത്തിലെ അവസാന മഴയും തുലാവര്‍ഷവും പരമാവധി സംഭരിക്കുകയാണ് ലക്ഷ്യം. മഴവെള്ളവും മണ്ണും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കം വരുന്ന സ്ഥലവിസ്തൃതി കുറഞ്ഞു വരുന്നതു മുന്നില്‍ കണ്ട് വീട്ടുവളപ്പിലെ ഒരു തെങ്ങാണെങ്കില്‍ പോലും ചുറ്റും തടമെടുക്കുന്നത് ഗുണം ചെയ്യും. തദ്ദേശ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും സംഘാടക സമിതി രൂപീകരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി ക്യാമ്പയിന്‍ നടപ്പാക്കും. കാര്‍ഷിക വികസന സമിതി, കര്‍ഷക സംഘടനകള്‍, കര്‍ഷക തൊഴിലാളികള്‍, യുവജന സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ്ചെയര്‍പേഴ്സണ്‍ഡോ.ടി.എന്‍.സീമ അറിയിച്ചു.