November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കര്‍ഷകന്റെ മകന്‍; പടുത്തുയര്‍ത്തിയത് 24,000 കോടിയുടെ കമ്പനി

1 min read

രാജ്യത്തെ ഏറ്റവും വലിയ ഡിസ്‌ക്കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സിറോധയെ മറികടന്ന ഒരു പ്ലാറ്റ്‌ഫോമുണ്ട്, ഗ്രോ. സജീവ നിക്ഷേപകരുടെ അടിസ്ഥാനത്തില്‍ ഇന്ന് ഗ്രോ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം. വളരെ കുറച്ച് സമയത്തിനുള്ളില്‍ 24,000 കോടി രൂപയുടെ ഒരു കമ്പനിയാണ് ലളിത് കേശ്രെയുടെ നേതൃത്വത്തിലുള്ള നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് കെട്ടിപ്പടുത്തത്. പ്രചോദനാത്മകമായ ആ കഥയിലേക്ക്…

2016ലായിരുന്നു സംഭവം. രാജ്യത്തെ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിലെ നാല് ജീവനക്കാര്‍ ജോലി രാജിവെക്കുന്നു. ലളിത് കേശ്രെ, ഹര്‍ഷ് ജെയിന്‍, ഇഷാന്‍ ബന്‍സാല്‍, നീരജ് സിംഗ് എന്നിവരായിരുന്നു ആ സംഘം. പുതിയൊരു സംരംഭമായിരുന്നു അവരുടെ മനസില്‍. നിക്ഷേപം എളുപ്പമാക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം, അഥവാ നിക്ഷേപത്തെ ജനകീയവല്‍ക്കരിക്കുന്ന ഒരു സംരംഭം. ഇതിനായാണ് അവര്‍ ജോലി ഉപേക്ഷിച്ചത്. അവര്‍ ഈ സംരംഭത്തെ ഗ്രോ (Groww) എന്ന് വിളിക്കുകയും 2017 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിക്ഷേപിക്കാന്‍ കൈയില്‍ കാശുണ്ടായിട്ടും ഔപചാരികമായി നിക്ഷേപരംഗത്തേക്ക് എത്താത്ത വ്യക്തികളെ ലക്ഷ്യമിട്ടായിരുന്നു സംരംഭത്തിന്റെ തുടക്കം.

മൂലധന വിപണിയില്‍ ആകൃഷ്ടരായ നാല് ലജ്ജാശീലരായ ടെക്കികളായിരുന്നു അവര്‍. ഇന്ത്യയിലെ സാമ്പത്തിക സേവനങ്ങള്‍ എളുപ്പവും ആക്‌സസ് ചെയ്യാവുന്നതുമാക്കാന്‍ അവര്‍ ആഗ്രഹിച്ചു. ലോകമെമ്പാടും ഇ-കൊമേഴ്സ് മേഖല വിപ്ലവം തീര്‍ത്തതു പോലെ, നിക്ഷേപം തടസ്സരഹിതമാക്കാനാണ് അവര്‍ ആഗ്രഹിച്ചത്. ഏഴ് വര്‍ഷം മുമ്പ്, ഇന്ത്യന്‍ കുടുംബങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പെനട്രേഷന്‍ വളരെ കുറവായിരുന്നു, സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളുടെ (എസ്‌ഐപി) പ്രതിമാസ ഇന്‍ഫ്‌ളോ 5,000 കോടി രൂപയില്‍ താഴെയായിരുന്നു. അപ്പോഴായിരുന്നു ഈ ചെറുപ്പക്കാരുടെ സാഹസം.

