സ്വാശ്രയത്വം രാജ്യത്തിന്‍റെ സ്വയംപര്യാപ്തതയ്ക്ക് അനിവാര്യം: ഡോ. ജി. സതീഷ് റെഡ്ഡി
തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ ആവശ്യമുള്ള തന്ത്രപ്രധാനമായ വസ്തുക്കളുടെ കാര്യത്തിലും അവയുടെ നിര്‍മ്മാണത്തിലും സ്വയംപര്യാപ്തത ആര്‍ജ്ജിക്കുക എന്നത് രാഷ്ട്രത്തിന് ആത്മനിര്‍ഭരത (സ്വയംപര്യാപ്തത) കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രിയുടെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പാപ്പനംകോട് ക്യാമ്പസില്‍ സ്ട്രാറ്റജിക് മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് ടെക്നോളജീസ് എന്ന വിഷയത്തില്‍ നടന്ന ഇന്‍ഡസ്ട്രി കണക്ട് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് കൂടിയായ അദ്ദേഹം.
തന്ത്രപ്രധാന മേഖലകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. പ്രകൃതിവിഭവങ്ങളുടെ ലഭ്യത നിര്‍ണാകയമാണ് അവയുടെ ദൗര്‍ലഭ്യം ഉണ്ടായാല്‍ രാജ്യം മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ഡോ. റെഡ്ഡി പറഞ്ഞു. ഗവേഷണവും വികസനശാലകളും വ്യവസായവും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. വ്യാവസായികവും വാണിജ്യപരവുമായി ലാഭകരമാകുന്ന ഒരു ഉത്പന്നം എങ്ങനെ നിര്‍മ്മിക്കുമെന്ന് പരീക്ഷണശാലകള്‍ അറിഞ്ഞിരിക്കണം. അത് വ്യവസായത്തിന് ഗുണകരമാകും. ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഉത്പാദനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും നിര്‍ണായകമാണെന്ന് ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ (ഡിആര്‍ഡിഒ) മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. റെഡ്ഡി പറഞ്ഞു.
നിരവധി മെറ്റീരിയലുകള്‍ സംബന്ധിച്ച് വിവിധ പരീക്ഷണശാലകളില്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി രാജ്യം വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ധാതുക്കളുടെ ലഭ്യതയെക്കുറിച്ച് പടിഞ്ഞാറന്‍ തീരത്ത് ഉള്‍പ്പെടെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ രാജ്യത്തിന് പുറത്തുനിന്നുള്ള പലതിനെയും ആശ്രയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പിന്തുണ നല്‍കുന്നതിന് പുറമേ, സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളും വിവിധ സ്ഥലങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയ്ക്ക് വേണ്ട സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനാണ് രാജ്യം മുമ്പ് ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോഴാകട്ടെ നമ്മുടെ രാജ്യത്ത് അവ നിര്‍മ്മിച്ച് കഴിയുമെങ്കില്‍ അത് കയറ്റുമതി ചെയ്യുന്നതിനാണ് ശ്രമമെന്നും സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.