പ്രതിദിനം 365 സർവീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്
കൊച്ചി: വേനല്‍ കാലത്ത് ഉണ്ടായേക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതായി അറിയിച്ചു. 2024 ലെ സമ്മർ ഷെഡ്യൂളിന്‍റ ഭാഗമായി വിവിധ ബിസിനസ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365-ലധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സര്‍വ്വീസുകളും 109 അന്താരാഷ്ട്ര സര്‍വ്വീസുകളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിദിനം 55 ആഭ്യന്തര സർവീസുകളും 19 അന്താരാഷ്ട്ര സർവീസുകളും ഈ വർഷം കൂടുതലുണ്ട്. ആഭ്യന്തര സര്‍വ്വീസില്‍ 25 ശതമാനത്തിന്‍റെയും അന്താരാഷ്ട്ര സര്‍വ്വീസില്‍ 20 ശതമാനത്തിന്‍റെയും വര്‍ധനവ്. അബുദാബി, ദമ്മാം, ജിദ്ദ, ഷാർജ തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മംഗലാപുരം, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, അയോധ്യ, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള ആഭ്യന്തര, അന്തര്‍ദേശീയ സര്‍വ്വീസുകളുടെ എണ്ണം കൂടി വർധിപ്പിച്ചുകൊണ്ട് വേനൽകാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകിക്കൊണ്ട് നാല് തരം ഫെയറുകള്‍ എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ചെയിഞ്ച് ഫീ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യാത്രാ തീയതി മാറ്റാൻ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ്, ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന എക്സ്പ്രസ് ബിസ് എന്നിവയാണ് 4 നിരക്കുകള്‍. ഹോളി ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഗൊർമേർ ഇന്‍-ഫ്ളൈറ്റ് ഡൈനിംഗ് മെനുവിലേക്ക് പരമ്പരാഗത ഇന്ത്യന്‍ മധുരപലഹാരമായ `ഗുജിയ`യും കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൃത്യസമയത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍ എന്ന സ്ഥാനവും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനാണ്.