ഇ-കൊമേഴ്സ് വ്യവസായത്തില്‍ ഡിസ്‌റപ്ഷന്‍ കൊണ്ടുവന്ന സമാന സാങ്കേതികവിദ്യയും ഉപഭോക്തൃ കേന്ദ്രീകൃതമായ ശൈലികളും ഉപയോഗിച്ച് സാമ്പത്തിക സേവനങ്ങളില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഫ്‌ളിപ്കാര്‍ട്ടില്‍ ജോലി ചെയ്തിരുന്ന അനുഭവം വെച്ച് ആ യുവ എന്‍ജിനീയര്‍മാര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

പരമ്പരാഗത ധനകാര്യ സേവനങ്ങള്‍ അരങ്ങ് വാണിരുന്ന വിപണിയില്‍ ഒരു ഡിസ്‌റപ്ഷന്‍ വരുത്തുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. എന്നാല്‍ ഇനിയും ഓഹരി വിപണിയിലും മ്യൂച്ച്വല്‍ ഫണ്ടിലുമൊന്നും എത്താത്ത ടാപ് ചെയ്യപ്പെടാത്ത വലിയൊരു സമൂഹത്തിലേക്ക് സേവനങ്ങള്‍ എത്തിച്ചാല്‍ വമ്പന്‍ സാധ്യതകള്‍ മുന്നിലുണ്ട് എന്നതായിരുന്നു ഇവരുടെ ആത്മവിശ്വാസത്തിന് കാരണം.

മ്യൂച്ച്വല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമായാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ബെംഗളൂരു ആസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. സെബിയുടെ അനുമതിയുള്ള സ്റ്റോക്ക് ബ്രോക്കറായി ഗ്രോ മാറിയത് 2020ലാണ്. അവിടെ നിന്ന് നാല് വര്‍ഷത്തിനുള്ളില്‍ സിറോധയെ വരെ മറികടക്കുന്ന തലത്തിലേക്ക് ഇവര്‍ വളര്‍ന്നു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

ഇന്ത്യയില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ പാകത്തില്‍ വരുമാനമുള്ള 200 മില്യണ്‍ ജനങ്ങളുണ്ട്. എന്നാല്‍ ഇതില്‍ 20 മില്യണ്‍ മാത്രമാണ് സജീവമായി നിക്ഷേപിക്കുന്നത്. ഇതായിരുന്നു ഗ്രോയുടെ മുന്നിലുള്ള സാധ്യത. നിക്ഷേപമെന്ന പ്രക്രിയ ലളിതമാക്കിയാല്‍ അടുത്ത 180 മില്യണ്‍ പേരെ കൂടി സജീവ നിക്ഷേപകരാക്കി മാറ്റാമെന്നുള്ള വിശ്വാസമാണ് ഗ്രോ എന്ന പ്ലാറ്റ്‌ഫോമിനെയും ലളിതിനെയും നയിച്ചത്.

ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ചാണ് ഓഹരി വിപണിയിലേക്ക് കൂടി കടന്നതെന്ന് ഗ്രോ സാരഥികള്‍ പറയുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ്, ഇന്‍ട്രാഡേ ട്രേഡിംഗ്, ഐപിഒകള്‍ തുടങ്ങിയവയെല്ലാം കമ്പനി ലോഞ്ച് ചെയ്തു.

വഴിത്തിരിവുകള്‍

ഫിന്‍ടെക് മേഖലയിലെ ഏറ്റവും ആദരണീയരായ ചില നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപം ജനാധിപത്യവല്‍ക്കരിക്കുന്ന ഗ്രോവിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനായി രംഗത്തെത്തി. 2019 ജനുവരിയിലാണ് ഗ്രോ സീരീസ് എ ഫണ്ടിംഗിലൂടെ 6.2 മില്യണ്‍ ഡോളര്‍ സമാഹരിച്ചത്. സെക്വോയ ഇന്ത്യയായിരുന്നു നിക്ഷേപ റൗണ്ട് ലീഡ് ചെയ്തത്. അമേരിക്കന്‍ സീഡ് ആക്‌സിലറേറ്ററായ വൈ കോമ്പിനേറ്റര്‍, പ്രപ്പല്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, കൗഫ്മാന്‍ ഫെല്ലോസ് തുടങ്ങിയവരും നിക്ഷേപത്തിന്റെ ഭാഗമായി. 2018ല്‍ മുകേഷ് ബന്‍സാല്‍ ഉള്‍പ്പടെയുള്ള നിക്ഷേപകരില്‍ നിന്നും ഗ്രോ സീഡ് ഫണ്ടിംഗ് സമാഹരിച്ചിരുന്നു.

