ബജറ്റില്‍ ടൂറിസം മേഖലയ്ക്ക് മികച്ച പരിഗണന: ടൂറിസം മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസമെന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വിനാദസഞ്ചാര മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചുവെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 351.42 കോടി രൂപയാണ് വിവിധ ടൂറിസം പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി വകയിരുത്തിയിട്ടുള്ളത്. ഇത് പദ്ധതികള്‍ക്ക് വളര്‍ച്ചയും വേഗവും നല്‍കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുമുള്ള ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കാനാണ് സഞ്ചാരികള്‍ താത്പര്യപ്പെടുന്നത്. ഇത് യാത്രികര്‍ക്കിടയില്‍ കേരളത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ക്കുള്ള പ്രോത്സാഹനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2024-25 ലെ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യവും നിലവാരവും മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കുകയും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍സാധ്യതയും വരുമാനവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 136 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ദേശീയ, അന്തര്‍ദേശീയ വിപണിയുടെ ശ്രദ്ധാകേന്ദ്രമായി തീരുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ടൂറിസം വിപണന പദ്ധതികള്‍ക്കായി 78.17 കോടി നീക്കിവച്ചിട്ടുണ്ട്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനു(കെഎഫ്സി)മായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതി ടൂറിസം മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തെ സഹായിക്കുന്നതാണ്. 5000 കോടിയുടെ നിക്ഷേപ വളര്‍ച്ചയെ ഇത് ത്വരിതപ്പെടുത്തും. ഇതുവഴി മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 ഹോട്ടല്‍ മുറികളുടെയും ലോകോത്തര കണ്‍വെന്‍ഷന്‍ സെന്‍ററുകളുടെയും നിര്‍മ്മാണവും സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും പരിപാലനവും പ്രോത്സാഹനവും ഉറപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കായി 24 കോടി, വിനോദസഞ്ചാര മേഖലയില്‍ നൈപുണ്യവും ഗുണമേന്‍മയുമുള്ള മാനവ വിഭവ ശേഷി സൃഷ്ടിക്കുന്ന പദ്ധതിക്കായി 17.15 കോടി, ഉത്തരവാദിത്ത ടൂറിസം മേഖലയ്ക്കായി 15 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതികള്‍ സംസ്ഥാന ടൂറിസം മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ, സുസ്ഥിര ടൂറിസം കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നതാണ്.
മുസിരിസ് ഹെറിറ്റേജ് ആന്‍ഡ് സ്പൈസ് റൂട്ട്, റിവര്‍ ക്രൂയിസ് ഹെറിറ്റേജ് ആന്‍ഡ് സ്പൈസ് റൂട്ട് പദ്ധതികള്‍ നടപ്പാക്കുന്നതിനായി 14 കോടിയും, ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 9.96 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സബ്സിഡികള്‍, ഇന്‍സെന്‍റീവുകള്‍ എന്നിവ നല്‍കി വിനോദസഞ്ചാര മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അടിസ്ഥാനസൗകര്യ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്ന പദ്ധതിക്കായി 15 കോടിയാണ് അനുവദിച്ചിട്ടുള്ളത്. കെടിഡിസിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി, ഇക്കോ ടൂറിസം മേഖലയെ ശക്തിപ്പെടുത്താന്‍ 1.90 കോടി, തെന്‍മല ഇക്കോ ടൂറിസത്തിനായി 2 കോടി എന്നിവയും ബജറ്റില്‍ പരിഗണന ലഭിച്ചവയാണ്. കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം എന്നീ ഡെസ്റ്റിനേഷനുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, വിശ്രമകേന്ദ്രം, റെസ്റ്റോറന്‍റുകള്‍, മിനി മറീന, യാട്ട് ഹബ്ബ് എന്നിവ വികസിപ്പിക്കും. പാതയോരങ്ങളില്‍ സഞ്ചാരികള്‍ക്കായി റീഫ്രഷ്മെന്‍റ് സൗകര്യങ്ങളോടു കൂടിയ ട്രാവല്‍ ലോഞ്ച് നിര്‍മ്മിക്കും. സംസ്ഥാനത്ത് നിലവിലുള്ള 24 അതിഥി മന്ദിരങ്ങള്‍, 4 യാത്രിനിവാസുകള്‍, 2 കേരള ഹൗസുകള്‍ എന്നിവയ്ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.