സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് കൂടി തുടക്കം
പച്ചത്തുരുത്തുകളുടെ വ്യാപനത്തിനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബൃഹത് കാമ്പയിന് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമാകും. ഇതിന്റെ ഭാഗമായി 1000 ത്തിലധികം പച്ചത്തുരുത്തുകൾ കൂടി തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കും.
ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയില്‍ ഒന്നു വീതം എന്ന തോതില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകള്‍ നടും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ ജില്ലകളിലും നടക്കും. മന്ത്രിമാർ,എം.എൽ.എ മാർ,ജില്ലാ കളക്ടർമാർ,ജനപ്രതിനിധികൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ പച്ചത്തുരുത്തുകളിൽ വൃക്ഷത്തെ നട്ടു കൊണ്ട് പരിപാടികളുടെ ഭാഗമാകും.
തിരുവനന്തപുരം മാണിക്കൽ ഗ്രാമപഞ്ചായത്തിൽ കാവോരം വീഥിയിൽ മന്ത്രി ശ്രീ ജി ആർ അനിൽ പച്ചത്തുരുത്ത് ജില്ലാതല ഉദ്ഘാടനം വൃക്ഷ തൈ നട്ട് നിർവഹിക്കും. തൃശ്ശൂർ അവണൂർ ഗ്രാമപഞ്ചായത്ത് ശാന്ത ഹയർ സെക്കന്ററി സ്കൂളിൽ സേവിയർ ചിറ്റിലപ്പിള്ളി MLA യും കോഴിക്കോട് മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ യും പച്ചത്തുരുത്തുകളുടെ തൈ നടീൽ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല പൊന്നാനി നഗരസഭയിലെ ഈശ്വരമംഗലം കർമ്മ റോഡിൽ പി നന്ദകുമാർ എം.എൽ.എ യും പത്തനംതിട്ട ജില്ല റാന്നി ഗ്രാമപഞ്ചായത്തിൽ പരമ്പരാഗത തിരുവാഭരണ പാതയിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യും പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം നിർവഹിക്കും.
കണ്ണൂർ ഇരിട്ടി നഗരസഭയിൽ എടക്കാനം റിവർ വ്യൂ പോയിന്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ യും വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്തിൽ കാരപ്പുഴ ഡാമിന് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരും ഉദ്ഘാടനം ചെയ്യും.
കാസർഗോഡ് മടിക്കൈ ഗ്രാമപഞ്ചായത്തിൽ വെണ്ണനൂർ അമ്പലം പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണനും, പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കിൻഫ്ര ഇന്റസ്ട്രിയൽ പാർക്ക്, കഞ്ചിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും പച്ചത്തുരുത്ത് ഉദ്ഘാടനം നിർവഹിക്കും.
എറണാകുളം ജില്ലയിൽ കൊച്ചി ചാത്യാത്തിൽ കോർപറേഷൻ മേയർ അഡ്വ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഇടുക്കി അറക്കുളം ഗ്രാമപഞ്ചായത്തിൽ അറക്കുളം PHC ക്ക് സമീപം ജില്ലാ കളക്ടർ ഷീബ ജോർജ് ഐ. എ. എസ് ഉദ്ഘാടനം നിർവഹിക്കും. കോട്ടയം ജില്ലാതല ഉദ്ഘാടനം ജൂൺ 6 ന് നടക്കും. കുമരകം എൽ.പി സ്കൂളിൽ മന്ത്രി വി.എൻ.വാസവൻ പച്ചത്തുരുത്തിൽ വൃക്ഷ തൈ നടും. പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഹരിത കേരളം മിഷന്റെ സഫലമായ പദ്ധതിയാണ് പച്ചത്തുരുത്ത്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമി, മാലിന്യകേന്ദ്രങ്ങളായി മാറിയ പൊതു ഇടങ്ങൾ, തരിശുഭൂമി തുടങ്ങിയവ കണ്ടെത്തി അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്നിവയുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പാക്കി കൂട്ടമായി തൈകൾ നട്ടുവളർത്തുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. അഞ്ചു വർഷം പിന്നിടുമ്പോൾ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ വിവിധ ഇടങ്ങളിലായി 850 ഏക്കർ വിസ്തൃതിയിൽ 2950 പച്ചത്തുരുത്തുകൾ ഹരിതകേരളം മിഷൻ വച്ചുപിടിപ്പിച്ചിട്ടുണ്ട്.