2019 സെപ്റ്റംബറില്‍, യുഎസ് ആസ്ഥാനമായുള്ള വിസി സ്ഥാപനമായ റിബിറ്റ് ക്യാപിറ്റലില്‍ നിന്ന് സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ ഗ്രോ 21.4 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. അപ്പോള്‍ നിലവിലുള്ള നിക്ഷേപകരായ സെക്വോയ ഇന്ത്യ, വൈ കോമ്പിനേറ്റര്‍ എന്നിവരില്‍ നിന്നുള്ള പങ്കാളിത്തവും ആ റൗണ്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷം 2020 സെപ്റ്റംബറില്‍ വൈ സി കണ്ടിന്യൂറ്റി നയിച്ച നിക്ഷേപറൗണ്ടിലൂടെ 30 മില്യണ്‍ ഡോളര്‍ കൂടി സമാഹരിച്ച് ഗ്രോ പ്രവര്‍ത്തനം വിപുലപ്പെടുത്തി. നിക്ഷേപ ഒഴുക്ക് വീണ്ടും തുടര്‍ന്നു.

2021 ഏപ്രിലില്‍, സീരീസ് ഡി റൗണ്ടില്‍ 83 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ലളിതിന്റെ സംരംഭത്തിനായി. ഗ്രോയുടെ നിലവിലുള്ള നിക്ഷേപകരായ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, റിബിറ്റ് ക്യാപിറ്റല്‍, വൈസി കണ്ടിന്യുറ്റി, പ്രൊപ്പല്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ് ധനസമാഹരണത്തിന് നേതൃത്വം നല്‍കിയത്.

2021 ഒക്‌റ്റോബര്‍ ആയപ്പോഴേക്കും കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സീരീസ് ഇ ഫണ്ടിംഗിലൂടെ സമാഹരിച്ച 251 മില്യണ്‍ ഡോളര്‍ നിക്ഷേപമായിരുന്നു മൂല്യം ഉയര്‍ത്തിയത്. ആല്‍ക്കിയോണ്‍, ലോണ്‍ പൈന്‍ കാപ്പിറ്റല്‍, സ്റ്റെഡ്ഫാസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് നിക്ഷേപകര്‍ക്കൊപ്പം ഐക്കണിക്ക് ഗ്രോത്ത് ആണ് ഈ നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, റിബിറ്റ് ക്യാപിറ്റല്‍, വൈസി കണ്ടിന്യുറ്റി, ടൈഗര്‍ ഗ്ലോബല്‍, പ്രൊപ്പല്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് എന്നിവയുള്‍പ്പെടെ ഗ്രോയുടെ നിലവിലുള്ള നിക്ഷേപകരും ആ റൗണ്ടില്‍ പങ്കെടുത്തു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

