ജനറേറ്റീവ് എഐ ഇന്‍റര്‍നാഷണല്‍ കോണ്‍ക്ലേവ് ജൂലൈ 11, 12 തീയതികളില്‍
തിരുവനന്തപുരം: ജനറേറ്റീവ് എഐ ഇന്‍റര്‍നാഷണല്‍ കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി (എഐ) ന്‍റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്‍റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന സമ്മേളനം കേരളത്തിലും രാജ്യത്തും നിര്‍മ്മിത ബുദ്ധിയുടെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി മാറും. ലോകം മുഴുവന്‍ എഐ തരംഗത്തില്‍ മുന്നേറുന്ന വേളയില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന് പ്രസക്തിയേറെയാണ്. നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരളത്തിന്‍റെ പ്രതിബദ്ധത സമ്മേളനം പ്രകടമാക്കും.
കൊച്ചിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതിക വിദഗ്ധര്‍, ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 11 ന് രാവിലെ 10.15 ന് സമ്മേളനത്തിന് തുടക്കമാകും. നാസയില്‍ നിന്ന് വിരമിച്ച ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് സ്മിത്ത് ആണ് സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. സമ്മേളനത്തിന്‍റെ ആദ്യ ദിവസം വൈകിട്ട് 4.15 ന് ‘ലെസണ്‍സ് ലേണ്‍ഡ് ഫ്രം എ സ്കൈവാക്കര്‍’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു, ഐബിഎം സോഫ്റ്റ്വെയര്‍ പ്രൊഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ എന്നിവരും പ്രഭാഷണം നടത്തും.
സെവിയ എഫ്സി ചീഫ് ഡാറ്റ ഓഫീസര്‍ ഡോ. ഏലിയാസ് സാമോറ സില്ലേരോ, കോമ്പാരസ് സിഇഒ ദിമിത്രി ഗാമര്‍നിക്, ഐബിഎം റിസര്‍ച്ച് എഐ വൈസ് പ്രസിഡന്‍റ് ശ്രീറാം രാഘവന്‍, ഐബിഎം ഡാറ്റ ആന്‍ഡ് എഐ ഫെലോ ട്രെന്‍റ് ഗ്രെ ഡോണാള്‍ഡ്, എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് പ്രൊഫസര്‍ സേതു വിജയകുമാര്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കെഎസ് യുഎം സിഇഒ അനൂപ് അംബിക, മക്കിന്‍സെ ആന്‍ഡ് കമ്പനി പാര്‍ട്ണര്‍ അങ്കുര്‍ പുരി, എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് ചീഫ് ഡാറ്റ ഓഫീസര്‍ അഭിഷേക് ടൊമാര്‍, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് എംഡിയും പാര്‍ട്ണറുമായ അമിത് കുമാര്‍, നാസ്കോം എഐ മേധാവി അങ്കിത് ബോസ് തുടങ്ങിയവര്‍ എഐയുടെ സാധ്യതകളെയും ഭാവിയെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും. കേരളത്തെ എഐ ഡെസ്റ്റിനേഷനായി മാറ്റാനും ഇന്‍ഡസ്ട്രി 4.0 നുള്ള സംസ്ഥാനത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.
കോണ്‍ക്ലേവിനു മുന്നോടിയായി ഐബിഎമ്മുമായി സഹകരിച്ച് തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ടെക് ടോക്ക് സംഘടിപ്പിച്ചിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി വാട്സണ്‍-എക്സ് പ്ലാറ്റ് ഫോമുകളില്‍ നടത്തുന്ന ഹാക്കത്തണ്‍ പുരോഗമിക്കുന്നു. ഡെവലപ്പര്‍മാര്‍, സര്‍വ്വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍, അനലിസ്റ്റുകള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്‍റെ ഭാഗമാകും. ഡെമോകള്‍, ആക്ടിവേഷനുകള്‍, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയും കോണ്‍ക്ലേവില്‍ ഉണ്ടാകും. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന അജണ്ട. പങ്കെടുക്കുന്നവര്‍ക്ക് എഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കും.