സിറോധയെ കീഴ്‌പ്പെടുത്തുന്നു

2021ലാണ് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സിലേക്ക് ഗ്രോ കടക്കുന്നത്. ഇത് മികച്ച നീക്കമായി വിലയിരുത്തപ്പെട്ടു. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാവുകയും ചെയ്തു. 2023 സാമ്പത്തിക വര്‍ഷത്തില്‍ഗ്രോയുടെ ബ്രോക്കിംഗ് വരുമാനത്തിന്റെ 80 ശതമാനത്തോളം വന്നത് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് ബിസിനസില്‍ നിന്നായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു ഗ്രോയുടെ യാത്രയിലെ ഏറ്റവും വലിയ നാഴികക്കല്ല് പിന്നിട്ടത്. സ്റ്റോക്ക് മാര്‍ക്കറ്റ് വ്യവസായത്തെ മാറ്റിമറിച്ച സിറോധയെന്ന വമ്പന്‍ പ്ലാറ്റ്‌ഫോമിനെ മലര്‍ത്തിയടിക്കാന്‍ ഗ്രോക്ക് സാധിച്ചു. എന്‍എസ്ഇയിലെ ആക്റ്റീവ് ഇന്‍വെസ്‌റ്റേഴ്‌സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ബ്രോക്കറേജ് കമ്പനിയായി ഗ്രോ മാറി. 6.63 മില്യണ്‍ ആക്റ്റീവ് നിക്ഷേപകരായിരുന്നു അന്ന് ഗ്രോ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്. 2023 ഡിസംബര്‍ ആയപ്പോഴേക്കും ആക്റ്റീവ് ക്ലൈന്റ്‌സിന്റെ എണ്ണം 7.6 മില്യണ്‍ ആയി ഉയര്‍ന്നു. 2022 ഡിസംബറില്‍ ഇത് 5.1 മില്യണ്‍ മാത്രമായിരുന്നു. ഇന്ത്യയിലാകെ 36.2 മില്യണ്‍ ആക്റ്റീവ് നിക്ഷേപകരാണുള്ളത്. ഇവരുടെ എണ്ണത്തില്‍ പ്രതിമാസം 3.6 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടാകുന്നുണ്ട്.

2023ല്‍ തന്നെ ഇന്ത്യ ബുള്‍സിന്റെ അസറ്റ് മാനേജ്‌മെന്റ് ബിസിനസ് ഏറ്റെടുത്ത് അതിനെ ഗ്രോ മ്യൂച്ച്വല്‍ ഫണ്ട് എന്ന് റീബ്രാന്‍ഡ് ചെയ്തു കമ്പനി.

മറ്റ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വ്യത്യസ്തം

മറ്റ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വളരെ വേഗം ലാഭത്തിലേക്കെത്താന്‍ ഗ്രോയ്ക്കായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി കമ്പനി ലാഭത്തിലായി. 1,277.8 കോടി രൂപയുടെ വരുമാനവും 448.8 കോടി രൂപയുടെ അറ്റാദായവും നേടാന്‍ ലളിതിനും കൂട്ടര്‍ക്കും സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

2022ല്‍ വ്യക്തിഗത വായ്പാ രംഗത്തേക്കും ഗ്രോ കടന്നിരുന്നു. ഗ്രോ ക്രെഡിറ്റ്‌സര്‍വ് ടെക്‌നോളജി എന്ന പേരില്‍ എന്‍ബിഎഫ്‌സി ലൈസന്‍സ് നേടിയായിരുന്നു പുതിയ മേഖലയിലേക്ക് കടന്നത്. ഗ്രോ പേ സര്‍വീസസ് എന്ന വിഭാഗത്തിലൂടെ കണ്‍സ്യൂമര്‍ പേമെന്റ്‌സ് രംഗത്തേക്കും കമ്പനി ബിസിനസ് വ്യാപിപ്പിച്ചു. കൂടുതല്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

പിന്നില്‍ ഇവര്‍

ലളിത് കേശ്രെ

ഗ്രോയുടെ സഹസ്ഥാപകനും സിഇഒയുമാണ് ലളിത്. കമ്പനിയെ മുന്നില്‍ നിന്ന് നയിക്കുന്നത് ലളിതാണ്. ലളിത് ബിസിനസിന്റെ എല്ലാ വശങ്ങളും ശ്രദ്ധിക്കുന്നു, പ്രധാനമായും ഗ്രോയുടെ ഉല്‍പ്പന്ന, ഉപഭോക്തൃ മേഖലകളിലാണ് ശ്രദ്ധ. ഗ്രോ ആരംഭിക്കുന്നതിന് മുമ്പ്, ലളിത് ഫ്‌ളിപ്പ്കാര്‍ട്ടില്‍ സീനിയര്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് റോളിലായിരുന്നു പ്രവര്‍ത്തിച്ചത്. അവിടെ അദ്ദേഹം ഫ്‌ളിപ്പ്കാര്‍ട്ട് ക്വിക്ക് ആരംഭിക്കുന്നതിന് നേതൃത്വം നല്‍കി. ഫ്‌ളിപ്പ്കാര്‍ട്ട് മാര്‍ക്കറ്റ് പ്ലേസ് തുടങ്ങുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. നേരത്തെ, ലളിത് എഡ്യൂഫ്‌ളിക്‌സ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ലേണിംഗ് കമ്പനി സ്ഥാപിച്ചിരുന്നു, കൂടാതെ ഇട്ടിയം സിസ്റ്റംസിലെ ആദ്യകാല ടീം അംഗവുമാണ്. ഐഐടി ബോംബെയിലായിരുന്നു പഠനം.

ഹര്‍ഷ് ജെയിന്‍

ഗ്രോയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഹര്‍ഷ് ജെയ്ന്‍ ഗ്രോത്ത് ആന്‍ഡ് ബിസിനസ്സ് മേധാവിയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രോയ്ക്ക് മുമ്പ്, ഹര്‍ഷ് ഫ്‌ളിപ്കാര്‍ട്ടിലെ ഉല്‍പ്പന്ന മാനേജ്‌മെന്റ് ടീമിന്റെ ഭാഗമായിരുന്നു. അതിന് മുമ്പ്, ഹര്‍ഷ് ഒരു സ്റ്റോറി ടെല്ലിംഗ് സ്റ്റാര്‍ട്ടപ്പിനും തുടക്കമിട്ടിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി-ടെക്കും ഡല്‍ഹി ഐഐടിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. യുസിഎല്‍എ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് പ്രൊഡക്റ്റ് മാനേജ്മെന്റിലും മാര്‍ക്കറ്റിംഗിലും എംബിഎ നേടിയിട്ടുണ്ട്.

നീരജ് സിംഗ്

ഗ്രോയുടെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് നീരജ് സിംഗ്. പ്രൊഡക്റ്റ് ഡെവലപ്‌മെന്റും കസ്റ്റമര്‍ റീസര്‍ച്ചുമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എന്‍ജിനീയറിംഗാണ് നീരജിന്റെ പാഷന്‍. കോഡിംഗില്‍ മികച്ച വൈദഗ്ധ്യമുണ്ട്. നീരജ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ എന്‍ജിനീയറിങ് മാനേജരായിരുന്നു, കൂടാതെ ഗ്രോ ആരംഭിക്കുന്നതിന് മുമ്പ് ഫ്‌ളിപ്പ്കാര്‍ട്ട് കസ്റ്റമര്‍ റിട്ടേണ്‍സ്, റീഫണ്ട് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ചിട്ടുണ്ട്. ഗ്വാളിയോറിലെ ഐടിഎമ്മില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിഇ ബിരുദവും സിഡിഎസിയില്‍ നിന്ന് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗില്‍ പിജി ഡിപ്ലോമയും നീരജ് നേടിയിട്ടുണ്ട്.

ഇഷാന്‍ ബന്‍സാല്‍

ഗ്രോയുടെ സഹസ്ഥാപകനും ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറുമാണ് ഇഷാന്‍. സാമ്പത്തികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കുന്നത് ഇഷാനാണ്.
നേരത്തെ, ഫ്‌ളിപ്കാര്‍ട്ടിലെ കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് ഡൊമെയ്നില്‍ ഇഷാന്‍ ജോലി ചെയ്തിരുന്നു. നാസ്‌പേഴ്‌സില്‍ കോര്‍പ്പറേറ്റ് വികസനവും എം&എയും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ബിറ്റ്‌സ് പിലാനിയില്‍ നിന്ന് ബിരുദം നേടിയ ഇഷാന്‍, ജംഷഡ്പൂരിലെ എക്‌സ്എല്‍ആര്‍ഐയില്‍ നിന്ന് ധനകാര്യത്തില്‍ എംബിഎ നേടി. സിഎഫ്എ ചാര്‍ട്ടര്‍ ഹോള്‍ഡറാണ്.

Maintained By : Studio3